കൊയിലാണ്ടി : നഗരസഭയുടെ സ്വപ്നപദ്ധതിയെന്ന് വിളംബരംചെയ്ത ഷോപ്പിങ് കോംപ്ലക്സ് ഇതുവരെ തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. 2025-ഒക്ടോബർ 21-ന് ഉദ്‌ഘാടനംചെയ്ത കെട്ടിടസമുച്ചയത്തിൽ മുറികളെടുത്തവരാണ് വെട്ടിലായത്.

To advertise here,

വലിയ തുക അഡ്വാൻസും വാടകയുംനിശ്ചയിച്ചാണ് ലേലത്തിൽ പങ്കെടുത്തവർ മുറി സ്വന്തമാക്കിയത്. എല്ലാവരുംഅഡ്വാൻസ്‌ തുക ഭാഗികമായെങ്കിലും നൽകിയാണ് മുറികളുറപ്പിച്ചത്. പഴയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന്‌ ഒഴിപ്പിക്കപ്പെട്ടവരിൽ കുറെപ്പേർക്ക് പുതിയകെട്ടിടത്തിൽ അഡ്വാൻസ് തുകയിൽ ഇളവുനൽകി മുറി കൊടുത്തിട്ടുണ്ട്. ഉദ്ഘാടനത്തിനുശേഷം നിർമാണജോലി വളരെ മന്ദഗതിയിലായി. വലിയ കെട്ടിടമായതിനാൽ പ്രത്യേക ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രധാനകാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. കെട്ടിടത്തിലെ ഇലക്ട്രിക്കൽ ജോലി പൂർത്തിയായത് കഴിഞ്ഞദിവസം മാത്രമാണ്. വാടകയ്ക്ക് മുറിയെടുത്തവർക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ ഇനിയും എത്രകാലമെടുക്കുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്.

 

കൊയിലാണ്ടി പഴയ ബസ്‌സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്സ് പൊളിച്ചുമാറ്റിയാണ് ആധുനികരീതിയിലുള്ള അഞ്ചുനില കെട്ടിടം നിർമിച്ചത്. തറ നിലയിൽ 20-കടമുറികൾ, ഒന്നാംനിലയിൽ 21-മുറികൾ, രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോനിലയിലും 10,000 സ്ക്വയർ ഫീറ്റ് വീതം വിസ്തൃതിയിൽ ഷോപ്പിങ് മാൾ, ടെക്സ്റ്റൈൽസ് ഷോറൂമുകൾ, സൂപ്പർമാർക്കറ്റുകൾ, ഫുഡ്‌കോർട്ട്, ഓഫീസ് മുറികൾ, ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങൾക്കുള്ള സൗകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാംനിലയിൽ 4000 സ്ക്വയർ ഫീറ്റിൽ മൾട്ടിപ്ലക്സ് തിയേറ്റർ സൗകര്യങ്ങൾ എന്നിവയെല്ലാം കെട്ടിടത്തിലുണ്ട്. കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ വായ്പയും നഗരസഭയുടെ തനത് ഫണ്ടും സമന്വയിപ്പിച്ചാണ് ഈ കെട്ടിടത്തിന്റെ നിർമാണച്ചെലവ് കണ്ടെത്തിയത്.പുതിയ കെട്ടിടത്തിൽ മുൻപുണ്ടായിരുന്നപോലെ ബസ്സുകൾക്കുള്ള ട്രാക്കുകളില്ല. കെട്ടിടത്തിന് മുന്നിലാണ് ഇപ്പോൾ ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ളവ നിർത്തുന്നത്. ഇവിടെ ബസ് ബേ നിലനിർത്തുമെന്നാണ് പറയുന്നത്. ഷോപ്പിങ് കോംപ്ലക്സ് തുറക്കുന്നതോടെ ഗതാഗതക്കുരുക്കിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ദേശീയപാതയിൽ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് പുറമേ ബസ്‌സ്റ്റാൻഡിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങളും റെയിൽവേ മേൽപ്പാലം വഴി കിഴക്കുഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഷോപ്പിങ്‌ കോംപ്ലക്സിന്റെ സമീപത്തുനിന്നാണ് തിരിഞ്ഞുപോകേണ്ടത്. ഷോപ്പിങ് കോംപ്ലക്സിലെ പാർക്കിങ് ഏരിയയിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും ഇതേ സ്ഥലത്തുവെച്ച് റോഡിലെത്തും, അതിനിടെ റോഡു മുറിച്ചു കടക്കുന്ന കാൽനടയാത്രികരും. ഉണ്ടാവാനിടയുള്ള ഗതാഗത തടസ്സത്തിന് മുൻകൂട്ടി പരിഹാരംകാണാനുള്ള ശ്രമവും ആവശ്യമാണ്. എന്നാൽ നഗരത്തിലെ വാഹന പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി ഇരുന്നൂറോളം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാവുന്ന അണ്ടർഗ്രൗണ്ട് പാർക്കിങ് സംവിധാനം കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സ് തുറക്കാൻ വൈകുന്നത് നഗരസഭയുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്. സ്വന്തംനിലയിൽ വരുമാനം കണ്ടെത്തി വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തണമെന്ന നിർ​േദശം നിലനിൽക്കെകയാണ് അധികൃതരുടെ ഭാഗത്തുനിന്ന്‌ ഇത്തരം അലംഭാവം. അധികംവൈകാതെ തുറക്കാനാവുമെന്നാണ് നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ പ്രതികരിച്ചത്. നാട്ടുകാർക്ക് പ്രയോജനപ്പെടാതെ നീണ്ടുപോകുന്ന പദ്ധതികളുടെ കൂട്ടത്തിൽ ഇതും എന്ന് ജനങ്ങളും പ്രതികരികരിക്കുന്നു.