മുംബൈ : നാവിൽ ഹരിശ്രീ കുറിച്ചും അരിയിൽ ആദ്യക്ഷരമെഴുതിയും കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചു. നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് വിജയദശമി ദിനമായ ബുധനാഴ്ച നഗരത്തിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. പുലർച്ചെ മുതൽ തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാൻ മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി നേരത്തേതന്നെ എത്തി.

To advertise here,

സരസ്വതീപൂജയ്ക്കും പൂജയെടുപ്പിനും ശേഷമായിരുന്നു എഴുത്തിനിരുത്ത്. ആചാര്യന്റെയും ചിലയിടത്ത് രക്ഷിതാക്കളുടെയും മടിയിലിരുത്തിയ കുഞ്ഞുങ്ങളുടെ നാവിൽ സ്വർണമോതിരം കൊണ്ട് ‘ഹരി ശ്രീ ഗണപതയേ നമഃ’ എന്നെഴുതി. തുടർന്ന് ഉരുളിയിലെ അരിയിൽ വിരൽ പിടിച്ച് ആദ്യക്ഷരം കുറിപ്പിച്ചു. കുഞ്ഞിന് മധുരവും നൽകി. അക്ഷരത്തിലൂടെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കു കടക്കുന്ന ഈ ചടങ്ങ് തലമുറകളായി മലയാളിയുടെ ജീവിതത്തിലെ ആദ്യ സാംസ്കാരിക ഓർമയാണ്.

 

നെരൂൾ ഗുരുദേവഗിരിയിൽ വിദ്യാരംഭം

നവിമുംബൈ : അറിവിന്റെ ഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ഭൗതിക തിരുശേഷിപ്പിന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ നെരൂൾ ഗുരുദേവഗിരിയിലെ ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നാൽപ്പതിലധികം കുട്ടികൾ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു.

ഗുരുദേവഗിരി കോംപ്ലക്സിന്റെ പൂമുഖത്തു പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി വി. രതീഷ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ഗുരുപൂജയ്ക്കും ഉഷഃപൂജയ്ക്കും ശേഷം പൂജ എടുക്കൽ ചടങ്ങു നടന്നു. തുടർന്ന് വിദ്യാരംഭത്തിന് തുടക്കംകുറിച്ചു. വിദ്യാരംഭത്തിന് ശേഷം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീവിദ്യാപൂജയും നടന്നു.