വേഗതയില്ലാത്ത, ക്ഷീണിപ്പിക്കുന്ന ദീര്‍ഘയാത്രകള്‍. എമിറേറ്റുകള്‍താണ്ടിയുള്ള യാത്രകള്‍ക്കുവേണം ചുരുങ്ങിയത് ആഴ്ചകള്‍. അബുദാബിയില്‍നിന്ന് ഷാര്‍ജയിലേക്കോ ദുബായിലേക്കോ വരുന്നവരുടെ കാര്യമാണ്. അറുപതുകളുടെ തുടക്കകാലത്തെ പൂഴിമണ്ണുനിറഞ്ഞ വഴികളിലൂടെ യു.എ.ഇ.യുടെ വിവിധയിടങ്ങളിലേക്ക് പോകുന്നവര്‍ ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണസാമഗ്രികളും വെള്ളവും കരുതണമായിരുന്നു. തണുപ്പോ ചൂടോ കൂടുന്നമുറയ്ക്ക് അതിനായുള്ള സജ്ജീകരണങ്ങളും. ഇന്ന് നമ്മള്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍കൊണ്ട് ഓടിയെത്തുന്ന ദൂരം കൈവരിക്കാന്‍ രണ്ട് തലമുറയ്ക്കപ്പുറമുള്ളവര്‍ പിന്തുടരേണ്ടിവന്ന രീതിയാണത്. ലോകത്തെ അമ്പരപ്പിക്കുന്ന യു.എ.ഇ.യുടെ ഓട്ടോമൊബൈല്‍ വിപ്ലവത്തിന് തുടക്കംകുറിക്കുന്നതിനുമുന്‍പ് നമുക്ക് ചിന്തിക്കാന്‍പോലുമാകാത്ത യാത്രാനുഭവങ്ങള്‍ ഏറെയുണ്ട് ഈ നാടിന് ലോകത്തോടുപറയാന്‍.
വാഹനലോകത്തെ ഏറ്റവും പുതിയ സങ്കേതങ്ങളും കാഴ്ചകളും കാണാന്‍ ആഗ്രഹിക്കുന്നവര്‍, അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള 'വണ്ടിപ്രാന്തന്മാര്‍' ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നയിടമാണ് ഇന്ന് യു.എ.ഇ. ഓട്ടോമൊബൈല്‍ രംഗത്തെ ഏറ്റവുംപുതിയതെന്തും ആദ്യം കാണാനാകുക ഈ നാട്ടിലാണ്. അത് റോഡിലോ, വെള്ളത്തിലോ, ആകാശത്തിലോ എന്ന് വ്യത്യാസമില്ല. പുതിയവാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ കൗതുകത്തോടെ നോക്കുന്ന ആളുകളുള്ള ഒരിടം പഴയവാഹനങ്ങളെ എങ്ങനെയാകും പരിഗണിക്കുകയെന്ന് കൂടുതല്‍ ചിന്തിക്കേണ്ടതില്ലല്ലോ. തലയെടുപ്പുള്ള വിന്റേജ് വാഹനങ്ങളില്‍ യു.എ.ഇ. നിരത്തുകളിലൂടെ സന്തോഷത്തോടെയും അഭിമാനത്തോടെയും ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന ചാരിതാര്‍ഥ്യത്തോടെയും നീങ്ങുന്ന സ്വദേശികളെ നമുക്ക് കാണാനാകും. വീടുകളില്‍ ഗാരേജിനുമുന്നില്‍ ഒരു വിന്റേജ് വാഹനമെങ്കിലും സ്വന്തമായില്ലാത്ത സ്വദേശികളെ നമുക്കിവിടെ കാണാനാകില്ല. അത്രയ്ക്കുണ്ട് ചരിത്രത്തിന്റെ ഭാഗമായ വാഹനങ്ങളുമായുള്ള ഈ നാട്ടുകാരുടെ ബന്ധം. ആ ബന്ധത്തിന്റെ ഊഷ്മളതയാണ് ഷാര്‍ജയില്‍നടന്ന രണ്ടാം ക്ലാസിക് കാര്‍ ഫെസ്റ്റിവലില്‍ നാം അനുഭവിച്ചത്.
'കഥ തുടങ്ങുന്നയിടം' എന്ന ആശയത്തിലാണ് ഇത്തവണ വിന്റേജ് കാറുകളുടെ പ്രദര്‍ശനംനടന്നത്. ഇത്തരമൊരു പ്രദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ പേര്- കഥ തുടങ്ങുന്നയിടം. അതെ, ആധുനിക യു.എ.ഇ.യുടെ കഥ തുടങ്ങുന്നതും ഒട്ടകപ്പുറത്തെ മടുപ്പിക്കുന്ന ദീര്‍ഘദൂരയാത്രകളില്‍നിന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളായ പഴയവാഹനങ്ങളില്‍ ആളുകള്‍ യാത്രചെയ്തുതുടങ്ങുന്നതോടെയാണ്. മണല്‍ക്കൂനകള്‍ക്കുമുന്നില്‍ പതറാത്ത പഴയ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളില്‍നിന്ന് സലൂണ്‍ കാറുകള്‍ ആദ്യമായി ഇവിടേക്ക് ഇറക്കുമതിചെയ്യപ്പെടുന്നത് ഭരണാധികാരികള്‍ക്കും കുടുംബങ്ങള്‍ക്കുംവേണ്ടിയാണ്. പൂഴിമണലിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്ന സലൂണ്‍ കാറുകള്‍ക്ക് പകരക്കാരായി ഫോര്‍വീല്‍ വാഹനങ്ങള്‍തന്നെ വീണ്ടും കളംനിറയുന്നതിന് അധികനാള്‍ കാത്തിരിക്കേണ്ടിവന്നിട്ടില്ല. അത്തരം വാഹനങ്ങളിലൂടെ എമിറേറ്റുകള്‍തമ്മില്‍ അടുക്കുകയായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഇന്നും യു.എ.ഇ.യുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യമായി ഇത്തരം വാഹനങ്ങളുടെ ചിത്രവും നമുക്കുകാണാം.
ചരിത്രവും വിനോദവും അറിവും ലോകത്തോട് പങ്കുവെക്കുന്നത് വാഹനങ്ങളിലൂടെയാകുമ്പോള്‍ അതിന് മാറ്റുകൂടും. ഷാര്‍ജയിലെ വിന്റേജ് കാര്‍ പ്രദര്‍ശനത്തില്‍ ഏറ്റവും കൗതുകമുണര്‍ത്തിയതും അതുതന്നെയാണ്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംമുതല്‍ ഇങ്ങോട്ട് വാഹനരംഗത്തുണ്ടായ വിപ്ലവകരമായ എല്ലാമാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന വണ്ടികള്‍ ഈ പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു. ഏകദേശം നാനൂറോളം വാഹനങ്ങള്‍. എന്‍ജിനിയറിങ് സാങ്കേതികതകൊണ്ട് കാലത്തിനുമുന്നേ സഞ്ചരിച്ചവ. ജനതയുടെ ആവശ്യം കൃത്യമായി മനസ്സിലാക്കി നിര്‍മിക്കപ്പെട്ടവ. കേവലയാത്രയെന്നതിലുപരി ആഡംബരത്തിന്റെ അവസാനവാക്കായ കാറുകള്‍.
എങ്ങനെയാണ് ഇത്തരമൊരു പ്രദര്‍ശനം ചരിത്രത്തിന്റെ അടയാളപ്പെടുത്തലാകുന്നത്? ഇവിടെ പ്രദര്‍ശിപ്പിച്ച ഓരോവാഹനത്തിനും ഒരുപാടുകഥകള്‍ പറയാനുണ്ടാകും. അത് ആ കാലഘട്ടത്തിന്റെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ളതാകാം, ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ളതാകാം, അക്കാലത്തെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ളതാകാം, സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ളതാകാം, ലോകഗതിയെക്കുറിച്ചുള്ളതാകാം. അവയെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്ന ഒരു സംവിധാനമാണ് പ്രദര്‍ശനത്തെ വേറിട്ടതാക്കിയത്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഉപയോഗിച്ചിരുന്ന 1988 മോഡല്‍ റേഞ്ച് റോവര്‍ ക്ലാസിക്. രണ്ട് വാതിലുകള്‍ മാത്രമുള്ള ഈ വാഹനം സ്വയം ഓടിച്ചെത്തി ജനങ്ങളോട് നേരിട്ടുസംവദിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന പ്രവാസിമലയാളികളടക്കമുള്ള അനേകംപേര്‍ ഇവിടെയുണ്ട്. ഏറ്റവും ജനകീയനായ ഭരണാധികാരിയെന്ന് ലോകത്തെക്കൊണ്ട് പറയിപ്പിച്ച ശൈഖ് സായിദിന്റെ സ്വന്തംവാഹനംതന്നെയായിരുന്നു പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം.
യു.എ.ഇ.യുടെ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രിയപ്പെട്ട റേഞ്ച് റോവര്‍-നാലുവാതിലുകളുള്ള ആ വാഹനവും പൊതുജനങ്ങള്‍ക്ക് നേരില്‍ക്കാണാന്‍ ഇതിലും നല്ലൊരു അവസരം മറ്റൊന്നുണ്ടായിരുന്നില്ല. ക്ലാസിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നത് കേവലമൊരു ആനന്ദത്തിനുവേണ്ടി മാത്രമുള്ളതാണോ, അതോ കച്ചവടതാത്പര്യങ്ങള്‍ അതിലുണ്ടോ എന്നതാണ് ഇത്തരം പ്രദര്‍ശനവേദികളിലൂടെ കാഴ്ചകള്‍ കണ്ടുകൊണ്ട് നടക്കുമ്പോള്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളിലൊന്ന്. എന്നാല്‍, ഒരു വ്യക്തി തനിക്കേറ്റവുമിഷ്ടപ്പെട്ട് ചെയ്യുന്ന പ്രവര്‍ത്തനം വലിയ സാമ്പത്തികനേട്ടംകൂടിയുറപ്പാക്കുന്ന ഒന്നാകുന്നതില്‍പ്പരം എന്ത് സന്തോഷമാണ് വേണ്ടത്.
വാഹനപ്രേമികള്‍ക്ക് ഏറെ കൗതുകകരമായ ഒട്ടേറെ ആശയസംവാദങ്ങള്‍ക്കുകൂടി വേദിയായി ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍. അതില്‍ ഉരുത്തിരിഞ്ഞ ഒരാശയംമാത്രം പങ്കുവെക്കാം. അതിങ്ങനെയാണ് 'ക്ലാസിക് വെഹിക്കിള്‍ പാസ്‌പോര്‍ട്ട്'. ഇതിനുമുന്‍പ് കേട്ടുകേള്‍വിയില്ലാതിരുന്ന ഒരാശയം. നിങ്ങളൊരു ക്ലാസിക് വാഹനം സ്വന്തമായുള്ള ഒരാളാണെങ്കില്‍ ആ വാഹനത്തിന്റെ പ്രത്യേകതകള്‍ പൂര്‍ണമായും അടയാളപ്പെടുത്തുന്ന ഒരു രേഖ -പാസ്‌പോര്‍ട്ട് -സ്വന്തമായി ലഭിച്ചാല്‍ അതില്‍പ്പരം ആനന്ദവും അഭിമാനവും ഒരു വാഹനപ്രേമിക്ക് വേറെന്തുണ്ട്. ജനറല്‍ ഫെഡറേഷന്‍ ഫോര്‍ ഓട്ടോമൊബൈല്‍സ് ആന്‍ഡ് മോട്ടോര്‍സൈക്കിളിന്റേതാണ് ആശയം. ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം, പൈതൃകം, വിശ്വാസ്യത അങ്ങനെയെല്ലാം കൃത്യതയോടെ പരിശോധിച്ചുറപ്പാക്കുന്ന രീതി.
ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഓരോന്നിനും വലിയ വിലയുണ്ട്, എന്നാല്‍, വിലപറയാനാകാത്തതായിരുന്നു പൊതുവിലെ കാഴ്ച. ലോകചരിത്രത്തിന്റെതന്നെ ഭാഗമായ 1928 മോഡല്‍ ഫോര്‍ഡ് ഇവിടെയുണ്ട്. വാഹനങ്ങള്‍ക്ക് ഒരു പരിണാമസിദ്ധാന്തമുണ്ടെങ്കില്‍ അവയുടെ തുടക്കം ഇതിലൂടെയെല്ലാമാകാമെന്ന് പറയാവുന്നതരം വാഹനം. വാഹനവിപണി പൊതുജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ പ്രചാരത്തില്‍ വരുന്നത് ഫോര്‍ഡിന്റെ ഈ സവിശേഷമായ വാഹനത്തിലൂടെയാണ്. അതുവരെ മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ എന്‍ജിന്‍ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ യാത്രചെയ്യാന്‍ ആരംഭിക്കുന്നത് ഇതിലൂടെയായിരുന്നു.
കേവല യാത്രാസങ്കല്പങ്ങളില്‍നിന്ന് മാറി ജര്‍മന്‍ സാങ്കേതികമികവില്‍ രൂപകല്പന ചെയ്യപ്പെട്ട മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യകാല രാജാവെന്ന് വിശേഷിപ്പിക്കാവുന്ന 'ബെന്‍സ് 1920'-മുണ്ടിവിടെ. ഉരുക്കിന്റെ കെട്ടുറപ്പും ആഡംബരത്തിന്റെ പകിട്ടും. ഇന്നും ഏത് വാഹനപ്രേമിയെയും ഒറ്റനോട്ടത്തില്‍ പ്രണയത്തിലേക്ക് വീഴ്ത്താന്‍ കെല്പുള്ള രൂപഭംഗി. പ്രദര്‍ശനനഗരിയിലൂടെയുള്ള നടത്തത്തില്‍ വാഹനപ്രേമി എത്രതവണ ഇതിനെ നോക്കിയിട്ടുണ്ടാകുമെന്ന് കണക്കുണ്ടാകില്ല.
നാലുചക്രവാഹനങ്ങള്‍ക്കുപുറമേ മോട്ടോര്‍ സൈക്കിളുകളുമുണ്ട്. പണ്ട് ഉപഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്ക് സാഹസികസഞ്ചാരികള്‍ക്ക് കൈയാളായി ഒപ്പംനിന്ന മോഡലുകള്‍. ഇന്നും ഒരങ്കത്തിനുകൂടിയുള്ള ബാല്യം തങ്ങളില്‍ അവശേഷിക്കുന്നുണ്ടെന്ന പ്രഖ്യാപനംപോലെയാണ് അവയുടെ മട്ടും ഭാവവും. യന്ത്രക്കൂട്ടുകള്‍ യോജിപ്പിച്ചിണക്കിയ വാഹനങ്ങള്‍ക്ക് ചിന്താശേഷിയോ മനസ്സോ ഉണ്ടെന്ന് നമുക്കുപറയാനാകില്ല. പക്ഷേ പലപ്പോഴും മനുഷ്യരോട് ഏറ്റവും വിശ്വസ്തരായ ഒരു സഹയാത്രികനായി ഒപ്പംനില്‍ക്കാന്‍, മനസ്സോ ചിന്താശേഷിയോ ഇല്ലാത്ത ഈ ഇരുമ്പുനിര്‍മിതികള്‍ക്ക് സാധിക്കാറുണ്ട്. ഒരു മനുഷ്യന്റെ സന്തോഷവും ദുഃഖവുമെല്ലാം യാതൊരു മറയുമില്ലാതെ പ്രകടിപ്പിക്കപ്പെട്ട അകത്തളങ്ങളാകും ഏറ്റവുംപ്രിയപ്പെട്ട വാഹനങ്ങള്‍ക്കുണ്ടാകുക. കാലം മാറിമറിയുമ്പോള്‍ അവയ്ക്ക് ഈ ലോകത്തോടുപറയാന്‍ ഒരുപാട് കഥകളുണ്ടാകും. അത് കേള്‍ക്കാന്‍ ഇനിയും തലമുറകളും.
Content Highlights: Explore the history of UAE through its vintage cars at the Sharjah Classic Car Festival
Published: 22 Feb 2025, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented