ചെന്നൈ : ഉപതിരഞ്ഞെടുപ്പുനടന്ന മധുരാന്തകത്തും ധാരാപുരത്തും പോളിങ് ശതമാനം കുത്തനെ കുറഞ്ഞു. നാലുമാസം മുൻപ് അധികാരത്തിൽവന്ന ടി.വി.കെ. സർക്കാരിന്റെ ഹിതപരിശോധനയാവുമെന്നു കരുതപ്പെടുന്ന തിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞത് എല്ലാ കക്ഷികളുടെയും നെഞ്ചിടിപ്പ് ഏറ്റിയിട്ടുണ്ട്.

To advertise here,

ആദ്യ കണക്കുകളനുസരിച്ച് മധുരാന്തകത്ത് 85.98 ശതമാനവും ധാരാപുരത്ത് 80.30 ശതമാനവുമാണ് പോളിങ്. ഏപ്രിലിൽനടന്ന തിരഞ്ഞെടുപ്പിൽ മധുരാന്തകത്ത് 93.20 ശതമാനം പേരും ധാരാപുരത്ത് 89.90 ശതമാനം പേരും വോട്ടുചെയ്ത സ്ഥാനത്താണ് ഇത്.

അന്തിമ കണക്കുവരുമ്പോൾ പോളിങ് ശതമാനം അല്പംകൂടി ഉയർന്നേക്കുമെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ വളരെ കുറവായിരിക്കുമെന്ന് ഉറപ്പാണ്. അഞ്ചുമാസത്തെ ഇടവേളയിൽ വീണ്ടും പോളിങ് ബൂത്തിലെത്തേണ്ടി വന്നതുകൊണ്ടാണ് വോട്ടുചെയ്തവരുടെ എണ്ണം കുറഞ്ഞതെന്നാണ് കരുതുന്നത്.

തർക്കങ്ങൾകാരണം ചില ബൂത്തുകളിൽ അല്പസമയം പോളിങ് തടസ്സപ്പെട്ടെങ്കിലും വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ധാരാപുരത്തെ ഒരു ബൂത്തിൽ പോളിങ് ഓഫീസർ ടി.വി.കെ.ക്ക്‌ വോട്ടുചെയ്യാൻ നിർദേശിച്ചെന്ന പരാതിയുണ്ടായി.

ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിച്ചതിനെത്തുടർന്ന്് ഇവിടെ വോട്ടെടുപ്പ് കുറച്ചുസമയം നിർത്തിവെച്ചു. ആരോപണം പ്രിസൈഡിങ് ഓഫീസർ രാജേശ്വരി നിഷേധിച്ചു. ഏതാനും ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിന്റെ കുഴപ്പം കാരണം വോട്ടെടുപ്പു വൈകി.

വിജയം ഉറപ്പാണെന്ന് ധാരാപുരത്തെ ടി.വി.കെ. സ്ഥാനാർഥി പി. സത്യഭാമയും അണ്ണാ ഡി.എം.കെ. സ്ഥാനാർഥി കെ. ഭാനുമതിയും അവകാശപ്പെട്ടു. ഉപതിരഞ്ഞെടുപ്പിന് 35 കോടി രൂപ ചെലവിട്ടെന്ന സത്യഭാമയുടെ പ്രസ്താവന ടി.വി.കെ. പണമൊഴുക്കുന്നുവെന്നതിന് തെളിവാണെന്ന് ഭാനുമതി പറഞ്ഞു. ആരോപണം നിഷേധിച്ച സത്യഭാമ, തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

എസ്. സുകന്യയാണ് ഇവിടെ ഡി.എം.കെ. സ്ഥാനാർഥി. അണ്ണാ ഡി.എം.കെ. വിട്ട് ടി.വി.കെ.യിലെത്തിയ കെ. മരഗതം കുമാരവേലും ഡി.എം.കെ.യുടെ ഐ. പരന്താമനും തമ്മിലാണ് മധുരാന്തകത്ത് പ്രധാന മത്സരം. കനിത സമ്പത്താണ് അണ്ണാ ഡി.എം.കെ. സ്ഥാനാർഥി. ഇടതുപക്ഷത്തിന്റെയും എൻ.ടി.കെ.യുടെയും സ്ഥാനാർഥികൾകൂടിയായതോടെ രണ്ടിടത്തും പഞ്ചകോണ മത്സരമാണ്.

​തട്ടാൻചാവടിയിൽ 81 ശതമാനം

​പുതുച്ചേരി : തട്ടാൻചാവടി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 80.81 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 84.33 ശതമാനം ആയിരുന്നു പോളിങ്.

വോട്ടെടുപ്പ് തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം വേഗം കൈവരിച്ചു. ഈ മണ്ഡലത്തിൽ ആകെ 26,921 വോട്ടർമാരാണുള്ളത്. ഇതിൽ 14,341 സ്ത്രീകളും 12,575 പുരുഷന്മാരും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ 305 വോട്ടർമാർ അധികമുണ്ട്. മുഖ്യമന്ത്രി എൻ. രംഗസ്വാമി കഴിഞ്ഞതവണ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചതിനുശേഷം തട്ടാൻചാവടി സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.