ഒരാളുടെ കൈക്കു വെട്ടേറ്റു

To advertise here,

ചെന്നൈ : നഗരത്തിലെ മലയാളി ചായക്കടകൾക്കുനേരേ വീണ്ടും ഗുണ്ടകളുടെ ആക്രമണം. റോയപ്പേട്ട മീസാൻപേട്ട് മാർക്കറ്റിനടുത്ത ബസന്റ് റോഡിലുള്ള 'അറഫ ടീ സ്റ്റാൾ' റൗഡികൾ തല്ലിത്തകർക്കുകയും കടയുടമകളിലൊരാളായ മലപ്പുറം തിരൂർ സ്വദേശി മൻസൂറിന്റെ (39) കൈ വെട്ടുകയുംചെയ്തു. മൻസൂറും സഹോദരൻ ജംഷീറും ഉൾപ്പെടെ നാലു സഹോദരങ്ങൾ ചേർന്നാണ് അറഫ ടീ സ്റ്റാൾ നടത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി 9.30-ന് രണ്ട് ഗുണ്ടകൾ കടയിൽ അതിക്രമിച്ചുകയറി ഫ്രിഡ്ജും, ഇൻഡക്‌ഷൻ സ്റ്റൗവും, സി.സി.ടി.വി. ക്യാമറകളും ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ അടിച്ചുതകർത്തു. ഗുണ്ടകളെ ഭയന്ന് കടയിലുണ്ടായ ബംഗാളികളായ മറ്റ് ജോലിക്കാർ ഓടിരക്ഷപ്പെട്ടു.

ഗുണ്ടകളിൽ ഒരാൾ വാക്കത്തിയുമായെത്തി മൻസൂറിന്റെ തലയിൽ വെട്ടാൻ ശ്രമിച്ചു. ഇതു തടഞ്ഞപ്പോഴാണ് മൻസൂറിന്റെ ഇടതു കൈയിൽ വെട്ടേറ്റത്. എല്ലുകൾക്കു പരിക്കേറ്റ മൻസൂറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ മൻസൂർ കൂടുതൽ ചികിത്സതേടി നാട്ടിലേക്കു തിരിച്ചു.

ചായക്കടയുടെ തൊട്ടടുത്ത് 'ചാർമിനാർ' എന്ന പേരിൽ ബിരിയാണിക്കടയുണ്ട്. ഏതാനും ദിവസം മുൻപ് ഇതേ ഗുണ്ടാ സംഘത്തിലെ ഒരംഗം അവിടെയുള്ള ജോലിക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവുമായി രക്ഷപ്പെട്ടിരുന്നു. ആ കേസിലെ അന്വേഷണത്തിനിടെ അറഫ ടീ സ്റ്റാളിലെ സി.സി.ടി.വി ദൃശ്യങ്ങൾകൂടി പോലീസ് ശേഖരിച്ചിരുന്നു. മനഃപൂർവ്വം കേസിൽ കുടുക്കാൻ അറഫ ടീ സ്റ്റാൾ ഉടമകൾ ശ്രമിച്ചുവെന്നു സംശയിച്ച് പ്രതികാരം വീട്ടാനാണ് റൗഡികൾ ആക്രമണം നടത്തിയതെന്നാണ് സംശയം.

ചായക്കട അടിച്ചുതകർത്ത രണ്ടു ഗുണ്ടകളും പ്രദേശവാസികളാണ്. ഇതിൽ ഒരാളുടെ സഹോദരനാണ് ചാർമിനാർ ബിരിയണിക്കടയിൽ ആക്രമണം നടത്തിയതും.

ഐസ് ഹൗസ് പോലീസ് കേസെടുത്ത് റൗഡികൾക്കായി തിരച്ചിൽ തുടങ്ങി. സംഭവത്തിൽ ചെന്നൈ മെട്രപൊളിറ്റൻ ടീ ഷോപ്പ് ഓേണഴസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി.

സംഘടനയുടെ പ്രസിഡന്റ് ടി. അനന്തന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഐസ് ഹൗസ് പോലിസ് സ്റ്റേഷനിലെത്തി പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടു. ചായക്കടക്കാർക്കു നേേരയുള്ള ആക്രമണങ്ങൾ ചെറുക്കാൻ പോലീസ് സഹായവുംതേടി.