
ഒരു രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ നവീനമായ ചുവടുവെപ്പുകളാണ്. ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളില്‍ യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വലിയമാറ്റങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഒമാന്‍ ആദ്യപരീക്ഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. ഇത്ലാഖ് സ്പെയ്സ് ലോഞ്ചില്‍നിന്ന് പറന്നുയര്‍ന്ന 'ദുകം വണ്‍' എന്നുപേരായ പരീക്ഷണറോക്കറ്റ് ബഹിരാകാശ പര്യവേക്ഷണരംഗങ്ങളിലെ ഒമാന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്. ഒമാന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലായാണ് ഇത് കണക്കാക്കപ്പെടുന്നത്. ആറര മീറ്റര്‍ ഉയരവും 123 കിലോഗ്രാം ഭാരവുമുള്ള പര്യവേക്ഷണ വാഹനം സെക്കന്‍ഡില്‍ 1530 മീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചത്.
ബഹിരാകാശ പര്യവേക്ഷണമേഖലയില്‍ വരുംവര്‍ഷം ഏറെ നിര്‍ണായകമായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മൂന്നു വിക്ഷേപണങ്ങള്‍കൂടി അടുത്തവര്‍ഷം നടക്കും. യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമടക്കമുള്ളവ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് ശാസ്ത്രമേഖലയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. രാജ്യത്തിന്റെ ഭൂമിശാസ്ത്രം, പരിസ്ഥിതിസാഹചര്യങ്ങള്‍, കാറ്റിന്റെ ദിശ എന്നിവ മനസ്സിലാക്കുകയാണ് പ്രഥമ വിക്ഷേപണത്തിലൂടെ ഒമാന്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും എണ്ണയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുള്ള സാമ്പത്തികസാഹചര്യമാണ് നിലവില്‍ ഒമാനിലുള്ളത്. സര്‍ക്കാരിന്റെ വാര്‍ഷികവരുമാനത്തിന്റെ അറുപതുമുതല്‍ എണ്‍പത് ശതമാനംവരെ എണ്ണയില്നിന്നുള്ളതാണ്. എന്നാല്‍ പുതിയ മേഖലകളിലേക്കുള്ള ചുവടുവെപ്പുകള്‍ മുന്നോട്ടുള്ള യാത്രയില്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന കൃത്യമായ ബോധത്തോടെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നയങ്ങള്‍.
വിനോദസഞ്ചാരമേഖലയും ഷിപ്പിങ്, ലോജിസ്റ്റിക്സ്, മൈനിങ്, അക്വാകള്‍ച്ചര്‍, നിര്‍മാണം തുടങ്ങിയമേഖലകളും രാജ്യവികസനത്തില്‍ നിര്‍ണായകമാണ്. എണ്ണയിതരവരുമാനം കാര്യമായി ലഭിക്കുന്നത് ഈ മേഖലകളില്നിന്നെല്ലാമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലെ വലിയ പദ്ധതികള്‍ക്ക് രാജ്യം കൂടുതല്‍ സജ്ജമായിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള റോക്കറ്റ് വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണരംഗങ്ങളില് സ്വന്തം കൈയൊപ്പ് പതിപ്പിക്കാനായതിന്റെ വലിയ പ്രതീക്ഷയിലാണ് രാജ്യം.
കഴിഞ്ഞ നവംബറിലായിരുന്നു ബഹിരാകാശ സാങ്കേതികവിദ്യയില്‍ സുല്‍ത്താനേറ്റിന്റെ ഔദ്യോഗികപ്രവേശനം അടയാളപ്പെടുത്തിക്കൊണ്ട് ആദ്യത്തെ സ്വദേശീയ ഉപഗ്രഹം വിക്ഷേപിച്ചത്. ഒ.എല്‍.വണ്‍ എന്നപേരിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ ഒമാന്‍ ലെന്‍സ് എന്ന കമ്പനിയായിരുന്നു. ടെലികമ്യൂണിക്കേഷന്‍ യൂണിയനില്‍ അന്താരാഷ്ട്രതലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യത്തെ ഒമാനി ഉപഗ്രഹമാണിത്. നിര്‍മിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യയും നൂതന റിമോര്‍ട്ട് സെന്സറിങ്ങുമുള്ള തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹം. ഒമാന്‍ സുല്‍ത്താനേറ്റിന് ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകള്‍ നല്കാന് ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തേത് കൂടിയാണിത്. ഒമാന്റെ പ്രകൃതിദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിന് എ.ഐ. അധിഷ്ഠിത ഡേറ്റാവിശകലനം നടത്താന്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഉപഗ്രഹം ഗുണംചെയ്യും.
കഴിഞ്ഞ 50 വര്‍ഷക്കാലമായി പൂര്‍ണമായും എണ്ണയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും. യു.എ.ഇ.യുടെ രീതി പിന്തുടര്ന്ന് ഒമാനും ബഹിരാകാശ പര്യവേക്ഷണരംഗങ്ങളില് സജീവമാകുമ്പോള്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും പ്രതീക്ഷയേറുകയാണ്. സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടം പുതിയ തലമുറയെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള യാത്രകള്‍ക്ക് പ്രേരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതീക്ഷിക്കുന്നു. ബഹിരാകാശമേഖലയിലെ നൂതനമായ പദ്ധതികള്‍ക്ക് തുടക്കംകുറിക്കുന്നതോടൊപ്പം ലോക ബഹിരാകാശമേഖലയില്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളാനും പുതിയ പദ്ധതികളിലൂടെ ഒമാന്‍ ലക്ഷ്യമിടുന്നു.
Content Highlights: column gulf feature
Published: 07 Dec 2024, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented