ചെന്നൈ : ദീപാവലി ആഘോഷങ്ങൾക്കായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെന്നൈ നഗരത്തിൽനിന്ന് ഒൻപത് ലക്ഷത്തോളം ആളുകൾ സ്വന്തം നാടുകളിലേക്ക് തിരിച്ചു. തീവണ്ടികളും ബസുകൾ എന്നിവ വഴിയാണ് ഭൂരിഭാഗം ആളുകളും യാത്രയായത്. എന്നാൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്തവരുടെ വ്യക്തമായ കണക്കുകൾ ലഭ്യമായിട്ടില്ല. യാത്രാതിരക്ക് മുന്നിൽ കണ്ട് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയിൽവേ പ്രത്യേക തീവണ്ടികൾ സർവീസ് നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ചെന്നൈ സെൻട്രൽ, എഗ്മോർ, താംബരം റെയിൽവേ സ്റ്റേഷനുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനറൽ കമ്പാർട്ടുമെന്റുകൾ തിങ്ങിനിറഞ്ഞതിനൊപ്പം സ്ലീപ്പർ കോച്ചുകളിലും സാധാരണ ടിക്കറ്റുകളുമായി ഒട്ടേറെ ആളുകൾ യാത്ര ചെയ്തു.

To advertise here,

തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാരുടെ പ്രധാന കേന്ദ്രമായ കിളാമ്പാക്കം ബസ് സ്റ്റാൻഡിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. പതിവ് സർവീസുകൾക്ക് പുറമേ അനുവദിച്ച പ്രത്യേക ബസുകളിലും സ്വകാര്യ ബസുകളിലും യാത്രക്കാർ നിറഞ്ഞിരുന്നു.

യാത്രക്കാർ കാറുകളിലും ഓട്ടോറിക്ഷകളിലുമായി റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും എത്തിയതോടെ നഗരത്തിലെ പ്രധാന റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ച റോഡുകളിൽ ഗതാഗതക്കുരുക്കിന് അല്പം ശമനമുണ്ടായിരുന്നു.