മുംബൈ : രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ രാജ്യംവിടാൻ നിർദേശിച്ച പോലീസ് നോട്ടീസിനെതിരേ അമേരിക്കൻ പൗരനായ നടൻ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഒക്ടോബർ 26-ന് പരിഗണിക്കും. ഖാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട്, തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്‌നയും അടങ്ങുന്ന ബെഞ്ചിന് മുൻപാകെ ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

To advertise here,

കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽസിങ് ഹാജരായി ഒക്ടോബർ 26-ന് ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഖാനെതിരേ മറ്റെന്തെങ്കിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടോയെന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഖാന് ക്രിമിനൽ പശ്ചാത്തലമില്ല, അദ്ദേഹത്തിനെതിരേ ഒരു കേസും ഫയൽചെയ്തിട്ടില്ല. രണ്ട് വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹം ഇന്ത്യയിലാണ് താമസിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചത്.

മുംബൈ പോലീസ് പുറപ്പെടുവിച്ച നോട്ടീസ് നിയമവിരുദ്ധവും ഏകപക്ഷീയവും ആണെന്ന് നടൻ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ബോളിവുഡ് നടൻ ആമിർ ഖാന്റെ അനന്തരവനും ഒട്ടേറെ ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ളതുമായ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നോ അതിനുമുൻപോ രാജ്യം വിടാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം സെക്‌ഷൻ 29 പ്രകാരമുള്ള നാടുകടത്തൽ നടപടികൾ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.