മസ്കറ്റ്: എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ എറണാകുളം റസിഡൻസ് അസോസിയേഷന്റെ (ഇറ) മൂന്നാം വാർഷികവും ഓണാഘോഷവും മിഡിൽ ഈസ്റ്റ് കോളേജ് ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ പോഞ്ഞാശ്ശേരി ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

To advertise here,

വൈസ് പ്രസിഡന്റ് ജിതിൻ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് സയ്യിദ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അലി മുഹമ്മദ്, ഖലീൽ, മുഹമ്മദ് ത്വയ്യിബ്, അജയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാണ് ഇറാ കുടുംബാംഗങ്ങൾ ഇത്തവണത്തെ ഓണം ആഘോഷിച്ചത്. മഹാബലിയുടെ എഴുന്നള്ളത്ത്, പുലിക്കളി, ചെണ്ടമേളം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വടംവലി തുടങ്ങിയ നാടൻ കലാരൂപങ്ങളും മത്സരങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ട്രഷറർ ബിബു കരീം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.