പുല്പള്ളി : സമൃദ്ധിയുടെ കതിരൊളിവീശി ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ തുലാപ്പത്ത് പുത്തിരി ആഘോഷിച്ചു. ആചാരപ്പെരുമയോടെ പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ നടത്തിയ തുലാപ്പത്ത് പുത്തിരി കതിരുകയറ്റൽച്ചടങ്ങ് ഭക്തിസാന്ദ്രമായി. വിശേഷദിവസം ക്ഷേത്രസന്നിധിയിൽ ദർശനത്തിനും പൂജിച്ച നെൽക്കതിരേറ്റുവാങ്ങി അനുഗ്രഹം നേടാനുമായി നൂറുകണക്കിന് ഭക്തരാണെത്തിയത്.
ക്ഷേത്ര വയലിൽനിന്ന് കൊയ്തെടുത്ത നെൽക്കതിരുകൾ ആറാട്ടു കുളക്കടവിൽ ഏറ്റുവാങ്ങി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേൽശാന്തി മധുസൂദനൻനമ്പൂതിരി, സുധീന്ദ്ര അഡിഗ എന്നിവർ കതിർക്കറ്റകൾ ശിരസ്സിലേന്തി, ഇടതുകൈയിലെ മണികിലുക്കി പ്രദക്ഷിണംവെച്ച് ക്ഷേത്ര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. പ്രത്യേക പൂജകൾക്കുശേഷം കതിരുകൾ സീതാദേവിയുെടയും ഉപദേവൻമാരുടെയും നടയിൽ സമർപ്പിച്ചു. കതിരുകൾ വിതരണംചെയ്തു. ഐശ്വര്യ ദേവതയെ കുടിയിരുത്തിയ ചൈതന്യംനിറഞ്ഞ നെൽക്കതിരുകൾ പ്രസാദമായി സ്വീകരിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങി. ക്ഷേത്രങ്ങളിൽ പൂജിച്ചശേഷം ലഭിക്കുന്ന നെൽക്കതിരുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്ഥാപിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് വിശ്വാസം. പുല്പള്ളി മുരിക്കന്മാർ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻനായർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സി. വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. മൂലസ്ഥാനമായ താഴെയങ്ങാടിയിലെ ചേടാറ്റിൻ കാവിലും തുലാപ്പത്ത് പുത്തിരിയാഘോഷിച്ചു.
ഗൂഡല്ലൂർ : നിലമ്പൂർ കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ള നമ്പാലക്കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ വിളവെടുപ്പുത്സവം നടന്നു. പൂത്തൂർവയലിൽനിന്ന് കൊയ്തെടുത്ത നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തിക്കുകയും പ്രത്യേകപൂജയും ചടങ്ങുകളോടെയും വരവേൽക്കുകയും ചെയ്തു. തന്ത്രി കിഴക്കമ്പടം ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽപൂജകൾ നടന്നു.
കളനാടി സമുദായം തുലാപ്പത്ത് ആഘോഷിച്ചു
പാരമ്പര്യസ്മരണകളുണർത്തി ജില്ലയിലെ കളനാടി സമുദായത്തിന്റെ തുലാപ്പത്താഘോഷം. കുടുംബക്ഷേത്രങ്ങളായ ചാമംകൊല്ലി ഭഗവതീ ക്ഷേത്രത്തിലും തേലമ്പറ്റ അറയിൽ ഭഗവതീ ക്ഷേത്രത്തിലുമായി സമുദായംഗങ്ങൾ ഒത്തുകൂടി. നെൽക്കതിർ പൂജയായിരുന്നു തുലാപ്പത്തിലെ പ്രധാനചടങ്ങ്. പൂജിച്ച നെൽക്കതിർ സമുദായംഗങ്ങളുടെ വീടുകളിൽ കതിർകയറ്റി. തുടർന്ന് വീടുകളിൽ പുത്തേരി മുത്തിക്ക് മഞ്ഞച്ചോറും കുറിയൻ കായ്കറിയും വഴിപാടായി നിവേദിച്ചു. കളനാടി സമുദായ സംഘടനാ ജനറൽ സെക്രട്ടറി ബിജേഷ് അടക്കാച്ചിറ, ഷൈജു തേലമ്പറ്റ, സുനിൽ കോളൂർ തുടങ്ങിയവർ നേതൃത്വംനൽകി.
Published: 28 Oct 2026, 04:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented