സ്ത്രീകൾക്കുനേരേയുള്ള അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ല
ചെന്നൈ : പാർട്ടിഫണ്ടിന്റെ മറവിൽ ഡി.എം.കെ. വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഇത്തരം അഴിമതിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്തെത്തിയിട്ടുണ്ട്. മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ, സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇ.ഡി. പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻമുഖ്യമന്ത്രി എം. കരുണാനിധി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തിട്ടുള്ള കാര്യം സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിലും പറയുന്നുണ്ടെന്നും വിജയ് നിയമസഭയിൽ ആരോപിച്ചു.
തങ്ങളുടെ കഴിഞ്ഞ ഭരണകാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ തുറക്കാൻ ഡി.എം.കെ. വെല്ലുവിളിച്ചിട്ടുണ്ട്. എന്നാൽ, അതിലേക്കു കടക്കുന്നതിനുമുൻപ് 1988-ലെ ഡി.എം.കെ. സർക്കാരിന്റെ അഴിമതി വ്യക്തമാക്കുന്ന സർക്കാരിയ കമ്മിഷൻ റിപ്പോർട്ട് വായിക്കാൻ ആഗ്രഹിക്കുന്നു. സ്റ്റാലിൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള രണ്ടു വകുപ്പുകളുടെ ഫയലുകൾ, പ്രത്യേകിച്ചും ടാസ്മാക് അഴിമതിതന്നെമതി എത്ര വിലയ ക്രമക്കേടുകളാണ് നടന്നതെന്നു വ്യക്തമാവാൻ. ഇനിയുള്ള ഫയലുകൾ തുറന്നാൽ സ്ഥിതി ഇതിനെക്കാൾ ഭീകരമാവും. ഡി.എം.കെ. എവിടെയുണ്ടോ അവിടെയൊക്കെ തെറ്റുകളും അഴിമതിയുമുണ്ട്. അഴിമതിയും തെറ്റുകളും എവിടെയൊക്കെയുണ്ടോ അവിടെ ഡി.എം.കെ. ഉണ്ട് -വിജയ് പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പും വിജയ് നൽകി. വ്യക്തിപരമായ പരാമർശം, ദ്വയാർഥപ്രയോഗം, മോശം ഭാഷ ഉപയോഗിക്കൽ തുടങ്ങിയവ വെച്ചുപൊറിപ്പിക്കില്ല. നടി തൃഷയെ ഉൾപ്പെടുത്തി താൻ വ്യക്തിപരമായി നേരിട്ട ആക്രമണങ്ങൾ പരോക്ഷമായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത്തരം അപമാനകരമായ സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയവിമർശനമാവാം. പക്ഷേ, സ്ത്രീകളെ അപമാനിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുനൽകി.
സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണ്. എന്നാൽ, പോലീസ് സേന അറസ്റ്റ് ചെയ്യാനുള്ള ഏജൻസി മാത്രമാവരുത്. ജനങ്ങളുടെ സംരക്ഷണത്തിനാണ് അവർ പ്രാമുഖ്യം നൽകേണ്ടത്. കുറ്റകൃത്യങ്ങൾക്കെതിരേ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സ്വീകരിക്കുക. യുവാക്കൾക്ക് ഉത്തരവാദിത്വമുള്ള രക്ഷാധികാരിയായി സർക്കാർ പ്രവർത്തിക്കുമെന്നും സമഗ്രമായ നിയമം നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Published: 08 Sept 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented