തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ 2.0-യിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർക്കുന്നു. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ വാർഡുകളിൽ പ്രത്യേക തൂഫാൻ ഗ്രാമസഭകൾ വിളിക്കും. 20,999 വാർഡുകളിലും ജാഗ്രതാസമിതികൾ വരും.

To advertise here,

ലഹരി വിൽപ്പന, വിതരണം, ഉപയോഗം, കേന്ദ്രങ്ങൾ എന്നിവയുടെ വിവരം അറിയിക്കാൻ സംവിധാനമുണ്ടാകും. ലഹരി ഉപയോഗത്തിന്റെയും വിതരണത്തിന്റെയും ഹോട്ട്സ്പോട്ടുകൾ ജനപങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം.

ഓപ്പറേഷൻ തൂഫാൻ 2.0 മലപ്പുറം എ.ആർ.നഗർ ഗ്രാമപ്പഞ്ചായത്തിൽ 28-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഒരുവർഷംമുഴുവൻ ലഹരിവിരുദ്ധ ജനകീയ പ്രവർത്തനമാക്കാനാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം.

തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, പോലീസ് എന്നിവരുടെ യോഗം ഉടൻ നടക്കും. തൂഫാൻ ഗ്രാമസഭകളിൽ ഓരോവാർഡിലും പത്തിൽക്കുറയാത്ത വാരിയേഴ്‌സിനെ വാർഡുതല ജനജാഗ്രതാ സമിതിയുടെ ഭാഗമാക്കും.

തദ്ദേശസ്ഥാപന ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, പെൻഷൻകാർ തുടങ്ങിയവരെയാണ് വാരിയേഴ്‌സാക്കുന്നത്.

* ലഹരിക്ക്‌ അടിപ്പെട്ടവർക്ക് കൗൺസലിങ്, ചികിത്സ, ഡി-അഡിക്‌ഷൻ സേവനം, മാനസിക-കുടുംബ പിന്തുണ എന്നിവ ഉറപ്പാക്കി പുനരധിവാസ സൗകര്യവും തദ്ദേശസ്ഥാപനങ്ങളുടെകൂടി ബാധ്യത. കുടുംബശ്രീ-ഹരിതകർമസേന പ്രവർത്തകരുടെ സഹായത്തോടെ ലഹരിവ്യാപന കേന്ദ്രങ്ങളും ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെയും കണ്ടെത്തും

* ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ മനഃശാസ്ത്രജ്ഞർ, ഡി-അഡിക്‌ഷൻ സ്പെഷ്യലിസ്റ്റുകൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള തൂഫാൻ കെയർകമ്മിറ്റികളുടെ ചുമതല സഹായവും തുടർ പരിചരണവും. വീണ്ടും ലഹരിയിലേക്ക്‌ മടങ്ങാതിരിക്കാൻ തൂഫാൻ ആഫ്റ്റർ കെയർഹോമുകൾ

* വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകളാകും

ഒരുവർഷത്തെ പ്രവർത്തന കലണ്ടർ

ആദ്യമൂന്നുമാസം തൂഫാൻ ഗ്രാമസഭകൾ, കാമ്പസിൽ ബോധവത്കരണം, ഹോട്ട് സ്പോട്ട് കണ്ടെത്തൽ. 4-6 മാസം: രക്ഷിതാക്കൾക്ക് കൗൺസലിങ്, യുവാക്കൾക്ക് ലഹരിവിരുദ്ധ കായിക-കലാമത്സരങ്ങൾ. 7-9: രഹസ്യവിവരം നൽകുന്ന സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ, ഡി-അഡിക്‌ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിൽ ബോധവത്കരണം. 10-12: കുടുംബശ്രീ ഗൃഹസന്ദർശനം, വിദ്യാർഥികൾക്ക് മെന്ററിങ് തുടങ്ങിയവ.