ചന്ദ്രപുർ : തീർഥാടകരുടെ ഇടയിൽനിന്ന് പുള്ളിപ്പുലി പിടിച്ചുകൊണ്ടുപോയ കുട്ടിയെ ആൾക്കൂട്ടം നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ മാതാ മഹാകാളി ക്ഷേത്രത്തിലേക്കുള്ള തീർഥാടകസംഘത്തിലെ ഒൻപത് വയസ്സുകാരനെയാണ് പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയത്. നൂറുകണക്കിന് നാട്ടുകാർ നടത്തിയ തിരച്ചിലിനെത്തുടർന്ന് അടുത്തുള്ള കുറ്റിക്കാട്ടിൽ പരിക്കേറ്റനിലയിൽ കുട്ടിയെ കണ്ടെത്തി.

To advertise here,

 

ഹൈദരാബാദ് നിവാസിയായ ആൺകുട്ടി ശനിയാഴ്ച രാത്രി ബല്ലാർപുർ പട്ടണത്തിൽനിന്നാണ് ചന്ദ്രപുരിലേക്ക് തീർഥാടനത്തിനെത്തിയത്. വിസാപുർ ടോൾ നാക്കയ്ക്ക് സമീപമുള്ള സ്ഥലത്തുവെച്ച് അയൽക്കാരനോടൊപ്പം നടന്നുപോകുമ്പോഴാണ് പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ച് വലിച്ചിഴച്ചുകൊണ്ടുപോയത്. വാർത്തപരന്നതോടെ, പോലീസിന്റെയും വനംവകുപ്പിന്റെയും സംഘങ്ങൾക്കൊപ്പം നൂറുകണക്കിന് ആളുകൾ തിരച്ചിലിൽ പങ്കുചേർന്നു. തുടർന്ന്, അർധരാത്രിയോടെ സമീപത്തെ കുറ്റിക്കാട്ടിൽ പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റതിനാൽ സഹായത്തിനായി വിളിക്കാൻപോലും കഴിയാത്ത നിലയിലായിരുന്നു.

കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. പുള്ളിപ്പുലിയെ കണ്ടെത്താൻ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.