ബെംഗളൂരു : വെടിക്കെട്ടിന്റെ അകടമ്പടിയുള്ള ആവേശപ്പൂരമായി ഐ.ടി.നഗരത്തിലെ ദീപാവലി ആഘോഷങ്ങൾ. ഞായറാഴ്ച രാവിലെ ആരംഭിച്ച ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. പൂജകളടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെയായായിരുന്നു വീടുകളിലെ ആഘോഷം.
മധുരം പങ്കിട്ടും സമ്മാനങ്ങൾ നൽകിയും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന അവസരംകൂടിയായി ദീപാവലി മാറി. മലയാളികളുടെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പലരും ഇത് ലംഘിച്ചായിരുന്നു ആഘോഷം തുടങ്ങിയത്. രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂവെന്നായിരുന്നു നിർദേശം. എന്നാൽ, പലയിടത്തും രാവിലെത്തന്നെ പടക്കം പൊട്ടിച്ചു തുടങ്ങി. റോഡിലിട്ടായിരുന്നു പടക്കം പൊട്ടിക്കൽ.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ചെറിയ കുട്ടികൾ പടക്കം പൊട്ടിക്കരുതെന്ന മുന്നറിയിപ്പും പാലിക്കാൻ പലരും തയ്യാറായില്ല. പടക്കം പൊട്ടിക്കാൻ മുന്നിൽ നിന്നത് കുട്ടികളായിരുന്നു.
പടക്കവിപണിയിലും രാവിലെമുതൽ തിരക്ക് അനുഭവപ്പെട്ടു. പടക്കത്തിന് ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനത്തിലേറെ വില വർധിച്ചിരുന്നു. എങ്കിലും പടക്കം വാങ്ങാൻ എത്തിയവരുടെ എണ്ണത്തിന് കുറവുണ്ടായില്ല. 1000 രൂപ മുതൽ 15000 രൂപ വരെ വില വരുന്ന ബോക്സുകളായിട്ടായിരുന്നു വിൽപ്പന.
പൂക്കളുടെ വിലയിലും വൻവർധനയുണ്ടായി. കെ.ആർ.മാർക്കറ്റിൽ പൂക്കൾ തുടങ്ങി ദീപാവലി ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിന് പുലർച്ചെ മൂന്നുമുതൽ തിരക്കായിരുന്നു. ഇതേത്തുടർന്ന് ഇവിടെ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
പകൽ സമയത്ത് വലിയ ശബ്ദത്തിൽ പൊട്ടുന്ന ബോംബ് പടക്കങ്ങളായിരുന്നു ആവേശമുണർത്തിയതെങ്കിൽ സന്ധ്യകഴിഞ്ഞതോടെ ആകാശത്ത് വർണം വിതറി വെടിക്കെട്ടുകളുടെ തുടക്കമായി.
ഫ്ളാറ്റുകളുടെ മട്ടുപ്പാവുകളിൽനിന്ന് വരെ റോക്കറ്റുകൾ കുതിച്ചുയർന്നു.
മാളുകളിലും റസ്റ്ററന്റുകളിലും പബ്ബുകളിലും പ്രത്യേക ദീപാവലി ആഘോഷങ്ങളുണ്ടായിരുന്നു. മാളുകളിൽ പ്രത്യേക സംഗീത പരിപാടികളും ക്രമീകരിച്ചിരുന്നു.
Published: 09 Nov 2026, 12:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented