
കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ സംയമനത്തോടെ ഉള്‍ക്കൊള്ളാനുള്ള ശേഷിയെയാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയായി കണക്കാക്കേണ്ടത്. ആ നിലയ്ക്ക് ലോകത്തില്‍ തന്നെ മാറ്റങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതില്‍ യുഎഇ എന്ന രാജ്യം പുലര്‍ത്തുന്ന നിഷ്കര്‍ഷത മാതൃകാപരമാണ്. ഏത് സമയത്തും ഭയാശങ്കകളില്ലാതെ പൂര്‍ണ സുരക്ഷിതത്വബോധത്തോടെ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്ന ഒരു സാമൂഹിക സാഹചര്യമുണ്ടെങ്കില്‍ അതായിരിക്കും പരിഷ്കൃതമായ സമൂഹമെന്ന് പറഞ്ഞത് നമ്മുടെ, ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയാണ്. ഭാഗ്യവശാല്‍ യുഎഇ ഇന്ന് അങ്ങനെയൊരു ഇടമാണെന്ന് നിസ്സംശയം പറയാനാകും. സുരക്ഷിത ബോധത്തോടെ ഏത് പാതിരാത്രിയിലും തനിച്ച് പുറത്ത് നടക്കുന്ന സ്ത്രീകളെ ഇവിടെ നമുക്ക് കാണാനാകും. ശക്തമായ നിയമ വ്യവസ്ഥയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളും അതിന് പിറകിലുണ്ട്. ഒപ്പം ഭരണസംവിധാനങ്ങളിലെ കരുത്തുറ്റ വനിതാ പ്രാതിനിധ്യവും.
ട്രൂഷ്യല്‍ സ്റ്റേറ്റുകളില്‍ നിന്നും സ്വയം ഭരണ പ്രദേശങ്ങളായി മാറിയ യുഎഇയുടെ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണ്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും ഒരു രാജ്യത്തെ വാര്‍ത്തെടുത്ത ഭരണാധികാരികള്‍ക്ക് ഒപ്പം പിന്തുണയുമായി വനിതകള്‍ എന്നുമുണ്ടായിരുന്നു. അന്നവരുടെ കര്‍മപഥം മറ്റൊന്നായിരുന്നെങ്കില്‍ ഇന്ന് നയരൂപീകരണ സമിതികളെ നയിക്കുന്ന നിലയിലേക്ക് വനിതകള്‍ സജീവമായിരിക്കുന്നു. യുഎഇ 50 മത് ഇമിറാത്തി വനിതാദിനം ആചരിക്കുന്ന ഓഗസ്റ്റ് 28 വലിയ പരിപാടികള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. യുഎഇ രാഷ്ട്രീയത്തിലെ കരുത്തരായ വനിതാ പ്രതിനിധികളെ ആദരിക്കുന്നതോടൊപ്പം രാഷ്ട്രത്തിന്റെ പുരോഗതിയില്‍ അടുത്ത ചുവടുകളെക്കുറിച്ചുള്ള വനിതകളുടെ കാഴ്ചപ്പാടുകള്‍ കൂടി ആരായുകയാണ് ഈ രാജ്യം.

യുഎഇയുടെ സംയുക്ത ഭരണ, നയ രൂപീകരണ സമിതിയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ പകുതിയും വനിതകളാണെന്നുള്ളത് ലോകത്തിന് പോലും പുതുമയുള്ള കാര്യമായിരിക്കും. പാരമ്പര്യത്തെ ശക്തമായി മുറുകെപ്പിടിക്കുമ്പോഴും കാലഘട്ടത്തിന്റെ മാറ്റങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഈ നാട് തയ്യാറായതിന്റെ തെളിവാണത്.
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്നി ശൈഖ ഫാത്തിമ ബിന്‍ മുബാറക് അല്‍ കെത്ബി മുതലിങ്ങോട്ട് കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം വരെ നടത്തുന്ന രാജ്യത്തിന്റെ ലിംഗസമത്വമെന്ന ആശയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇമിറാത്തി വനിതാദിനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. ശൈഖ ഫാത്തിമയുടെ രക്ഷാകര്‍തൃത്വത്തിലുള്ള ജനറല്‍ വുമണ്‍സ് യൂണിയന്റെ നേതൃത്വത്തില്‍ 1975 മുതല്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തര ശ്രമങ്ങള്‍ നടന്നുവരുന്നു. വനിതകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നവീന നിയമനിര്‍മാണം, അവരെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ എന്നിവയെല്ലാം ജനറല്‍ വുമണ്‍സ് യൂണിയന്റെ കീഴില്‍ നടപ്പാക്കുന്നുണ്ട്.
ശൈഖ ഫാത്തിമയുടെ ശ്രമങ്ങളുടെ ഭാഗമായി 2006 ല്‍ ആണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരേട് തുറക്കപ്പെടുന്നത്. കൗണ്‍സിലിലേക്ക് ആദ്യ വനിതാ അംഗത്വം നിലവില്‍ വരുന്നത് അപ്പോഴാണ്. അമാല്‍ അല്‍ ഖുബൈസിയെന്ന വനിതാ സാമാജികയിലൂടെ രാജ്യം മറ്റ് അറബ് രാജ്യങ്ങള്‍ക്കും മാതൃകയാകുകയായിരുന്നു. യുഎഇയിലെ വനിതകളുടെ പ്രതിനിധിയെന്നതിലുപരി രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പുരുഷന്മാരായ അംഗങ്ങള്‍ക്കൊപ്പം വിവിധ വിഷയങ്ങളില്‍ നിര്‍ണായകമായ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്കായി. അതിന്റെ പ്രതിഫലനമെന്നോണം കൗണ്‍സിലിലേക്ക് അഭ്യസ്തവിദ്യരായ, ദീര്‍ഘദര്‍ശികളായ നിരവധി വനിതാ അംഗങ്ങളും കടന്നുവന്നു. 2015 ല്‍ കൗണ്‍സില്‍ സ്പീക്കര്‍ എന്ന വലിയ ചുമതലയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ യുഎഇയിലെ മുഴുവന്‍ വനിതകള്‍ക്ക് മാത്രമല്ല, ലോകത്തിലെ മുഴുവന്‍ സ്ത്രീ സമൂഹത്തിനും അവര്‍ പ്രചോദനമായി മാറുകയായിരുന്നു.

കൗണ്‍സില്‍ അംഗത്വത്തിനും സ്പീക്കര്‍ ചുമതലക്കും പുറമെ മന്ത്രിസഭയിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശൈഖ ഫാത്തിമയുടെ കാഴ്ചപ്പാടുകള്‍ക്കായി. 2004ല്‍ ശൈഖ ലുബ്ന ബിന്‍ ഖാലിദ് അല്‍ ഖാസിമിയിലൂടെ ചരിത്രം പുതിയ പാതകള്‍ വെട്ടിത്തുറക്കുകയായിരുന്നു. ഇക്കണോമി മുതല്‍ സഹിഷ്ണുതാ വകുപ്പ് വരെ നീളുന്ന അവരുടെ സേവനകാലയളവില്‍ യുഎഇ ജനതക്കും വിശിഷ്യാ സ്ത്രീ സമൂഹത്തിനും വലിയ സംഭാവനകളാണ് അവര്‍ നല്‍കിയത്.
ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സധൈര്യം മുന്നോട്ട് വരാന്‍ വനിതകള്‍ക്ക് വഴിവിളക്കുകളാകുന്ന നിരവധി വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്കായി. അതിന്റെ തുടര്‍ച്ച പല മേഖലകളിലും നമുക്ക് കാണാം. ഐക്യരാഷ്ട്ര സഭയിലെ യുഎഇ പ്രതിനിധിയായ ലന നുസൈബയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ഷമ്മ അല്‍ മസ്റൂയിയുമെല്ലാം അവരില്‍ ചിലര്‍ മാത്രം. അഭിമാനാര്‍ഹമായ യു.എന്‍ വുമണ്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുകൊണ്ട് ആഗോള സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പ്രസക്തമായ ചുവടുകള്‍ വെക്കാന്‍ ലനക്കായി.
2016 ല്‍ യുവജനകാര്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഷമ്മ അല്‍ മസ്റോയിക്ക് പ്രായം 22 മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന പട്ടവും അവരില്‍ അന്ന് ചാര്‍ത്തപ്പെട്ടിരുന്നു. നിലവില്‍ സാമൂഹിക വികസന വകുപ്പിന്റെ ചുമതലയുള്ള ഷമ്മയിലൂടെ, അല്ലെങ്കില്‍ അതുപോലെ ശ്രദ്ധേയമായ പദവികള്‍ വഹിക്കുന്ന വനിതകളിലൂടെ യുഎഇ ലോകത്തോട് പറയുന്ന ഒന്നുണ്ട്.. ഗാന്ധിജി പറഞ്ഞ പോലെ 'യഥാര്‍ത്ഥ ശക്തി അഹിംസയിലാണ്, അത് ഉയര്‍ത്തിപ്പിടിക്കാനുള്ള ശക്തി സ്ത്രീകളിലും'.
Content Highlights: Gulf feature-Vanitha-Column
Published: 02 Aug 2025, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented