കൊല്ലം : അഷ്ടമുടിയുടെ പ്രകൃതിഭംഗിയും പച്ചപ്പും ആസ്വദിച്ചു ജലാശയത്തിലൂടെ സഞ്ചരിക്കാൻ പനയം പഞ്ചായത്ത് കണ്ടച്ചിറ മാട്ടേൽ ക്ഷേത്രത്തിനുസമീപം റോഡുകടവിൽ ആരംഭിച്ച പ്രകൃതിസൗഹൃദ വാട്ടർ ടൂറിസം പദ്ധതി വിജയത്തിലേക്ക്. പദ്ധതി നടപ്പാക്കി ഒരാഴ്ച പിന്നിടുമ്പോഴേക്കും ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ വന്നുപോയതെന്ന് അധികൃതർ പറയുന്നു.

To advertise here,

കൊല്ലം കോർപ്പറേഷൻ ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതി പ്രകാരം പരിസര പഞ്ചായത്തുകളിലെ 12 കടവുകൾ നവീകരിച്ചിരുന്നു. ഇതിൽ കണ്ടച്ചിറ കടവ് ഉൾപ്പെടുത്തി നടപ്പാതകൾ മനോഹരമാക്കി. ഇരിപ്പിടങ്ങൾ, പൂന്തോട്ടങ്ങൾ, ക്യാമറകൾ, വിളക്കുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തതോടെ വൈകുന്നേരങ്ങളിൽ സന്ദർശകരുടെ എണ്ണവും കൂടി. ഇതിനെ തുടർന്നാണ് പഞ്ചായത്ത് ശിക്കാരവള്ളവും കയാക്കിങും കുട്ടവഞ്ചിയുമൊക്കെ ആരംഭിക്കാൻ പദ്ധതിയിട്ടത്. കഴിഞ്ഞ 11-ന് മന്ത്രി ബിന്ദുകൃഷ്ണ ശിക്കാരവള്ളത്തിൽ യാത്രചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കീശ കീറില്ല

ഒൻപതുപേർക്ക് സഞ്ചരിക്കാവുന്ന ശിക്കാരവള്ളമാണ് ഇവിടെയുള്ളത്. അരമണിക്കൂർ യാത്രയ്ക്ക് അഞ്ഞൂറുരൂപയും ഒരുമണിക്കൂർ യാത്രയ്ക്ക് ആയിരംരൂപയുമാണ് നിരക്ക്.

കയാക്കിങ്, കുട്ടവഞ്ചി എന്നിവയ്ക്ക് മണിക്കൂറിന് നൂറുരൂപയാണ്. ഇവിടെനിന്നു മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി പാക്കേജും ബുക്ക് ചെയ്യാം. ശിക്കാരവള്ളം സാധാരണ മങ്ങാട്-കടവൂർ പാലം ഭാഗത്തുവരെ കറങ്ങി തിരിച്ചു കടവിലെത്തുന്ന രീതിയാണ് ക്രമീകരിച്ചിരിക്കുന്നത്‌. കയാക്കിങ്ങിനും കുട്ടവഞ്ചിക്കും പ്രത്യേക ഭാഗം നൽകിയിട്ടുണ്ട്.

കുരീപ്പുഴ സ്വദേശി, വർഷങ്ങളായി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന യാഷ് കുട്ടനാണ് ഇവിടത്തെ ചുമതല.

കയറി നിൽക്കാനിടമില്ല

മഴ പെയ്താൽ സഞ്ചാരികൾക്ക് കയറിനിൽക്കാൻ ഇടമില്ലാത്തതാണ് നിലവിൽ നേരിടുന്ന പ്രധാന പ്രശ്‌നം. ശൗചാലയസൗകര്യവും ഉറപ്പുവരുത്തണമെന്നാണ് ഇവിടെയെത്തുന്നവർ ആവശ്യപ്പെടുന്നത്.