
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണെന്ന് ബി.ജെ.പി. മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. വന്ദേമാതരം ഗാനത്തെ അപമാനിച്ച സോണിയ ഗാന്ധിക്കും സ്വാതന്ത്ര്യദിനത്തിൽ ഗാനമാലപിക്കാൻ തയ്യാറാവാത്ത കേരളം മുഖ്യമന്ത്രി വി.ഡി. സതീശനും രാജ്യം മാപ്പുനൽകില്ല. മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
ജെൻ-സി കുട്ടികൾ പറയുന്നതുപോലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണ്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി വി.ഡി. സതീശനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യമന്ത്രിയും ലീഗിന്റെ അടിമയുമാണ് അദ്ദേഹം. ആത്മാർഥതയില്ലാത്ത കള്ളച്ചിരിയാണ് സതീശന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയഗീതത്തെ അപമാനിച്ചതിലൂടെ മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയാഗാന്ധി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശിയായ സോണിയയെ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ കുടുംബത്തിലെ വ്യക്തി പ്രണയിച്ചു. അവരെ ഭാര്യയായും സഹോദരിയായും അമ്മയായും ഒരു വലിയ നേതാവായിപോലും അംഗീകരിച്ച പുണ്യഭൂമിയാണ് ഈ രാജ്യം. ഈ മണ്ണിനെയാണ് സോണിയ നന്ദിയില്ലാതെ അപമാനിച്ചത്. ഈ തിന്മ രാജ്യം പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വി.ഡി. സവർക്കറുൾപ്പെടെ ഏറ്റവും ഉച്ചത്തിൽ പാടി ബ്രിട്ടീഷുകാരെ കിടുകിടാ വിറപ്പിച്ച ദേശീയ ഗീതത്തെയാണ് സോണിയയും സതീശനും നിന്ദിച്ചത്. അതിന് മാപ്പില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് തങ്ങൾ രണ്ട് ചരണങ്ങളേ പാടൂ എന്നാണ്. രാജ്യദ്രോഹികളായ സി.പി.എമ്മുകാർ ഇതിന്റെ മുഴുവൻ ചരണവും പാടണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവരിൽനിന്ന് ആരും അത് പ്രതീക്ഷിക്കുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: AP Abdullakkutty labels Kerala CM VD Satheesan a traitor for allegedly skipping Vandemataram on Independence Day., Accuses the Muslim League and Jamaat-e-Islami of controlling the Chief Minister., Criticizes Sonia Gandhi for allegedly insulting the Vande mataram at the AICC headquarters.
Published: 21 Aug 2026, 06:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented