ഉല്ലാസയാത്ര- ബഹു മന്ത്രി ഷാജിയുടെ ഉല്ലാസയാത്ര !
പലപ്പോഴും എഴുതിയിട്ടുള്ളതുപോലെ ഞാൻ യൂറോപ്പിൽ കുറെക്കാലം കുടുംബ സമേതം താമസിച്ച ആളാണ്. ഞാനൊരുപാട് യാത്രചെയ്തിട്ടുള്ള ഇടങ്ങളാണ് ഹംഗറിയും റൊമാനിയയും ബൾഗേറിയയും.. ! ആരും എന്റെ പെണ്ണുമ്പിള്ളയോട് പറയില്ലെങ്കിൽ ഞാനൊരു രഹസ്യം പറയാം. ബൾഗേറിയൻ തലസ്ഥാനമായ സോഫിയക്കടുത്ത് എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു..മാഗ്സ് എന്ന് ഞാൻ വിളിച്ചിരുന്ന ആപ്പിൾ പോലെയുള്ള മാർഗറ്റീറ്റ ! ബൾഗേറിയ എന്ന് കേട്ടപ്പോഴേക്കും ചില മാധ്യമ സുഹൃത്തുക്കളുടെ മനസ്സിൽ മഞ്ഞുമലകളും, സ്കീയിംഗും, ചൂടുള്ള പല വസ്തുവകകളും മന്ത്രി ഷാജി സാർ സൺഗ്ലാസ് വെച്ച് ഹിമപാതത്തിൽ റീൽസ് എടുക്കുന്നതുമൊക്കെ തെളിഞ്ഞു വന്നിരുന്നു എന്നു തോന്നുന്നു! അങ്ങിനെ അവർ തലക്കെട്ട് റെഡിയാക്കി "മന്ത്രിയുടെ ഉല്ലാസയാത്ര!” പക്ഷേ ചെങ്ങായിമാരെ , സത്യമറിഞ്ഞാൽ ആ തലക്കെട്ടും തലേക്കെട്ടും നാണിച്ചുപോകും. ശരിക്കും അവിടെ എന്താണ് നടന്നത് എന്നറിയാണോ ?
170-ലധികം രാജ്യങ്ങളിൽ വേരുകളുള്ള, പ്രവാസി മലയാളികളുടെ സ്വന്തം കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) പത്താം വാർഷികവും യൂറോപ്പ് ഫാമിലി മീറ്റും 2026 സെപ്റ്റംബർ 19 മുതൽ 21 വരെ ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള താരത്യമെന്യ ചെലവുകുറഞ്ഞ ബൊറോവെറ്റ്സ് എന്ന നഗരത്തിൽ നടന്നിരുന്നു . ''ആ ചടങ്ങുകളിലെ മുഖ്യാതിഥിയായിരുന്നു നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ലോകത്തിന്റെ പല കോണുകളിൽ രാവും പകലും പണിയെടുക്കുന്ന പ്രവാസികൾ സ്വന്തം സമ്പാദ്യത്തിൽ നിന്ന് പിരിച്ചെടുത്ത പണം കൊണ്ടാണ് ചടങ്ങുകൾ നടത്തിയതും ഷാജി സാറിനെ അതിഥിയായി ക്ഷണിച്ച് വരുത്തിയതും . എന്തിനായിരുന്നു എന്ന് ചോദിക്കൂ ? നാട്ടിലെ ഒരു ഭരണാധികാരിയോട് നേരിട്ട് "സാറേ, ഞങ്ങൾക്കും ചിലത് പറയാനുണ്ട്" എന്ന് പറയാനൊരു വേദി കിട്ടാൻ. അവിടെ നടന്ന ചർച്ചകളുടെ വിഷയങ്ങൾ താഴെ കൊടുക്കുന്നു.
- ലോകത്ത് എവിടെയിരുന്നും പ്രവാസിക്ക് സ്വന്തം നാട്ടിലെ ഗ്രാമസഭയിൽ പങ്കെടുക്കാൻ ഓൺലൈൻ ഗ്രാമസഭകൾ. ദുബായിലിരുന്നും ലണ്ടനിലിരുന്നും വിയന്നയിലിരുന്നും സ്വന്തം പഞ്ചായത്തിലെ റോഡിന്റെ കാര്യം പറയാം! "ഗ്രാമം എല്ലാവരുടേതുമാണ്" എന്നതാണ് ആശയം. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഇതൊരു വലിയ ആശ്വാസമാണ്..
- കുടുംബശ്രീ ഉൽപ്പന്നങ്ങൾ പ്രവാസികളുടെ ശൃംഖല വഴി ആഗോള വിപണിയിലേക്ക്. നമ്മുടെ ചേച്ചിമാരുടെ അച്ചാറും ചിപ്സും ഇനി യൂറോപ്പിലെ ഷെൽഫുകളിൽ!
- ഊർജ്ജ മേഖലയിലും അർബൻ ഫണ്ടുകളിലും പ്രവാസി നിക്ഷേപത്തിന് ആഹ്വാനം.
- നാട്ടിൽ തനിച്ചാകുന്ന പ്രവാസികളുടെ അച്ഛനമ്മമാരുടെ സംരക്ഷണത്തിന് കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തും. (വിദേശത്തിരുന്ന് "അമ്മ മരുന്ന് കഴിച്ചോ?" എന്ന് രാത്രി രണ്ടു മണിക്ക് വിളിച്ചു ചോദിക്കുന്ന ഓരോ മക്കൾക്കും ഇത് മനസ്സിലാകും )
- ഗ്രാമങ്ങളിലെ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി.
ഇതാണോ "ഉല്ലാസയാത്ര"? എങ്കിൽ ഇത്തരം ഉല്ലാസയാത്രകൾ ഇനിയും ഉണ്ടാകട്ടെ എന്നേ എനിക്ക് പ്രാർത്ഥിക്കാനുള്ളൂ ! യാത്രക്കിടയിലും സമയാ സമയങ്ങളിലെ നിസ്ക്കാരങ്ങൾക്കു ശേഷം രാപ്പകൽ ഫോണിൽ കൂടി സ്വന്തം ഓഫീസുമായും മറ്റും സൂം മീറ്റിംഗുകളും മറ്റും നടത്തി ' ബംഗാളി ‘ പണിയെടുത്ത പാവം മന്ത്രി ഷാജി ബൊറോവെറ്റ്സിൽ ചായക്കട തേടിയെന്നും, കഴിക്കാൻ കുറച്ച് ചൂടൻ കഞ്ഞി അന്വേഷിച്ചെന്നും എന്റെ ചെങ്ങായ് സിരോഷ് ജോർജ് എന്നോട് രഹസ്യം പറഞ്ഞിരുന്നു..! സിരോഷിന്റെ ചെങ്ങായുടെ വീട്ടിലുണ്ടാക്കിയ കഞ്ഞി അമൃതമായിരുന്നു എന്നാണ് കേട്ടത്. നിസ്കരിക്കാൻ പള്ളിതേടിയ മന്ത്രിയെ സോഫിയയിലുള്ള 16-ാം നൂറ്റാണ്ടിലെ ഓട്ടോമൻ ഭരണകാലത്ത്, ചൂടുനീരുറവകൾക്ക് മുകളിൽ വലിയൊരു താഴികക്കുടത്തോടെ നിർമ്മിച്ച മനോഹരമായ ഒരു മുസ്ലിം പള്ളിയായ"ബന്യാ ബാഷി മസ്ജിദ് ‘’ എന്നിടത്തേക്ക് കൊണ്ടുപോയതും സിരോഷ് പറഞ്ഞിരുന്നു.
പത്ത് വർഷം മുൻപ് ഓസ്ട്രിയയിലെ വിയന്നയിൽ തുടങ്ങിയ ആഗോള സന്നദ്ധ സംഘടന ദുരന്തമുഖങ്ങളിൽ, പ്രവാസികളുടെ അടിയന്തര ആവശ്യങ്ങളിൽ, വിദ്യാഭ്യാസ സഹായത്തിൽ, ജീവകാരുണ്യത്തിൽ എന്നും മുന്നിൽ തന്നെയാണുള്ളത് . കോവിഡ് കാലത്തും യുക്രൈൻ -റഷ്യ യുദ്ധകാലത്തും നമ്മുടെ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഓടിനടന്നവരിൽ WMF ന്റെ സിരോഷ് പോലെയുള്ള ഉന്നത നേതാക്കളുമുണ്ടായിരുന്നു. നാട്ടിൽ നിന്നും സഹായിക്കാൻ ശ്രീ സുരേഷ് ഗോപി തുടങ്ങിയ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും,ശ്രീ ശശി തരൂരും മറ്റു എം.പി.മാരും എം.എൽ.എ.മാരും സാമുദായിക നേതാക്കളും പിന്നിലുണ്ടായിരുന്നു എന്ന് മാത്രമല്ല പല രാജ്യങ്ങളിലുമുള്ള അവരുടെ വേദികളിലെത്തി സദസ്സുകളെ സമ്പന്നമാക്കിയിട്ടുണ്ട്. അതൊന്നും ആരുടെയും വ്യക്തിപരമായ നേട്ടത്തിനല്ല; മറിച്ച് പൊതുപ്രശ്നങ്ങൾ ഭരണാധികാരികളുടെ ചെവിയിലെത്തിക്കാനാണ്.
ജനാധിപത്യത്തിന്റെ കാവൽക്കാരായായ മാധ്യമ സുഹൃത്തുക്കളുടെ വിമർശിക്കാനുള്ള അവകാശത്തെ പൂർണ്ണമായും മാനിക്കുന്നു. പക്ഷേ ഒരു ചെറിയ അപേക്ഷ: തലക്കെട്ട് എഴുതുന്നതിനു മുമ്പ് സംഘാടകരെ ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നവരാണ് പ്രവാസികൾ. അവരുടെ കൂട്ടായ്മകളെ "ഉല്ലാസം" എന്ന ഒറ്റവാക്കിൽ ഒതുക്കുമ്പോൾ വേദനിക്കുന്നത് മന്ത്രിക്ക് മാത്രമല്ല; മരുഭൂമിയിലെ ചൂടിലും യൂറോപ്പിലെ തണുപ്പിലും നാടിനു വേണ്ടി പാടുപെടുന്ന ഓരോ പ്രവാസിക്കുമാണ്.
പോസ്റ്റിലെ പടത്തിലെ 'വലതുപക്ഷ'ക്കാരനായ ഷാജി സാറിന്റെ കൂടിയിരിക്കുന്ന 'ഇടതുപക്ഷ'ക്കാരനായ മൊട്ട സിരോഷ് എന്റെ ചെങ്ങായിയാണ് . വസ്തുതകൾ അറിഞ്ഞ് തെറ്റിദ്ധാരണ തിരുത്താൻ ബന്ധപ്പെട്ട മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ഒരു പഴയ പാവം പ്രവാസി…ജോളി ജോസഫ് .
(ചലച്ചിത്ര നിർമാതാവും വ്യവസായിയുമാണ് ലേഖകൻ)
Content Highlights: Clarifies the controversy surrounding Minister K.M. Shaji's visit to Bulgaria., Highlights the agenda of the World Malayali Federation (WMF) 10th Anniversary and Europe Family Meet in Borovets., Discusses diaspora welfare initiatives including online Grama Sabhas, Kudumbashree global market expansion, and autism care., Emphasizes the critical contribution of expatriates to Kerala's economy and society.
Published: 06 Oct 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented