പുതുച്ചേരി : കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ പുതുച്ചേരി നഗരം വെള്ളത്തിലായി. ശനിയാഴ്ച വൈകീട്ട് 5.30 മുതൽ ഞായറാഴ്ച രാവിലെ 8.30 വരെ 9.7 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. തിങ്കളാഴ്ചയും പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ല.

To advertise here,

മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ റോഡുകളിലും വീടുകളിലും കെട്ടിക്കിടക്കുകയാണ്. ഗ്രാൻഡ്, ഉപ്പനാർ കനാലുകൾ കരകവിഞ്ഞതോടെ ബൂമിയൻപേട്ട്, കൃഷ്ണ നഗർ, വെങ്കട്ട നഗർ, റെയിൻബോ നഗർ, സോലൈ നഗർ എന്നീ താഴ്ന്നപ്രദേശങ്ങൾ പൂർണമായും മുങ്ങി.

പണിതീരാത്ത പൈപ്പ് ലൈനുകളും പൊട്ടിക്കിടക്കുന്ന കേബിൾ ലൈനുകളും കാരണം പല തെരുവുകളിലും ജനങ്ങൾ ഭീതിയിലാണ്.

ഈസ്റ്റ് കോസ്റ്റ് റോഡിലെ ഇന്ദിരാഗാന്ധി സ്ക്വയർ, രാജീവ് ഗാന്ധി സ്‌ക്വയർ, ശിവാജി സ്റ്റാച്യു ജങ്ഷ‌നുകളിൽ ഗതാഗതം സ്തംഭിച്ചു. റോഡിൽനിന്ന് മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കി കളയുന്നുണ്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കാരണം തുറമുഖത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ 27 വരെ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

പൊതുസുരക്ഷ കണക്കിലെടുത്ത് സ്കൂളുകൾക്കും കോളേജുകൾക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.