
പുതുമ തേടുന്ന സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്ന ഒരുപാട് കാഴ്ചകള്‍ക്കിപ്പുറം പ്രകൃതിയുടെ തനത് കാഴ്ചകളാലും സമ്പുഷ്ടമാണ് യുഎഇ. ആ വൈവിധ്യം തേടിയെത്തുന്നവര്‍ക്ക് മനോഹരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഹത്ത. നാഗരികമായ ഓട്ടപ്പാച്ചിലുകള്‍ക്കൊടുവില്‍ മലകയറുന്ന സന്ദര്‍ശകര്‍ക്ക് ഹത്തയിലെ അസ്തമയവും ഉദയവും സമ്മാനിക്കുക സ്വസ്ഥതയുടെ ജീവതാളമാണ്. ഹജര്‍ മലനിരകളുടെ താഴ്വരയായ ഇവിടേക്കുള്ള യാത്രയാകട്ടെ ധ്യാനസമാനമായ അനുഭവം പകരും. ആ അനുഭവങ്ങളും ഹത്തയുടെ സൗന്ദര്യവുമെല്ലാം ആസ്വദിക്കാനും പകര്‍ത്താനും ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നത്. ഹത്തയുടെ സൗന്ദര്യം ലോകത്തെ അറിയിക്കാനും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമായി യുഎഇ ഭരണകൂടം അശ്രാന്തപരിശ്രമങ്ങളാണ് നടത്തിവരുന്നത്. മലയാളികള്‍ യുഎഇയുടെ ചരിത്രയാത്രയുടെ ഭാഗമായതുകൊണ്ടുതന്നെ മലയാളികളെക്കൂടി ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ഓരോ പ്രവര്‍ത്തനങ്ങളും രാജ്യം നടത്തുന്നത്. അത്തരത്തില്‍ ഏറ്റവുമൊടുവില്‍ സംഘടിപ്പിച്ചതാണ് ഹംദാന്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്സും (ഹിപ്പ) ദുബായ് താമസ, കുടിയേറ്റ വകുപ്പും (ജിഡിആര്‍എഫ്എ) ചേര്‍ന്ന് നടത്തിയ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം. ഹത്ത-എ സ്റ്റോറി ഇന്‍ എവെരി ഫ്രെയിം എന്നതായിരുന്നു മത്സരത്തിന്റെ പേര്. ഒട്ടേറെ വിദേശികള്‍ പങ്കെടുത്ത മത്സരത്തില്‍ നേട്ടം കൊയ്തതാകട്ടെ രണ്ട് മലയാളികളും. ദുബായ് സാന്‍ഡ് ബാങ്കിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മോഷന്‍ ഗ്രാഫിക് ഡിസൈനര്‍/ഫോട്ടോഗ്രാഫറായ കണ്ണൂര്‍ പൊതുവാച്ചേരി സ്വദേശി ഷൈജിത്ത് ഒണ്ടേല്‍ചെറിയത്ത്, അബുദാബിയില്‍ ഫ്രീലാന്‍സറായി ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര സ്വദേശി സഫീര്‍ എടക്കണ്ടനുമാണ് പുതുതലമുറകള്‍ക്ക് മാതൃകയായി സമ്മാനം നേടിയത്. മത്സരത്തിലെ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ഷൈജിത്ത് ഒന്നാം സ്ഥാനവും സഫീര്‍ വീഡിയോഗ്രാഫി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇരുവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ഹത്തയുടേത് പ്രതീക്ഷിച്ച സമ്മാനം- ഷൈജിത്ത്
വര്‍ഷങ്ങളായി ഹിപ്പയുടെ ഫോളോവറാണ് ഷൈജിത്ത്. ഹിപ്പയിലൂടെയാണ് മത്സരവിവരം അറിയുന്നത്. ലോകത്താര്‍ക്കും പങ്കെടുക്കാവുന്ന മത്സരമായിരുന്നു ഹത്ത-എ സ്റ്റോറി ഇന്‍ എവെരി ഫ്രെയിം. ഹത്തയില്‍ ചെന്ന് ചിത്രങ്ങളെടുക്കണം എന്നുമാത്രം. ഹിപ്പ നേരത്തെ കൂളസ്റ്റ് വിന്റര്‍ ഓഫ് ദ വേള്‍ഡ് എന്നൊരു കാമ്പയിൻ നടത്തിയിരുന്നു. വിന്റര്‍ ടൂറിസത്തിന് പ്രചാരം കൊടുക്കാന്‍ യുഎഇയുടെ ചിത്രങ്ങളെടുക്കുന്ന കാമ്പയിൻ ആയിരുന്നു അത്. അതാണ് ഇപ്പോള്‍ ദുബായിലെ ഹത്ത കേന്ദ്രീകരിച്ച് മാറ്റിയത്. ഹത്തയുടെ ടൂറിസം ലോകത്തെ അറിയിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.

ജനുവരി 27 മുതല്‍ ഫെബ്രുവരി 27 വരെ ആയിരുന്നു ഹത്ത -എ സ്റ്റോറി ഇന്‍ എവരി ഫ്രെയിം ഫോട്ടോഗ്രാഫി മത്സരത്തില്‍ സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ സമര്‍പ്പിക്കാമായിരുന്നു. ഒരു മാസത്തിനുശേഷം സമര്‍പ്പിച്ച മൂന്ന് ചിത്രങ്ങളും ചുരുക്കപ്പട്ടികയിലാണെന്ന് കാണിച്ച് ഷൈജിത്തിന് ഇ-മെയില്‍ വന്നു. പിന്നീട് മേയിലാണ് വിജയികളിലൊരാളാണെന്ന് പറഞ്ഞ് ഹിപ്പയില്‍നിന്നും ഫോണ്‍വിളിയെത്തുന്നത്. ജിഡിആര്‍എഫ്എ ഓഫീസില്‍ നടക്കുന്ന പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെവെച്ചാണ് ഒന്നാം സമ്മാനം ആണെന്ന് അറിയുന്നത്. 15,000 ദിര്‍ഹവും സര്‍ട്ടിഫിക്കറ്റുമായിരുന്നു പുരസ്‌കാരം.
ഒന്നാം സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയില്‍തന്നെയായിരുന്നു. പക്ഷേ, മൂന്ന് ചിത്രങ്ങളില്‍ പ്രതീക്ഷിച്ചതല്ല മുന്നിലെത്തിയത് എന്നുമാത്രം. ഹത്ത പലതവണ പോയിരുന്ന സ്ഥലമാണ്. ഈ മത്സരത്തിലേക്ക് ചിത്രങ്ങളെടുക്കാന്‍ പ്രത്യേകമൊരു യാത്രതന്നെ നടത്തി.

ഹത്തയില്‍ ലേക്കിന് സമീപത്തെ കുതിരകളുടെ സ്റ്റേപ്പിള്‍സ് കേന്ദ്രീകരിച്ചുള്ളതായിരുന്നു എന്റെ സമ്മാനാര്‍ഹമായ ചിത്രം. ആദ്യം സ്റ്റേപ്പിള്‍സുമായി ബന്ധപ്പെട്ട അറബിയുടേത് ഉള്‍പ്പെടെ സമ്മതം വാങ്ങി. പിന്നീട് മറ്റൊരു ദിവസമാണ് ചിത്രങ്ങളെടുക്കുന്നത്.
2009 ലാണ് യുഎഇയിലെത്തുന്നത്. 2012 മുതല്‍ ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ തുടങ്ങി. ഫ്രൈഡെ ഷൂട്ട്ഔട്ട് എന്നൊരു ഗ്രൂപ്പില്‍ അക്കാലത്ത് സജീവമായിരുന്നു. പിന്നീട് തനിച്ചായിരുന്നു പരീക്ഷണങ്ങള്‍ അധികവും. ഈ രംഗത്ത് സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യമാണിത്. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും യുഎഇയില്‍ വലിയ പിന്തുണയും സ്‌കോപ്പുമുണ്ട്. ഹിപ്പ പോലുള്ള ഓര്‍ഗനൈസേഷനുകള്‍ വര്‍ഷത്തില്‍ ഒന്നിലേറെ ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ പല ഫോട്ടോഗ്രാഫി മത്സരങ്ങല്‍ലും എഐക്കുവേണ്ടി പ്രത്യേക വിഭാഗം തന്നെയുണ്ട്. ഇക്കാലത്ത് നിര്‍മ്മിതബുദ്ധിയുടെ (എഐ) കടന്നുവരവോടെ അത് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പലയിടങ്ങളിലും കാണാം. അഡ്വെര്‍ട്ടൈസിങ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നയാള്‍ എന്ന നിലയില്‍ ജോലിയില്‍ എഐ നന്നായി ഉപയോഗിച്ചുവരുന്നുണ്ട്. കാലത്തിന് അനുസരിച്ച് നമ്മള്‍ അപ്ഡേറ്റ് ചെയ്യണം. അല്ലെങ്കിലത് തൊഴില്‍ മേഖലയെയും ബാധിച്ചേക്കാം. എന്നാല്‍ ഡോക്യുമെന്ററി/പ്രസ് ഫോട്ടോഗ്രാഫേഴ്സിനെ ഇത് ബാധിക്കും എന്ന് തോന്നുന്നില്ലെന്ന് ഷൈജിത്ത് പറഞ്ഞു. ഒട്ടേറെ നാഷണല്‍, ഇന്റര്‍നാഷണല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഷൈജിത്ത് കുടുംബസമേതം ദുബായിലാണ് താമസം. രാജന്‍ കൈപ്രത്തിന്റെയും ഉമ റാണിയുടെയും മകനാണ്. സഹോദരങ്ങള്‍ ഉജിത്ത്, രമിത്ത്. ഭാര്യ: ശുഭശ്രീ. മക്കള്‍: ഇഷാന്‍, വിഹാന്‍.
ഹത്തയെ അടുത്തറിയാം- സഫീര്‍
ഹത്തയെ വളരെ അടുത്തറിയുന്നയാളാണ് സഫീര്‍. 'ഹത്ത' യെ നന്നായി അറിയുന്നത് കൊണ്ട് വീഡിയോ ചിത്രീകരണം വളരെ എളുപ്പമായിരുന്നു. ഒരിക്കലെങ്കിലും കിട്ടണം എന്ന ആഗ്രഹിച്ചതാണ് ഹിപ്പ പുരസ്‌കാരം. അതിനുവേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്തു. ഈ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. നേരത്തെ ഹിപ്പയില്‍തന്നെ വീഡിയോഗ്രാഫി മത്സത്തിന് പങ്കെടുക്കുകയും അന്ന് പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല. ഹത്തയുടെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും 45 സെക്കന്‍ഡിളല്‍ ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഉള്‍പ്പെടുത്തണമെന്ന് മത്സരത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അതില്‍ വിജയിക്കാനായി. ഹത്ത -എ സ്റ്റോറി ഇന്‍ എവെരി ഫ്രെയിം എന്ന ആശയത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ നല്ല പിന്തുണ ലഭിച്ചു. ഒരു കൂട്ടായ്മയുടെ വിജയമാണിതെന്ന് പറയാം. മൂന്ന് പകലും ഒരു രാത്രിയുമാണ് ചിത്രീകരണത്തിന് വേണ്ടിവന്നത്. രാത്രിയിലെ ഷൂട്ട് കഠിനമായിരുന്നു. മലമുകളിലെ ക്യാമ്പ് ഫയര്‍ ആയിരുന്നു സീന്‍. ശക്തമായ കാറ്റ് കാരണം ക്യാമ്പ് ഫയര്‍ ഒരുക്കാനും നല്ലനിലയില്‍ ചിത്രീകരിക്കാനും ബുദ്ധിമുട്ടി. കാറ്റ് അടങ്ങുവോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

വീഡിയോയില്‍നിന്നുള്ള ദൃശ്യം
വിഡീയോഗ്രാഫി മേഖലയില്‍ ഏകദേശം 17 വര്‍ഷം പിന്നിടുന്നു. വീഡിയോ എഡിറ്റിംഗും വിഡിയോഗ്രഫിയും ഒരുമിച്ച് തുടങ്ങിയതാണ്. പ്ലസ് വണ്‍ മുതലേ അതിലായിരുന്നു താത്പര്യവും. 2017 മുതല്‍ ഫ്രീലാന്‍സായി ദുബായില്‍ വിഡിയോ ഫിലിമിങ്, എഡിറ്റിങ്, ഡിജിറ്റല്‍ കോണ്‍ടെന്റ് ജോലി ചെയ്തുവരുന്നു. യുഎഇക്ക് പുറമെ ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഒഫീഷ്യല്‍ ടൂറിസം വീഡിയോ ചെയ്യാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഒരു കോണ്‍ടെന്റ് ക്രീയേറ്റര്‍ എന്ന നിലയില്‍ എഐ നന്നായി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. സ്‌ക്രിപ്റ്റ് സപ്പോര്‍ട്ട്, ഷോര്‍ട്ലിസ്റ്റ്, തുടങ്ങിയ പ്രീ വര്‍ക്കുകള്‍ക്ക് എഐ ഉപകാരപ്രദമാണ്. എങ്കിലും നമ്മുടേതായ ക്രിയേറ്റീവ് കാര്യങ്ങള്‍ കൊണ്ടുവരാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പൂര്‍ണ്ണമായും എഐയെ ആശ്രയിക്കരുത് എന്നാണ് പറയാനുള്ളത്. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രഫിയിലും അടിസ്ഥാനം എന്ന് പറയുന്നത് ഫ്രെമിങ്ങും സ്റ്റോറി ടെല്ലിങ്ങും തന്നെയാണ്. അത് നമ്മുടെ കണ്ണും മനസ്സും ആകണം. വളര്‍ച്ചയിലുടനീളം ഒപ്പം നിന്ന കൂട്ടുകാരും നാട്ടുകാരും എല്ലായ്പ്പോഴും ഏറ്റവും വലിയ കരുത്താണെന്ന് സഫീര്‍. 2023 തുടക്കത്തില്‍ ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയുടെ കീഴില്‍ ക്രിയേറ്റീവ് വിഭാഗത്തില്‍ ഗോള്‍ഡന്‍ വിസയും ലഭിച്ചു. അലവിക്കുട്ടിയും ജുവൈരിയയുമാണ് മാതാപിതാക്കള്‍. സലൂബ്, സജീര്‍, സഹീര്‍, സജാദ് എന്നിവര്‍ സഹോദരങ്ങള്‍. സഹ് ല ഏക സഹോദരി. ഭാര്യ മുസ്ഫിറയും മകന്‍ ഹനാന്‍ ആത്തീഫ്, മകള്‍ ഹയ മാറിയവുമായി ദുബായ് അല്‍ വര്‍ഖയിലാണ് താമസം.
Content Highlights: gulf feature
Published: 17 Jul 2025, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented