സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്‌

To advertise here,

മുംബൈ : ബോംബെ ഐ.ഐ.ടി. വിദ്യാർഥി സാഹിൽ രവീന്ദ്ര വാകോഡിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് കുടുംബം. പരീക്ഷാഹാളിൽ നടന്ന സംഭവങ്ങളും മരണത്തിന് തൊട്ടുമുൻപുള്ള സാഹചര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

എനർജി സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിലെ രണ്ടാംവർഷ ബി.ടെക്. വിദ്യാർഥി സഹിൽ ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. പരീക്ഷയ്ക്കിടെ മൊബൈൽഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു മരണം.

പരീക്ഷാഹാളിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും നിരീക്ഷണസംവിധാനത്തിൽ വീഴ്ചയുണ്ടായോയെന്നും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സാഹിലിന്റെ മൊബൈൽഫോൺ, ലാപ്‌ടോപ്, പരീക്ഷാഹാളിലെയും കാമ്പസിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സാഹിൽ ആത്മഹത്യ ചെയ്യുന്നതിനുമുൻപ്‌ നടത്തിയ നീക്കങ്ങൾ കണ്ടെത്താനായി പരീക്ഷാഹാൾ, കാമ്പസ് മൈതാനം, ഹോസ്റ്റൽപരിസരം എന്നിവിടങ്ങളിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് വിശകലനം ചെയ്തുതുടങ്ങിയതായി പോലീസ് പറഞ്ഞു. പരീക്ഷാഹാളിനുള്ളിലെ സി.സി.ടി.വി. ക്യാമറയിൽ ഒരു പ്രൊഫസർ വാകോഡിനെ സമീപിക്കുന്നതും മറ്റ് വിദ്യാർഥികളിൽനിന്ന് അകറ്റിനിർത്തുന്നതും പതിഞ്ഞിട്ടുണ്ട്. തുടർന്നുള്ള ദൃശ്യങ്ങളിൽ പരീക്ഷാഹാളിൽനിന്ന് പുറത്തുകടന്ന് കാമ്പസിലൂടെ ഹോസ്റ്റൽമുറിയിലേക്ക് നടക്കുന്നതായി കാണിക്കുന്നു. അതിനുശേഷം സാഹിലിനെ മുറിയിൽനിന്ന് പുറത്തിറങ്ങുന്നത് കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥിയെ പിന്നീട് ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. സാഹിലിന് കാമ്പസിൽ ജാതിവിവേചനവും പീഡനവും നേരിടേണ്ടിവന്നെന്നും കുടുംബം ആരോപിച്ചു.

സാഹിലിന്റെ മരണത്തിൽ പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനുപിന്നാലെ പ്രതിഷേധങ്ങൾ ഉയർന്നതോടെ പ്രൊഫ. സൂര്യനാരായണ ഡൂല്ലയെ ഐ.ഐ.ടി. ബോംബെ ഡീൻ ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ, അദ്ദേഹം അധ്യാപകനായി തുടരും.