ന്യൂയോര്‍ക്ക്: മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ അതായത്, 1960-1970 കാലഘട്ടങ്ങളില്‍ ന്യൂയോര്‍ക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്സി, കണക്ടിക്കട്ട്, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലായി കുടിയേറി പാര്‍ത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ 'ദി പയനിയര്‍ ക്ലബ്ബ് ഓഫ് കേരളൈറ്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക' (The Pioneer Club of Keralites of North America)അതിന്റെ പതിനേഴാമത് വാര്‍ഷിക ആഘോഷം ന്യൂയോര്‍ക്ക് ഫ്‌ളോറല്‍പാര്‍ക്കില്‍ നടത്തപ്പെട്ടു. നിലവിലുള്ള ക്ലബ്ബ് പ്രസിഡന്റ് ജോണി സക്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആദ്യകാല കുടിയേറ്റ സമൂഹത്തിന്റെ ഒത്തുചേരലായി ശ്രദ്ധേയമായി. 

To advertise here,

പയനിയര്‍ ക്ലബ്ബിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്ന കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തന മികവിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ ഒരു ഭരണഘടനക്ക് പൊതുയോഗം അംഗീകാരം നല്‍കി. ഇതിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ച പ്രസിഡന്റ് ജോണി സക്കറിയയെ സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് എബ്രഹാം (രാജു) പ്രത്യേകം പ്രശംസിച്ചു. ക്ലബ്ബിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളിലും അടുത്ത കാലത്തേക്ക് പ്ലാന്‍ ചെയ്തിരിക്കുന്ന ലാന്‍കാസ്റ്റര്‍ ട്രിപ്പിലേക്കും എല്ലാവരുടെയും സഹകരണം പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

പ്രൊഫ.ഡോ.ജോസഫ് ചെറുവേലില്‍, ജോര്‍ജ് എബ്രഹാം, വി.എം.ചാക്കോ എന്നീ ക്ലബ്ബ് സ്ഥാപക നേതാക്കളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. യുണൈറ്റഡ് നേഷന്‍സില്‍ 36 വര്‍ഷത്തെ ദീര്‍ഘകാല സേവനം അനുഷ്ഠിച്ച് ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയി വിരമിച്ച് സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ക്ലബ്ബ് സ്ഥാപക അംഗം ജോര്‍ജ് അബ്രഹാമിനെ പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു.

തോമസ് തോമസ്, വി.എം. ചാക്കോ, കോശി തോമസ്, ലീല മാരേട്ട് തുടങ്ങിയവര്‍ പൂര്‍വകാല സ്മരണകള്‍ പങ്കിട്ടുകൊണ്ട് യോഗത്തില്‍ സംസാരിച്ചു. പ്രൊഫ.ചെറുവേലില്‍, തോമസ് തോമസ്, ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് പഴയ സിനിമാ ഗാനങ്ങളും ജോസ് ചെറിയപുരത്തിന്റെ പദ്യോച്ചാരണം അവതരിപ്പിച്ചു. ജോണ്‍ പോള്‍ അവതരിപ്പിച്ച വാര്‍ഷിക വരവ് ചെലവ് കണക്ക് യോഗത്തില്‍ പാസ്സാക്കി. കെ.ജെ.ഗ്രിഗറി വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ