ചെന്നൈ : നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളം നിർമിക്കുന്നതിന് ചെയ്യൂരും ഗുമ്മിഡിപ്പുണ്ടിയും സർക്കാർ പരിഗണിക്കുന്നു. കാഞ്ചീപുരത്തെ പരന്തൂരിൽ വിമാനത്താവളമുണ്ടാക്കാനുള്ള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥലം കണ്ടെത്തുന്നത്.
തിരുവള്ളൂർ ജില്ലയിൽ ഗുമ്മിഡിപ്പുണ്ടിക്കടുത്ത് മാനെല്ലൂരാണ് സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളത്. ചെന്നൈയിൽനിന്ന് 60 കിലോമീറ്ററും ശ്രീഹരിക്കോട്ടയിൽനിന്ന് 55 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ചെങ്കൽപ്പെട്ട് ജില്ലയിലെ ചെയ്യൂരേക്ക് ഇപ്പോഴത്തെ വിമാനത്താവളത്തിൽനിന്ന് 100 കിലോമീറ്റർ ദൂരമുണ്ട്. പുതുച്ചേരി വിമാനത്തവളത്തിൽനിന്ന് 40 കിലോമീറ്ററും കൽപ്പാക്കത്തുനിന്ന് 35 കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള അകലം. താംബരം വ്യോമസേനാ താവളത്തിനടുത്തായതുകൊണ്ട് ഇവിടത്തെ വ്യോമപാത പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ്.
മീനമ്പാക്കത്തെ ചെന്നൈ വിമാനത്താവളം യാത്രാ തിരക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടാമതൊരു വിമാനത്താവളംകൂടി നിർമിക്കാൻ മുൻ ഡി.എം.കെ. സർക്കാർ പദ്ധതിയിട്ടത്. കെട്ടിടങ്ങളൊന്നും പൊളിക്കാതെ നിർമിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയിരുന്നു. ഇതിനെതിരേ കർഷകർ നടത്തിയ സമരം കണക്കിലെടുത്താണ് ടി.വി.കെ. സർക്കാർ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കർഷക സംഘടനകളും പരിസ്ഥിതി പ്രവർത്തകരും സ്വാഗതം ചെയ്‌തെങ്കിലും മറ്റു കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. ചെന്നൈ നഗരത്തിന്റെ വികസനത്തിന് രണ്ടാമതൊരു വിമാനത്താവളം അനിവാര്യമാണെന്നും സർക്കാർ തീരുമാനം അതിനെ പിന്നോട്ടടിക്കുമെന്നും പ്രതിപക്ഷ ഡി.എം.കെ.യും ബി.ജെ.പി.യും കുറ്റപ്പെടുത്തി. വ്യാപാര, വ്യവസായ മേഖലയിൽനിന്നുള്ളവരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
പരന്തൂരിലെ വിമാനത്താവള നിർമാണം ഉപേക്ഷിച്ചെങ്കിലും രണ്ടാം വിമാനത്താവളം വേണമെന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ടി.വി.കെ. നേതൃത്വം പറയുന്നു. അതുകൊണ്ടാണ് പകരം സ്ഥലംകണ്ടെത്താൻ ഊർജിതശ്രമം നടത്തുന്നത്. മീനമ്പാക്കത്തെ വിമാനത്താവളത്തിന്റെ വികസനവും പുതിയ വിമാനത്താവളത്തിന്റെ നിർമാണവും സമാന്തരമായി നടത്താനാണ് സർക്കാർ പദ്ധതി. പുതിയ വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ സ്ഥലംകണ്ടെത്തിയാലും അതിന് അന്തിമാനുമതി ലഭിക്കുന്നതിന് പല കടമ്പകളും കടക്കേണ്ടതുണ്ട്. എയർപോർട്ട് അതോറിറ്റിയുടെയും കേന്ദ്രസർക്കാരിന്റെ മറ്റ് ഏജൻസികളുടെയും അനുമതി ലഭിച്ച് വിമാനത്താവളം യാഥാർഥ്യമാകുന്നതിന് അഞ്ചു മുതൽ ഏഴു വരെ വർഷം കാത്തിരിക്കേണ്ടിവരും.
Published: 07 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented