ചെന്നൈ : മഴ കുറയുകയും കനത്തചൂട് തുടരുകയും ചെയ്തതോടെ തമിഴ്‌നാട് ജലക്ഷാമത്തിലേക്കു നീങ്ങുന്നു. സംസ്ഥാനത്തെ ജലസംഭരണികളിൽ ശേഷിയുടെ 35 ശതമാനം വെള്ളമേ ഇപ്പോഴുള്ളൂ എന്നാണ് കണക്കാക്കുന്നത്.

To advertise here,

സംസ്ഥാനത്ത് മേട്ടൂർ ഡാമിൽ മാത്രമാണ് നിലവിൽ പകുതിയിലേറെ വെള്ളമുള്ളത്. മേട്ടൂരിലെ ജലനിരപ്പുതന്നെ ചൊവ്വാഴ്ച 70.15 അടിയായി കുറഞ്ഞു. 120 അടിയാണ് പരമാവധിശേഷി. സംസ്ഥാനത്തെ എല്ലാ ജലസംഭരണികളുമെടുത്താൽ ശേഷിയുടെ 35.36 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

ചെന്നൈ നഗരത്തിലെ ആറു തടാകങ്ങളിലായി 13,22 ദശലക്ഷം ഘന അടി വെള്ളം സംഭരിക്കാനാവും. എന്നാലിപ്പോൾ 4,977 ദശലക്ഷം ഘന അടി വെള്ളമേ ഉള്ളൂ. ശേഷിയുടെ 37.6 ശതമാനമാണിത്.

ശക്തമായിക്കൊണ്ടിരിക്കുന്ന എൽനിനോ പ്രഭാവവും കടുത്ത ഉഷ്ണതരംഗവുമാണ് തമിഴ്‌നാടിനെ ജലക്ഷാമത്തിലേക്കു നയിക്കുന്നത്. ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം തീരെ കുറവായിരുന്നു. ഒക്ടോബർ മാസമായിട്ടും ചൂടുകുറഞ്ഞതുമില്ല. ഇതോടെ സംഭരണികളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.

ചെന്നൈയിൽ പലയിടത്തും നഗരസഭയുടെ ജലവിതരണത്തിന്റെ താളംതെറ്റാൻ തുടങ്ങിയിട്ടുണ്ട്. വെള്ളത്തിന് സ്വകാര്യ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നഗരവാസികൾ.

വടക്കുകിഴക്കൻ കാലവർഷത്തിൽ ആവശ്യത്തിനു മഴലഭിച്ചാൽ ചെന്നൈ നഗരത്തിലെ പ്രശ്നത്തിന് ശമനമുണ്ടാകും. എന്നാൽ, പ്രധാനമായും തെക്കു പടിഞ്ഞാറൻ കാലവർഷത്തെ ആശ്രയിക്കുന്ന തെക്കൻ ജില്ലകളിലും പടിഞ്ഞാറൻ ജില്ലകളിലും സ്ഥിതി ഗുരുതരമായി തുടരും. കോയമ്പത്തൂർ, പൊള്ളാച്ചി, ഉദുമൽപ്പേട്ട ഭാഗങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് കൃഷി നനയ്ക്കുന്നത്.

ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ അനുസരിച്ച് എൽനിനോ കൂടുതൽ ശക്തിപ്പെടുകയാണ്. 2027 ഫെബ്രുവരി വരെ അതിന്റെ പ്രഭാവം അനുഭവപ്പെടുമെന്നാണ് പ്രവചനം. വടക്കു കിഴക്കൻ കാലവർഷവും ചതിച്ചാൽ 2027-ന്റെ തുടക്കത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടും. അത് കാർഷികോത്‌പാദനത്തെയും കുടിവെള്ള വിതരണത്തെയും ബാധിക്കും.