പൊയിനാച്ചി : ഓടിക്കൊണ്ടിരുന്ന ടിപ്പർലോറിയുടെ ചക്രങ്ങൾ കാറിടിച്ച് ഊരിത്തെറിച്ചു. റോഡിൽ തിരക്കേറിയ സമയത്തുണ്ടായ അപകടത്തിൽ ഭാഗ്യംകൊണ്ട് ദുരന്തമൊഴിവായി. ശനിയാഴ്ച വൈകിട്ട് പൊയിനാച്ചി ടൗണിന് കിഴക്കുഭാഗത്തെ ചോതി സൂപ്പർ മാർക്കറ്റിന് സമീപമാണ് സംഭവം. ബന്തടുക്ക ഭാഗത്തുനിന്ന്‌ എംസാൻഡ് കയറ്റിവന്ന ടിപ്പർ ലോറിയുടെ പിൻഭാഗത്തെ നാല് ചക്രങ്ങളാണ് ഹൗസിങ്ങടക്കം വേർപെട്ട് ദൂരെ പതിച്ചത്. കൂട്ടിയിടിയിൽ കാറിന്റെ മുൻഭാഗവും തകർന്നു. കാറോടിച്ചിരുന്ന അധ്യാപികയെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കുട്ടികളടക്കം നടന്നുപോകുന്ന സമയത്താണ് അപകടമുണ്ടായത്. ഹൗസിങ് വേർപ്പെട്ട ടിപ്പറിന്റെ ഫ്ലാറ്റ്ഫോം റോഡിലുരഞ്ഞ് അല്പദൂരം മുന്നോട്ടുനീങ്ങി ബന്തടുക്ക റോഡിന് കുറുകെയാണ് നിന്നത്. ഗതാഗതത്തിന് തടസ്സമുണ്ടായതോടെ ദേശീയപാതാനിർമാണ കമ്പനിയുടെ ക്രെയിനെത്തിച്ച് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് ടിപ്പർ മാറ്റി. മേൽപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. ബന്തടുക്ക ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇതിലൂടെ അമിതവേഗത്തിലാണ് പോകുന്നതെന്ന് നേരത്തേ പരാതിയുണ്ട്. ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.

To advertise here,