
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനു മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്രസർക്കാരും ബിജെപിയും. പ്രഖ്യാപിത ലക്ഷ്യങ്ങളായ വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) കർശനമാക്കാനുള്ള ഭേദഗതി, ഒരിക്കൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയ നിയമം (ഡീലിമിറ്റേഷൻ) എന്നിവ പാസാക്കിയെടുക്കാനുള്ള തീവ്രയത്നത്തിലായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘം. തൃണമൂൽ കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവ പിളർന്നു, ശരദ് പവാറിന്റെ എൻസിപിയുടെ പിന്തുണ മിക്കവാറും ഉറപ്പായി. ഇരുസഭകളിലും എൻഡിഎ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തുകയും ചെയ്തു. നേരത്തേ തന്നെ, ആപ്പിന്റെ ഏഴ് എംപിമാർ രാഘവ് ഛദ്ദയുടെ നേതൃത്തിൽ ബിജെപിയിൽ ചേർന്നിരുന്നു.
പക്ഷേ, 2026 ജൂലായ് 20-ന് സമ്മേളനം ആരംഭിച്ചപ്പോഴേക്കും കളി മാറി. ഒരുമാസം മുമ്പ് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ തുടങ്ങിവെച്ച പ്രക്ഷോഭമാണ് കാരണം. പിന്തുണയുമായി ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്ക് ജൂൺ 28-ന് നിരാഹാരം തുടങ്ങിയത് ദുർബലമായി ആരംഭിച്ച സമരത്തിന് ജീവൻ പകർന്നു. യുവജനതയുടെ ശ്രദ്ധയും പിന്തുണയും പിടിച്ചുപറ്റിയ പ്രക്ഷോഭം അതിവേഗം ശക്തിയാർജിച്ചു. അടിത്തട്ടിൽ രൂപപ്പെട്ട കൊടുങ്കാറ്റിനെ തിരിച്ചറിയാനും ശരിയായി തിരിച്ചറിയാനും ഉചിതമായ സമയത്ത് കൈകാര്യം ചെയ്യാനും ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങൾക്ക് കഴിഞ്ഞില്ല.
26 ദിവസത്തെ നിരാഹാരത്തെ തുടർന്ന് വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചിട്ടും വാശിയോടെ സമരരംഗത്ത് തുടർന്ന പാറ്റകൾ ഒടുവിൽ ലക്ഷ്യം നേടി- പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ വിശ്വസ്തനെന്നു കരുതപ്പെടുന്ന മന്ത്രി ധർമേന്ദ്രപ്രധാനെ രാജിവെപ്പിച്ചു. അവർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളൊക്കെ അംഗീകരിക്കാൻ കേന്ദ്രം നിർബന്ധിതമായി. പ്രധാനമന്ത്രി മോദിയുടെ പന്ത്രണ്ടുവർഷത്തെ ഭരണകാലത്തെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാവണം ഇത്. പ്രധാന്റെ രാജി ബിജെപിക്ക് വലിയ തിരിച്ചടിയായെന്നും മോദിയുടെ ശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്നും വിലയിരുത്തപ്പെട്ടു. സർക്കാരിന്റെ നിയമനിർമ്മാണ ലക്ഷ്യങ്ങളെ സംബന്ധിച്ചിടത്തോളം പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഏറെക്കുറെ പരാജയമായിരുന്നു.
പ്രധാന നിമിഷങ്ങളിൽ മോദിയും ഷായും സഭയിൽനിന്ന് മാറിനിന്നു. അമിത് ഷാ പേടിച്ചു മാറിനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. അവസാനദിവസങ്ങളിൽ നീറ്റ് ചർച്ചയ്ക്ക് തയ്യാറാണെന്ന് ഷാ അറിയിച്ചെങ്കിലും ആഭ്യന്തരമന്ത്രിയുടെ പ്രഭാഷണത്തിൽ താൽപ്പര്യമില്ലെന്നു പറഞ്ഞ രാഹുൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. സർക്കാർ 12 ബില്ലുകൾ പാസാക്കിയെങ്കിലും 11 എണ്ണത്തിലും കാര്യമായ ചർച്ചകളില്ലായിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് മണ്ഡല പുനർനിർണയത്തിന്റെ ബിൽ അവതരിപ്പിച്ചില്ല, എഫ്സിആർഎ ഭേദഗതി ബില്ല് ജെപിസിക്ക് (സംയുക്ത പാർലമെന്ററി സമിതി) വിട്ടു. ഭരണപക്ഷം ശരിക്കും വഴിമുട്ടിയ പാർലമെന്റ് സമ്മേളനമാണ് കഴിഞ്ഞത്. മാത്രമല്ല, മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഡിഎംകെ തമിഴ്നാട് നിയമസഭയിൽ അതിനെതിരെ ടിവികെ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്തു. കനത്ത തിരിച്ചടികളുടെ മാസം.
പക്ഷേ, സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ പ്രസംഗം രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിച്ചെന്ന് രാഷ്ട്രീയ വിദഗ്ധർ പറയുന്നു. സർക്കാരും പാർട്ടിയും പ്രതിരോധത്തിൽനിന്നു പ്രത്യാക്രമണത്തിന് ഇറങ്ങുന്നതിന്റെ സൂചനകളുണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ. സ്വാതന്ത്ര്യദിനം അലങ്കോലമില്ലാതെ ഗംഭീരമായി നടക്കാൻ ചില വിട്ടുവീഴ്ചകൾ ചെയ്ത കേന്ദ്രത്തിന്റെ പിൻമാറ്റം താൽക്കാലികമായിരുന്നുവെന്ന് വലതുപക്ഷ നിരീക്ഷകർ അവകാശപ്പെടുന്നു. (2021-ൽ കർഷകപ്രക്ഷോഭ കാലത്ത് റിപ്പബ്ലിക് ഡേ അലങ്കോലപ്പെട്ടത് പെട്ടെന്നാരും മറക്കാനിടയില്ല.) പ്രസംഗത്തിൽ മോദി നടത്തിയ ദിമാഗി നക്സൽ (നക്സൽ ബുദ്ധി) പ്രയോഗം മൺസൂൺ സമ്മേളനത്തിന്റെ പരാജയവും സർക്കാരിന്റെ വീഴ്ചകളും മറച്ചുവെക്കാനുള്ള വഴിമാറ്റൽ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നവരും ഉണ്ട്.
മുന്നേറ്റത്തിന് മുമ്പുള്ള പിന്മാറ്റം?
ചെങ്കോട്ടയിൽനിന്നുള്ള മോദിയുടെ പതിമൂന്നാമത് പ്രസംഗം വാർഷിക ചടങ്ങിനപ്പുറം രാഷ്ട്രീയമായ തിരിച്ചുവരവായി കാണുന്നവരുണ്ട്. 'ദിമാഗി നക്സലുകൾ' എന്ന പ്രയോഗം രാഷ്ട്രീയ ശത്രുക്കൾക്കെതിരെ നടത്തിയ പ്രയോഗമാണെന്ന് വ്യക്തം. 'കാടുകളിലെ 'ഹഥ്യാരി നക്സലു'കളെ (സായുധ നക്സലുകളെ) ഇല്ലാതാക്കുന്നതിൽ നാം വിജയിച്ചു; പക്ഷേ, ദിമാഗി നക്സലുകൾ (നക്സൽ മാനസികാവസ്ഥയുള്ളവർ) അക്രമവും അസ്വസ്ഥതയും പടർത്താനുള്ള അവസരം തേടി നടക്കുകയാണ്... സമൂഹത്തെ തെറ്റായ വഴിയേ വലിച്ചിഴയ്ക്കാൻ അവർ ആഗ്രഹിക്കുന്നു'എന്ന് മോദി പറഞ്ഞു. മാവോയിസ്റ്റ് ചിന്താഗതിയുള്ള വ്യക്തികൾ അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാർ സമിതികളിലെ ഉപദേശകരിലൂടെ ഇത്തരക്കാർ മുൻകാലങ്ങളിൽ നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം ആഭ്യന്തരവും അല്ലാത്തതുമായ സുരക്ഷാ ഭീഷണികളിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ആധുനിക സംവിധാനങ്ങളിൽ പരിശീലനം ലഭിച്ച ജീവസ്സുറ്റ ജനകീയ പ്രതിരോധ ശൃംഖല സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ്. യുദ്ധങ്ങൾ ഇന്ത്യയുടെ അതിർത്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്നും റിഫൈനറികളും ബാങ്കിംഗ് മേഖലയും ഡേറ്റാ സെന്ററുകളുമൊക്കെ ലക്ഷ്യമിട്ടുള്ള ഭീഷണികൾ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 മേയിലെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് ജമ്മു കശ്മീരിൽ ജനകീയപ്രതിരോധ വളന്റിയർമാരെ സ്വരുക്കൂട്ടിയിരുന്നു, രാജ്യത്തെ നൂറുകണക്കിന് ജില്ലകളിൽ മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. അതായത്, ദേശീയ സുരക്ഷയ്ക്കായി ജനങ്ങളെ സംഘടിപ്പിക്കുക എന്ന ബിജെപിക്ക് പ്രിയപ്പെട്ട ആശയം അവ്യക്തമായ ഒന്നല്ല.
പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ഉദ്ദേശിച്ച പ്രതികരണമാണോ ഉണ്ടായതെന്ന് വ്യക്തമല്ല. എന്തായാലും മണിക്കൂറുകൾക്കകം ദിമാഗി നക്സൽ പ്രയോഗത്തിനെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായി. കോൺഗ്രസ് നേതാവ് പി. ചിദംബരം 'ദിമാഗി നക്സൽ ആയതിൽ അഭിമാനമുണ്ട്!' എന്ന് എക്സിൽ തിരിച്ചടിച്ചു. അദ്ദേഹത്തിനെതിരെ ബിജെപി വക്താക്കൾ രംഗത്തെത്തി, 2010-ൽ ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ 76 സിആർപിഎഫ് ജവാന്മാർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം വേണ്ട നടപടിയെടുത്തില്ലെന്നും നക്സലുകളെ സംരക്ഷിച്ചെന്നും അവർ ആരോപിച്ചു.
ദിമാഗി നക്സലെന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. ഭഗത് സിങ്ങും അംബേദ്ക്കറും ജീവിച്ചിരുന്നെങ്കിൽ അവർക്കും മോദി ഈ ചാപ്പ കുത്തിക്കൊടുക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി താൻ ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നതിനാൽ ദിമാഗി നക്സലാണെന്ന് എക്സിൽ കുറിച്ചു. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി, നടൻ പ്രകാശ് രാജ്, സിജെപി വക്താവ് സൗരവ് ദാസ് എന്നിവരും പരാമർശത്തെ ശക്തമായി വിമർശിച്ചു. അർബൻ നക്സൽ, രാജ്യവിരുദ്ധൻ, പാറ്റ എന്നിങ്ങനെ സർക്കാരിനെ വിമർശിക്കുന്നവർക്ക് പതിക്കുന്ന ചാപ്പകളിൽ ഏറ്റവും പുതിയതാണ് ദിമാഗി നക്സലെന്ന് പ്രകാശ് രാജ്, വിദ്യാസമ്പന്നരായ യുവാക്കളെ നക്സലെന്നു വിളിക്കുന്നത് തികഞ്ഞ അഹങ്കാരവും പിടിപ്പുകേടുമാണെന്ന് സൗരവ് ദാസ്.
കോലാഹലത്തെ തുടർന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ദിമാഗി നക്സലുകൾ എന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദിമാഗി നക്സലുകൾ മൂന്നു വിഭാഗക്കാരാണ്: 1. സായുധ മാവോയിസ്റ്റ് കലാപങ്ങളെ സജീവമായി പിന്തുണയ്ക്കുകയും ഇന്ത്യൻ ഭരണഘടനയുടെ പരമാധികാരത്തെ പരസ്യമായി തള്ളിക്കളയുകയും ചെയ്യുന്നവർ. 2. വിഘടനവാദ ശക്തികളോട് ചേർന്നുനിൽക്കുകയും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവർ. 3. വടക്കുകിഴക്കൻ ഇന്ത്യയെ രാജ്യത്തുനിന്നു വേർപെടുത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയോ അത്തരം പദ്ധതികളെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വ്യക്തികൾ.
മൂന്നാമത്തെ വിഭാഗത്തെ ന്യായീകരിക്കുന്നതിനായി ഷർജീൽ ഇമാം (സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന നേതാവ്, ഇപ്പോൾ ജയിലിലാണ്) വടക്കുകിഴക്കൻ ഇന്ത്യയെ വേർപെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ക്ലിപ്പ് റിജിജു പങ്കുവെച്ചു. 'ഇത്തരം ആളുകളെ പിന്തുണയ്ക്കുന്നവരെ മാത്രമാണ് ദിമാഗി നക്സലുകൾ എന്ന് വിളിക്കുന്നത്' എന്ന കുറിപ്പിനൊപ്പം. പ്രധാനമന്ത്രിയുടെ പരാമർശം തങ്ങളെക്കുറിച്ചാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ നക്സലായിരിക്കുമെന്നും അതല്ലെങ്കിൽ അവർക്ക് നോവേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
പിന്നീട് മന്ത്രി റിജിജു ഒരു പടികൂടി കടന്ന് കോൺഗ്രസ് ഒരു തരത്തിൽ സ്വയം മാവോയിസ്റ്റ്, നക്സൽ പ്രസ്ഥാനമായി മാറുകയാണെന്ന് ആക്ഷേപിച്ചു. യുപിഎ ഭരണകാലത്ത് രൂപീകരിച്ച, സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതിയിൽ ഇത്തരം പ്രത്യയശാസ്ത്രങ്ങളുള്ളവർക്കായിരുന്നു മുൻതൂക്കമെന്ന് മന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീകരവാദത്തേക്കാൾ അപകടമാണ് ഇടതുപക്ഷ തീവ്രവാദമെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസ്താവിച്ചിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
ശ്രദ്ധതിരിക്കൽ തന്ത്രമോ കടന്നാക്രമണമോ?
കോക്രോച്ച് ജനത പാർട്ടിയുടെ വിജയം, കേന്ദ്രമന്ത്രിയുടെ രാജി, നിശ്ചലമായ പാർലമെന്റ്, ഇടിഞ്ഞ പ്രതിച്ഛായ... സർക്കാർ പ്രതിരോധത്തിലായിരുന്നു എന്നതിൽ തർക്കമില്ല. ഒരേസമയം ഈ പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയും രാഷ്ട്രീയശത്രുക്കളെ കടന്നാക്രമിക്കുകയും ചെയ്യുന്നതായി മോദിയുടെ പ്രസംഗം. ആരും എതിർക്കാൻ മടിക്കുന്ന ജനപ്രിയമായ ഒരു പ്രഖ്യാപനത്തിലൂടെ (ജനകീയ പ്രതിരോധ ശൃംഖല) സുരക്ഷാ വിഷയം സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിനുണ്ടായിരുന്ന ആഖ്യാന മേൽക്കോയ്മ വീണ്ടെടുക്കുക. പിന്നെ, സർക്കാരിന്റെ വിമർശകർക്ക് എളുപ്പത്തിൽ തള്ളിക്കളയാൻ കഴിയാത്ത രീതിയിൽ ആശയപരമായ ആക്രമണം അഴിച്ചുവിടുക. (മാവോയിസ്റ്റ് അനുകൂലികളെ പരസ്യമായി പിന്തുണയ്ക്കാൻ ആരാണ് ആഗ്രഹിക്കുക?) ചിദംബരത്തെയും കേജ്രിവാളിനെയും സർദേശായിയെയും പോലുള്ളവരുടെ പ്രതികരണം തൽക്കാലത്തേക്കെങ്കിലും മോദിയുടെ തന്ത്രം വിജയിച്ചതിന്റെ തെളിവാണ്. പക്ഷേ, ദിമാഗി നക്സൽ പാർട്ടി മറ്റൊരു സിജെപിയായി വളർന്നാൽ ബിജെപി കൂടുതൽ കുഴപ്പത്തിലാവും.
25 വർഷമായി തുടർച്ചയായി അധികാരത്തിലിരിക്കുന്ന മോദിയെ മറ്റു രാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തനാക്കുന്ന കാര്യം വീഴ്ചകളിൽനിന്നു പഠിക്കാനും കൂടുതൽ ശക്തിയോടെ തിരിച്ചുവരാനുമുള്ള ശേഷിയാണ്. 2002-ൽ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ലോകത്തിനു മുന്നിൽ പ്രതിക്കൂട്ടിലായിരുന്ന അദ്ദേഹം 'ഗുജറാത്ത് വികസന മാതൃക' മുന്നോട്ട് വെച്ച് പ്രതിച്ഛായ മാറ്റിയെടുത്തു. തനിക്കെതിരായ വർഗീയ ആരോപണത്തെയും മോദി തന്ത്രപരമായി വിനിയോഗിച്ചുവെന്ന് പിൽക്കാലത്ത് സർദേശായി പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രിക്കസേരയിലെ തുടക്കം അത്ര സുഖകരമായിരുന്നില്ല മോദിക്ക്. ദേശീയതലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർ അവാർഡുകൾ തിരികെ നൽകിയ അവാർഡ് വാപസി പ്രക്ഷോഭം, കാർഷികഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നപ്പോൾ ഉയർന്ന സൂട്ട്-ബൂട്ട് സർക്കാർ ആക്ഷേപം, സിഎഎ, ഷഹീൻബാഗ് സമരങ്ങൾ, ഡൽഹി കലാപം, കർഷകപ്രക്ഷോഭം, മണിപ്പുർ കലാപം എന്നിങ്ങനെ കേന്ദ്രസർക്കാരിനെ വിറപ്പിച്ച നിരവധി പ്രക്ഷോഭങ്ങൾ. ബലം പിടിക്കാതെ പിന്മാറേണ്ട ഘട്ടത്തിൽ പിന്മാറുമെന്നതാണ് മോദിയുടെ പ്രത്യേകത. ഭൂമി ഏറ്റെടുക്കൽ ബില്ലിന്റെയും കാർഷിക നിയമങ്ങളുടെയും കാര്യത്തിലും പ്രധാന്റെ രാജിക്കു സമ്മതിച്ചതിലും നാമതു കണ്ടു. വിഷയം മാറ്റുന്നതാണ് മറ്റൊരു രീതി. ഒരു പ്രശ്നം കീറാമുട്ടിയാകുമ്പോൾ, തങ്ങൾക്ക് മുൻതൂക്കമുള്ള ദേശീയസുരക്ഷ, ആത്മനിർഭരത, പുതിയ ക്ഷേമപദ്ധതികൾ തുടങ്ങിയവ ചർച്ചയാക്കും.
തന്റെ വ്യക്തിപരമായ ജനപ്രീതിയും ഇന്ത്യ കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പുയന്ത്രമായ ബിജെപിയുടെ സംഘടനാ ശക്തിയും ഫലപ്രദമായി ഉപയോഗിച്ച് തിരിച്ചടികളെ അടുത്ത തിരഞ്ഞെടുപ്പിലെ വിജയമാക്കാൻ അദ്ദേഹത്തിനറിയാം. 2024-ലെ പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ബിഹാർ, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ അതിശക്തമായി തിരിച്ചുവന്നത് ഉദാഹരണം. തോൽവികളിൽനിന്നു പഠിക്കാനും മോദിക്കറിയാം. സിജെപി സമരത്തെ തുടർന്ന് അദ്ദേഹം ജെൻസീയുമായി ഇൻസ്റ്റഗ്രാമിൽ സംവാദമാരംഭിച്ചതും സഹപ്രവർത്തകരോട് ആ ആപ്പിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നതും നമ്മൾ കണ്ടു. നീറ്റ പരീക്ഷയുടെ സംവിധാനങ്ങൾ പുതുക്കിപ്പണിയുന്നതിനുള്ള ഏർപ്പാടുണ്ടാക്കിയ പ്രധാനമന്ത്രി അതേ ജാഗ്രത തന്റെ പ്രസംഗത്തെ അകാരണമായി ഇൻസ്റ്റയിൽനിന്നു മുക്കിയ മെറ്റ അധികൃതരെ വിളിച്ചുവരുത്തി ക്ഷമ പറയിക്കുന്നതിലും കാട്ടി.
വിവിധ കാരണങ്ങളാൽ വരുംമാസങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന് നിർണായകമാകും. അവയിലൊന്ന് സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയാണ്. റഷ്യ, ചൈന, ഇറാൻ, സൗദി അറേബ്യ, യുഎഇ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോളശ്രദ്ധ ആകർഷിക്കും. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ എന്നിവയുടെ പ്രധാനമന്ത്രിമാരും ആദ്യസന്ദർശനത്തിനുള്ള വേദിയാക്കി ബ്രിക്സിനെ മാറ്റിയേക്കും. ഈ അന്താരാഷ്ട്ര സമ്മേളനത്തിനിടയിൽ ആഭ്യന്തര അസ്വസ്ഥതകൾ ഉണ്ടായാൽ അത് സർക്കാരിന് ക്ഷീണമാകും. 2021-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദർശനവേളയിലായിരുന്നു ഡൽഹി കലാപം.
സിജെപി പ്രക്ഷോഭത്തിന്റെ വിജയം കാണിച്ചത് യുവജനങ്ങളുടെ സ്ഫോടകാത്മകമായ അസംതൃപ്തിയെയാണ്. അത് അത്ര പെട്ടെന്നൊന്നും തെരുവുകളിൽനിന്ന് അപ്രത്യക്ഷമാവില്ലെന്ന് ഉറപ്പ്. നീറുന്ന സാമൂഹിക വിഷയങ്ങളിൽ നേരിട്ടിടപെടാൻ യുവജനങ്ങൾ മുന്നോട്ടുവന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുകളെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ അത് അഴിച്ചുപണിയും. അതേസമയം, രാഷ്ട്രീയം ക്ഷമയുടെ കൂടി കലയാണ്. അവസാനത്തെ ചിരി ആരുടേതാവും എന്നതാണ് കാണേണ്ടത്.
Content Highlights: Centre faced major setbacks during the 2026 Monsoon Session due to youth protests over NEET and the resignation of Union Minister Dharmendra Pradhan., Prime Minister Narendra Modi countered the political pressure during his Independence Day speech by introducing the 'Dimagi Naxal' (Naxal mindset) narrative., Opposition leaders like P Chidambaram and Arvind Kejriwal reacted strongly to the term, while the BJP defended it by targeting sympathizers of separatist ideologies., The analysis explores Modi's strategic shift from defensive vulnerability to aggressive ideological counter-offensive ahead of upcoming state elections and the BRICS summit.
Published: 18 Aug 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented