ചെന്നൈ : കിർഗിസ്താനിൽ നടന്ന ഭിന്നശേഷിക്കാർക്കായുള്ള ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം നേടി മലയാളി വിദ്യാർഥിനി. മുഗപ്പെയറിൽ താമസിക്കുന്ന തിരുവല്ല കിഴക്കൻമുത്തൂർ സ്വദേശി എബി മാത്യുവിന്റെയും എലിസബേത്തിന്റെയും മകൾ ഷാരോൺ റേച്ചൽ എബിയാണ് മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കിയത്. 20 വയസ്സിൽ താഴെയുള്ളവരുടെ റാപ്പിഡ്, ബ്ലിറ്റ്സ്, ക്ലാസിക്കൽ വിഭാഗങ്ങളിലാണ് മെഡൽ നേട്ടം. തമിഴ്നാട്ടിൽ നിന്ന് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മറ്റൊരുതാരം ദുർഗശ്രീ മൂന്ന് വെള്ളിമെഡൽ നേടി. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഇരുവരെയും തമിഴ്നാട് കായിക വകുപ്പ് മന്ത്രി ആധവ്‌ അർജുന ആദരിച്ചു.മുൻപ്‌ പല രാജ്യാന്തര ടൂർണമെന്റുകളും ദേശീയ, സംസ്ഥാനചെസ് ചാമ്പ്യൻഷിപ്പുകളിലും ഷാരോൺ മെഡൽ നേട്ടം കൈവരിച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപ്‌ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ഐ.പി.സി.എ.(ഇന്റർനാഷണൽ ഫിസിക്കലി ഡിസേബിൾഡ് ചെസ് അസോസിയേഷൻ) ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളി മെഡലും അതിന് മുൻവർഷം അർമേനിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച് 90 ശതമാനം ശാരീരികപരിമിതി നേരിടുന്ന ഷാരോൺ മുഗപ്പെയർ സ്പാർട്ടൻ മെട്രിക്കുലേഷൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

To advertise here,