ആകെ ശേഖരിച്ചത് 5,423 കിലോഗ്രാം ഇ-മാലിന്യം

To advertise here,

സുൽത്താൻബത്തേരി : ശാസ്ത്രീയമായ മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത പഞ്ചായത്തെന്ന നേട്ടവുമായി നൂൽപ്പുഴ. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശീന്ദ്രൻ ഇ-മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നിർവഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 5,423 കിലോഗ്രാം ഇ-മാലിന്യമാണ് പഞ്ചായത്ത് ശേഖരിച്ചത്. ഒന്നാംഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 2,028 കിലോഗ്രാം മാലിന്യവുമാണ് ശേഖരിച്ചത്.

കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ പദ്ധതിയായ ഭൂമി കോൺക്ലേവിന്റെ ഭാഗമായി നടപ്പാക്കുന്ന ഇ-മാലിന്യമുക്ത വയനാടിന്റെ ഭാഗമായാണ് നൂൽപ്പുഴ പഞ്ചായത്ത് ഇ-മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ നടത്തിയത്.

ഇ-മാലിന്യത്തിന്റെ അശാസ്ത്രീയ സംസ്കരണം തടയുകയും ശാസ്ത്രീയമായ കൈമാറ്റം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ നാട് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇ-മാലിന്യമുക്ത പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കുന്നതിനൊപ്പം അത് ദീർഘകാലം നിലനിർത്തുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നതായി പ്രസിഡന്റ് എം.കെ. ജയ പറഞ്ഞു.

ഇ-മാലിന്യശേഖരണം, പൊതുജന ബോധവത്കരണം, ജനപങ്കാളിത്തം ഉറപ്പാക്കൽ, ശേഖരണ സംവിധാനത്തിന്റെ ക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കായി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിൽ ഹരിതകർമസേനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർണായക പങ്കുവഹിച്ചതായും പൊതുജനങ്ങളുടെ സഹകരണവും കരുത്തായതായും പ്രസിഡന്റ് പറഞ്ഞു. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ് മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാപഞ്ചായത്തംഗം ഷീജാ സതീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബെന്നി കൈനിക്കൽ, പുഷ്പ അനൂപ്, നസീറ ഇസ്മായിൽ, ജില്ലാ പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ സജീഷ്‌കുമാർ, പ്രോഗ്രാം ഓഫീസർ അനൂപ്, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ സി.ആർ. നിതീഷ് എന്നിവർ സംസാരിച്ചു.