ചെറുവത്തൂർ : വർഷങ്ങൾക്കുമുൻപ് ദേശീയപാതാ നിർമിതിയിലൂടെ രണ്ടായ മയ്യിച്ച പ്രദേശം മേൽപ്പാത പണിയുന്നതിലൂടെ ഒന്നാകും. കാര്യങ്കോട് പാലം മുതൽ മയ്യിച്ച പാലം വരെ 330 മീറ്റർ ഉയരപ്പാത നിർമിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. നേരത്തേ മണ്ണിട്ട് പാത പണിത് ഗതാഗതത്തിന് തുറന്നുകൊടുത്തതാണിവിടെ. മണ്ണ് പരിശോധനയിൽ ചതുപ്പാണെന്ന് കണ്ടെത്തിയതോടെയാണ് മേൽപ്പാത ആറുവരി ഉയരപ്പാത പണിയാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. 12 തൂണും 30 മീറ്റർ നീളത്തിൽ 11 സ്പാനും മേൽപ്പാതയിലുണ്ടാകും.

To advertise here,

പ്രാഥമിക രൂപരഖ തയ്യാറായി. അന്തിമാനുമതി ലഭിക്കുന്നതോടെ നിർമാണക്കമ്പനി പ്രവൃത്തി തുടങ്ങും. തൂണിലൂടെ മേൽപ്പാത പൂർത്തിയാകുന്നതോടെ ഇരുഭാഗങ്ങളിലുള്ളവർക്കും പഴയ ദേശീയപാതയുടെ വൻമതിൽ ഇല്ലാതാകും. ഉയരപ്പാതയുടെ കീഴ്ഭാഗം തൂണുകൾക്കിടയിലുള്ള സ്ഥലം വാഹനങ്ങൾ നിർത്തിയിടാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. ഇരുഭാഗങ്ങളിലും സർവീസ് റോഡും മയ്യിച്ച പുഴയ്ക്ക് കുറുകെ പാലവും പണിയും. പടിഞ്ഞാറ് ഭാഗത്ത് റോഡിന് ആവശ്യമായ വീതിയുണ്ടാകും. സ്ഥലലഭ്യത കുറവായതിനാൽ കിഴക്കുഭാഗത്ത് ചിലയിടങ്ങളിൽ വീതിയിൽ ഏറ്റക്കുറച്ചിലുണ്ടാകും. സർവീസ് റോഡിലൂടെ ഇരു പ്രദേശങ്ങളിലുള്ളവർക്ക് വാഹനങ്ങളുമായി ദേശീയപാതയിലേക്ക് കയറാൻ സാധിക്കും. പൂരക്കടവ് റോഡിന് സമീപത്തുകൂടി ദേശീയപാതയിലേക്ക് കയറാൻ സാധ്യമാകുന്ന വിധത്തിലാണ് രൂപകല്പന.