മുംബൈയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്രോഫിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നു. ക്രിക്കറ്റ് മത്സരം നിർത്തിവെച്ചാണ് ഇരുവരും ഒരുകൂട്ടം ആളുകൾക്കൊപ്പം ആഘോഷത്തിന്റെ ഭാഗമായത്. 

To advertise here,

കളി നിർത്തിവെച്ച ഇരുവരും ദേശീയ പതാകയെത്തിക്കാൻ ആവശ്യപ്പെട്ടു. പതാക ഉയർത്താൻ സ്ഥലത്ത് ക്രമീകരണം ഉണ്ടായിരുന്നില്ല. തുടർന്ന് അക്ഷയ് കുമാർ പതാക കൈയിൽ വാങ്ങി കസേരയിൽ കയറി നിൽക്കുകയായിരുന്നു. പതാക സ്വീകരിക്കുംമുമ്പ് ചെരുപ്പഴിച്ചുവെച്ച അക്ഷയ് കുമാറിന് സാമൂഹികമാധ്യമങ്ങളിൽ വൻ കൈയടിയാണ് ലഭിക്കുന്നത്.

പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ അക്ഷയ് കുമാറിന് ചുറ്റും കൂടി. ടൈഗർ ഷ്രോഫ് അടക്കമുള്ളവർ ദേശീയ ഗാനം ആലപിച്ചു. ദേശീയ പതാകയെ അഭിവാദ്യം ചെയ്താണ് ഇവർ മടങ്ങിയത്.

സ്വാതന്ത്ര്യദിനത്തിൽ അക്ഷയ് കുമാർ സാമൂഹികമാധ്യമങ്ങൾ വഴി ആശംസ നേർന്നു. 'ഓരോ ഹൃദയത്തിലും പ്രതീക്ഷയോടും ഓരോ കണ്ണിലും മെച്ചപ്പെട്ട നാളെയെക്കുറിച്ചുള്ള സ്വപ്‌നത്തോടും കൂടി നമ്മുടെ ത്രിവർണ്ണ പതാകയുടെ പ്രഭാവം എന്നെന്നും നിലനിൽക്കട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. ജയ് ഹിന്ദ്!', അദ്ദേഹം എക്‌സിൽ കുറിച്ചു.