മടിക്കൈ : കാലംതെറ്റിയ കാലാവസ്ഥ എരിക്കുളത്തെ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. എരിക്കുളം പാടശേഖരത്തിൽ നെൽക്കൃഷിയിറക്കിയ കർഷകരാണ് ഇത്തവണ കടുത്ത കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നത്. 35 ഏക്കറോളമുള്ള ഇവിടത്തെ പാടശേഖരത്തിൽ 80 ശതമാനത്തിലേറെ ഭാഗത്ത്‌ ഇത്തവണയും പതിവുതെറ്റിക്കാതെ കൃഷിയിറക്കിയിരുന്നു.

To advertise here,

ഞാറ്റടിയിൽ തുടങ്ങിയ പ്രതികൂല കാലാവസ്ഥ കൊയ്ത്തുകാലത്തും കർഷകരെ വിടാതെ പിന്തുടരുകയാണ്. ഒഴുകിയെത്തുന്ന മഴവെള്ളത്തെയും താത്കാലിക ഉറവകളെയും ആശ്രയിച്ചാണ് ഇവിടെ വയലിൽ നെൽക്കൃഷിയിറക്കുന്നത്. ഇത്തവണ ഞാറ്റുവേല കണക്കാക്കി കൃത്യമായി ഞാറ്റടി തയ്യാറാക്കിയെങ്കിലും മഴയെത്താൻ വൈകിയത് തുടക്കത്തിൽത്തന്നെ ആശങ്കയ്ക്കിടയാക്കി.

ആദ്യമഴയിൽത്തന്നെ ഞാറ്‌ പറിച്ചുനട്ടെങ്കിലും വീണ്ടും മഴ മാറിനിന്നത് നെൽച്ചെടികളെ തളർത്തി. വയലിൽ പലയിടത്തും നിലം വിണ്ടുകീറുന്നതുവരെ കാര്യങ്ങളെത്തി.

ആശങ്കയ്ക്കിടയിൽ ഇടയ്ക്ക് നല്ല മഴ കിട്ടിയതോടെ തളർച്ച മാറിയ നെൽച്ചെടികൾ തഴച്ചുവളർന്നു മൂന്നാഴ്ച മുൻപ് കതിരിട്ടുതുടങ്ങി. കതിരിടുമ്പോൾ വയലിൽ നീരോട്ടം കൂടുതൽ വേണ്ടതായിരുന്നു. എന്നാൽ രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് ചാറ്റൽമഴപോലും കിട്ടിയില്ല. ഇതോടെ കതിരിട്ട ചെടികൾക്ക്‌ ഉണക്കം ബാധിച്ചു തുടങ്ങി. നിലവും വിണ്ടുകീറിത്തുടങ്ങിയിട്ടുണ്ട്.

ഉണക്കം ബാധിച്ച ചെടികളിലെ നെന്മണികൾ പകുതിയിലേറെയും പതിരായി മാറാനുള്ള സാധ്യതയാണ് കർഷകർ പങ്കുവയ്ക്കുന്നത്.

ജില്ലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും തരിശിട്ട് കാടുമൂടി കിടക്കുമ്പോഴും എരിക്കുളത്തെ പരമ്പരാഗത കർഷകർ നെൽക്കൃഷിയെ നാളിതുവരെയും ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.