കൊട്ടാരക്കര :പെരുങ്കുളം 44-ാംനമ്പർ അങ്കണവാടിക്ക്‌ വഴിയും കുടിവെള്ളത്തിന്‌ സ്ഥിരം സംവിധാനവുമായി. അങ്കണവാടിയിലേക്ക് വാഹനങ്ങളെത്താൻ ആവശ്യമായ വീതിയിൽ വഴിയൊരുക്കുകയും കുളക്കട ഗ്രാമപ്പഞ്ചായത്ത് കുഴൽക്കിണർ നിർമിക്കുകയും ചെയ്തു. ഉയർന്ന പ്രദേശമായതിനാലും പാറക്കെട്ടുകൾ നിറഞ്ഞതിനാലും ഇവിടെ കിണർനിർമാണം അസാധ്യമായിരുന്നു. വർഷങ്ങളായി തലച്ചുമടായിട്ടാണ്‌ ജീവനക്കാർ വെള്ളമെത്തിച്ചിരുന്നത്.

To advertise here,

വഴിയില്ലാത്തതിനാൽ വാഹനങ്ങളിൽ വെള്ളമെത്തിക്കാനും കഴിഞ്ഞിരുന്നില്ല. വാർഡ് അംഗം മോഹൻലാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിൽ കുടിവെള്ളത്തിന് താത്കാലിക സംവിധാനം ഒരുക്കിയിരുന്നു. അങ്കണവാടിയുടെ മുറ്റത്ത് ചെറുസംഭരണി സ്ഥാപിച്ച് താഴ്‌ന്ന പ്രദേശത്തെ വീട്ടുകിണറ്റിൽനിന്ന്‌ വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ സ്ഥാപിക്കുകയും ചെയ്തിരുന്നു. അംഗവും ചില സുമനസ്സുകളുമാണ് ഇതിനാവശ്യമായ ചെലവ് വഹിച്ചത്. തുടർന്നാണ് അങ്കണവാടിയിൽ സ്ഥിരം കുടിവെള്ളത്തിനും വഴിക്കും വേണ്ടിയുള്ള പരിശ്രമം തുടങ്ങിയത്.

അങ്കണവാടിയിൽ കുഴൽക്കിണർ നിർമിക്കാൻ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ പണം അനുവദിച്ചു. കുഴൽക്കിണർനിർമാണയന്ത്രം ഘടിപ്പിച്ച വാഹനം അങ്കണവാടിക്കു സമീപം എത്തണമെങ്കിൽ വഴി ആവശ്യമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ലോറി കടന്നുപോകാവുന്ന വീതിയിൽ വഴി നിർമിച്ചതോടെ കിണർ കുഴിക്കൽ വാഹനമെത്തി.

നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും ഏറെ നാളായുള്ള കാത്തിരിപ്പാണ് യാഥാർഥ്യമായത്. വേനൽക്കാലത്ത് വലിയ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശംകൂടിയാണിവിടം. കുഴൽക്കിണർ എത്തിയതോടെ വേനലിലും അങ്കണവാടിയിൽ വെള്ളത്തിനു ക്ഷാമമുണ്ടാകില്ല.

മോട്ടോർ വേണം

:അങ്കണവാടിയിൽ കുഴൽക്കിണർ കുഴിച്ചെങ്കിലും കിണറ്റിൽനിന്ന്‌ ജലം പമ്പ് ചെയ്യാൻ ഒരു മോട്ടോർകൂടി ആവശ്യമാണ്. പഞ്ചായത്ത് പദ്ധതിയിൽ മോട്ടോറിന്‌ പണം അനുവദിച്ചിട്ടില്ല. പദ്ധതിയിലുൾപ്പെടുത്തി പണം അനുവദിക്കുമ്പോഴേക്കും മാസങ്ങൾ വേണ്ടിവരും. മോട്ടോർ സ്ഥാപിക്കാൻ നാൽപ്പതിനായിരത്തോളം രൂപ ചെലവാകും. സ്പോൺസർമാരുണ്ടായാൽ വേഗത്തിൽ മോട്ടോർ സ്ഥാപിച്ച് കുഴൽക്കിണർ പ്രയോജനപ്പെടുത്താൻ കഴിയും.

മോഹൻലാൽ

പെരുങ്കുളം വാർഡ് അംഗം