
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കൽ വേളയിൽ ഒരു പോളിങ് ബൂത്തിൽ രണ്ടുശതമാനത്തിൽ കൂടുതൽ ഒഴിവാക്കലുകൾ പാടില്ലെന്ന തിരഞ്ഞെടുപ്പുകമ്മിഷന്റെ മാർഗരേഖ ഡൽഹിയിൽ കൂട്ടത്തോടെ അട്ടിമറിക്കപ്പെട്ടു. 70 നിയമസഭാ മണ്ഡലങ്ങളിലുമായി ആകെയുള്ള 14,971 ബൂത്തുകളിൽ നടന്ന എസ്.ഐ.ആറിൽ, ഒഴിവാക്കലുകൾ രണ്ടുശതമാനത്തിൽനിന്നത് വെറും 51 ഇടത്തുമാത്രമെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് കണ്ടെത്തി.
639 ബൂത്തുകളിൽ പകുതിയിലധികം രജിസ്റ്റേർഡ് വോട്ടർമാരെയാണ് വെട്ടിമാറ്റിയത്. 70 ശതമാനത്തിലധികം വോട്ടർമാർ നീക്കംചെയ്യപ്പെട്ട 29 ബൂത്തുകളുണ്ട്. ഇതിൽ ഒൻപത് ബൂത്തുകൾ ചേരിപ്രദേശങ്ങളിലാണ്. ഈ ഒൻപത് ബൂത്തുകളിൽമാത്രം 87.87 ശതമാനം വോട്ടർമാരാണ് നീക്കപ്പെട്ടത്.
ത്രിശങ്കുവിൽ 79.2 ലക്ഷം പേർ
ആകെയുണ്ടായിരുന്ന 1.45 കോടി വോട്ടർമാരിൽ 79.2 ലക്ഷം പേരുടെയും വോട്ടവകാശമാണ് ത്രിശങ്കുവിലായത്. കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കറും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും അടക്കമുള്ള വി.ഐ.പി.കൾക്ക് അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫാസ്റ്റ് ട്രാക്ക് സംവിധാനമുണ്ടാക്കുമ്പോൾ, വോട്ടർമാരാണെന്ന് തെളിയിക്കാനുള്ള പരക്കംപാച്ചിലിലാണ് സാധാരണക്കാർ.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവാക്കപ്പെട്ടത് 47.6 ലക്ഷം പേരാണ്. 31.6 ലക്ഷം പേർക്ക് കമ്മിഷൻ നോട്ടീസയച്ചു. ഒക്ടോബർ 29-നകം മതിയായ രേഖകൾ ഹാജരാക്കണം. അതേസമയം, വി.ഐ.പി.കൾക്ക് നോട്ടീസ് നൽകിയത് പുകമറയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മറ്റ് വോട്ടർമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്.
ഗ്യാനേഷ് കുമാറിന്റെ പേരെവിടെയെന്ന് തൃണമൂൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ പേര് ഡൽഹിയിലെ കരട് വോട്ടർപട്ടികയിലിടം നേടിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് മുൻ എം.പി. സാകേത് ഗോഖലെ. അദ്ദേഹം ജനിച്ച യു.പി.യിലോ ഐ.എ.എസ്. ഓഫീസറായി പ്രവർത്തിച്ച കേരളത്തിലോ ഡൽഹിയിലോ മുൻപ് നടന്നിട്ടുള്ള എസ്.ഐ.ആറിൽ അദ്ദേഹത്തിന്റെ പേരില്ലെന്ന് സാകേത് ആരോപിച്ചു.
ഈ മൂന്ന് സംസ്ഥാനങ്ങളിലെയും മുൻ എസ്.ഐ.ആറുകളുടെ പട്ടികയിൽ ഗ്യാനേഷ് കുമാറിന്റെ പേര് കണ്ടെത്താനായില്ല. ഏത് സംസ്ഥാനത്തെ എസ്.ഐ.ആറിലാണ് ഗ്യാനേഷ് കുമാർ മുൻപ് ഉൾപ്പെട്ടതെന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് സാകേത് ആവശ്യപ്പെട്ടു.
ഇന്ത്യക്കാരെ പുറത്താക്കാനുള്ള പുതിയ രീതിയെന്ന് കോൺഗ്രസ്
ഇന്ത്യക്കാരെ പുറത്താക്കാനുള്ള പുതിയ രീതിയാണ് എസ്.ഐ.ആറെന്ന് കോൺഗ്രസ് ആരോപിച്ചു. ‘മെത്തേഡ് ഓഫ് ഡിസെൻ ഫ്രാഞ്ചൈസിങ് ഇന്ത്യൻസ്’ എന്നതിലെ ആദ്യ അക്ഷരങ്ങൾ ചേർത്താൽ നമുക്ക് ‘മോദി’ എന്ന് വായിക്കാം. പുറത്താക്കലിനുപിന്നിൽ ഈ പേരാണെന്നും കോൺഗ്രസ് പറഞ്ഞു.
നോട്ടീസിനർഥം വോട്ടില്ലെന്നല്ല
നോട്ടീസുകളയച്ചതിന്റെ അർഥം വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടെന്നല്ലെന്നും ഇ.സി.ഐ. നെറ്റ് ആപ്പിലെ ഡേറ്റ ശരിയാക്കുന്നതിനാണെന്നും ഡൽഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
ഒഡിഷയിൽ വെട്ടിയത് 20 ലക്ഷംപേരെ
എസ്.ഐ.ആറിനെത്തുടർന്ന് ഒഡിഷയിലെ വോട്ടർപട്ടികയിൽനിന്ന് 20 ലക്ഷംപേരെ ഒഴിവാക്കി. 3.34 കോടിപ്പേരിൽനിന്നാണ് ഇത്രയുംപേർ കുറഞ്ഞത്.
Published: 22 Sept 2026, 06:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented