ന്യൂയോര്‍ക്ക്: യോങ്കേഴ്സ് ലിങ്കന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സാത്വിക ഡാന്‍സ് അക്കാഡമിയിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ കലാകാരികള്‍ വിസ്മയം തീര്‍ത്തപ്പോള്‍, കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. സാത്വിക ഡാന്‍സ് അക്കാഡമിക്കും അതിന്റെ സാരഥി ഗുരു ദേവിക നായര്‍ക്കും അഭിമാന നിമിഷങ്ങളായിരുന്നു.

To advertise here,

ഗുരു ദേവിക നായരുടെ സ്വാഗത പ്രസംഗത്തിന് ശേഷം ഗുരു ചന്ദ്രിക കുറുപ്പ്, റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍, കെ.ആര്‍.കുറുപ്പ്, ഗുരു ലക്ഷ്മി കുറുപ്പ്, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, മിത്രാസ് രാജന്‍ ചീരന്‍, മിത്രാസ് ഷിറാസ് യൂസഫ്, വിനേഷ് നായര്‍ എന്നിവര്‍ നിലവിളക്ക് തെളിയിച്ചതിന് ശേഷമാണ് കുട്ടികളുടെ നൃത്തച്ചുവടുകള്‍ ആരംഭിച്ചത്. ഗണപതി സ്തുതിയോടു കൂടിയായിരുന്നു തുടക്കം.

സാത്വിക ഡാന്‍സ് അക്കാഡമി 2016 മുതല്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും കുട്ടികള്‍ക്ക് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നു. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും തന്റേതായ അഭിനയ മികവോട് മുദ്രകള്‍ പറഞ്ഞുകൊടുക്കാനും ചിട്ടയായ പരിശ്രമം അവരെ മികവുറ്റ കലാകാരികള്‍ ആക്കാനും ഗുരു ദേവിക നായരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ഈ പ്രോഗ്രാമിന് ലൈറ്റ് ആന്‍ഡ് സൗണ്ട് നല്‍കിയത് ഫെനു മോഹന്‍, വീഡിയോഗ്രാഫി സോജി മീഡിയ, ഫോട്ടോ ഗ്രാഫി ബിനു സാമുവേല്‍. ഭക്ഷണം ക്രമീകരിച്ചത് നമസ്‌തേ ന്യൂയോര്‍ക്ക് ഇന്ത്യന്‍ റസ്റ്റോറന്റും ആണ്.

ഗുരു ദേവിക നായര്‍ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയാണ്. ഗുരു കലാമണ്ഡലം സുമതി ടീച്ചറുടെ കീഴില്‍ ഇരുപത്തഞ്ചോളം വര്‍ഷം നൃത്തം അഭ്യസിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം, തിരുവാതിര കളി, നാടോടി നൃത്തം, ഫ്യൂഷന്‍ ഡാന്‍സ് എന്നീ നൃത്തകലകളില്‍ പ്രാവീണ്യം നേടിയ കലാകാരിയാണ്. ഭര്‍ത്താവ് വിനേഷ് നായര്‍, രണ്ട് കുട്ടികളോടുമൊപ്പം ന്യൂജേഴ്‌സിയിലാണ് താമസം.

സാത്വിക ഡാന്‍സ് അക്കാഡമി ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റ്‌ചെസ്റ്റര്‍, ന്യൂജേഴ്‌സിയിലെ പരാമസ്, ലിവിങ്സ്റ്റണ്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുന്നു.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍