ടോൾ ബൂത്തുകളിൽ സൗജന്യമായി ചായയും ബിസ്കറ്റും
ചെന്നൈ : ഉറക്കച്ചടവു കാരണം ഉണ്ടായേക്കാവുന്ന വാഹനാപകടങ്ങൾ ചെറുക്കാനായി ടോൾ ബൂത്തുകളിൽ സൗജന്യമായി ചായയും ബിസ്കറ്റും ഒപ്പം ടൂത്ത്പേസ്റ്റ്, ബ്രഷ്, വാട്ടർ ബോട്ടിൽ, ടവൽ എന്നിവയടങ്ങിയ കിറ്റും. ചെന്നൈ - ബെംഗളൂരു ദേശീയപാതയിൽ തിരുപ്പത്തൂർ, വെല്ലൂർ ജില്ലകളിലെ വാണിയമ്പാടി, പള്ളിക്കൊണ്ട ടോൾ ബൂത്തുകളിലാണ് ഇവയുടെ വിതരണം. പുലർച്ചെ നാലിനും ആറിനും ഇടയിൽ ഡ്രൈവർമാർക്ക് ചൂടുചായയും ബിസ്കറ്റും കിറ്റും നൽകുന്നുണ്ട്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.)യുടെ പട്രോളിങ് ജീവനക്കാരാണ് വിതരണം നടത്തുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുക എന്നതാണ് സംരംഭത്തിന്റെ മുഖ്യലക്ഷ്യം. പുലർച്ചെ രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് മിക്ക വാഹനാപകടങ്ങളും നടക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ദീർഘദൂര റൂട്ടുകളിലെ ഡ്രൈവർമാരിൽ പലർക്കും രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നതിൽ പരിചയക്കുറവുണ്ട്.
ഉറക്കക്കുറവും ക്ഷീണവും കാരണം അവർ യാത്രയ്ക്കിടയിൽ മയങ്ങിപ്പോകുന്നു. ഇത്തരം ഘട്ടങ്ങളിൽ അവർക്ക് ഉന്മേഷം പകരാൻ വേണ്ടിയാണ് ചായയും ബിസ്കറ്റും നൽകിത്തുടങ്ങിയതെന്ന് എൻ.എച്ച്.എ.ഐ. റൂട്ട് പട്രോൾ ഓഫീസർ ശരത് പട്ടേൽ പറഞ്ഞു.
ചില ഡ്രൈവർമാർ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തി ടൂത്ത് പേസ്റ്റും ബ്രഷുമൊക്കെ വാങ്ങാൻ വേണ്ടി ഓടിപ്പോകാറുണ്ട്.
അത്തരം ഘട്ടങ്ങളിൽ അപകടസാഹചര്യങ്ങൾ ഒഴിവാക്കാനാണ് സൗജന്യമായി കിറ്റു നൽകുന്നത്. നിലവിൽ മേഖലയിലുളള കനത്ത മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിലാണ് സംരംഭത്തിനു തുടക്കം കുറിച്ചതെങ്കിലും വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അധികൃതർ കരുതുന്നു. വെല്ലൂർ, റാണിപേട്ട്, തിരുവണ്ണാമല, തിരുപ്പത്തൂർ ജില്ലകളിലെ ഉൾനാടൻ പ്രദേശങ്ങളിൽ കടൽക്കാറ്റിന്റെ അഭാവമാണ് മൂടൽമഞ്ഞ് നേരത്തേ എത്താൻ കാരണമെന്ന് വെല്ലൂർ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു.
Published: 21 Nov 2026, 04:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented