ബെംഗളൂരു : വിമാനയാത്രയെന്ന വിദ്യാർഥികളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അധ്യാപകൻ മാറ്റിവെച്ചത് തന്റെ മൂന്നു മാസത്തെ ശമ്പളം. വിജയപുര ജില്ലയിലെ ചാഡചൻ താലൂക്കിലുള്ള സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ വിത്തൽ ഭൈരഗൊണ്ടാണ് 22 വിദ്യാർഥികളുമായി സ്വപ്നയാത്രയ്ക്ക് ഒരുങ്ങുന്നത്.

To advertise here,

അതിഥിത്തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെ, നിർധന കുടുംബങ്ങളിൽനിന്നുള്ളവർക്ക് വേണ്ടിയാണ് ഡൽഹിയിലേക്ക് വിമാനയാത്ര നടത്തുന്നത്.

 

ഡൽഹിയിലെ വിവിധ സ്ഥലങ്ങളും താജ്മഹലും കൂടാതെ പുണെയിലും വിദ്യാർഥികൾ സന്ദർശനം നടത്തും.

നാലുദിവസത്തെ പഠനയാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.

വിമാനത്തിൽ യാത്ര ചെയ്യുന്നതിനൊപ്പം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ വിദ്യാർഥികളെ കാണിക്കുകയാണ് ലക്ഷ്യം.

വെള്ളിയാഴ്ച പുറപ്പെടുന്ന സംഘത്തിൽ മറ്റുരണ്ട് അധ്യാപകർ കൂടിയുണ്ട്.

മൂന്നുലക്ഷത്തോളം രൂപയാണ് യാത്രയ്ക്കായി വേണ്ടത്. അധ്യാപകന്റെ മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണിത്. ഈ പണം കണ്ടെത്താൻ മറ്റുമാർഗങ്ങൾ തേടുന്നതിനുപകരം അദ്ദേഹം തന്റെ ശമ്പളത്തിൽനിന്ന് പണം മാറ്റിവെക്കുകയായിരുന്നു.

 

ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാൻ ഒരുങ്ങുന്ന 22 വിദ്യാർഥികളിൽ അഞ്ചുപേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്.

പഠനത്തിൽ മികവുപുലർത്തുന്ന ഇവരെ ഇത്തരത്തിൽ ഒരു പഠനയാത്രയ്ക്ക് അയയ്ക്കാനുള്ള സാമ്പത്തികശേഷി രക്ഷിതാക്കൾക്കില്ല. അതിനാൽ തന്റെ ചെലവിൽ യാത്രചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് വിത്തൽ ഭൈരഗൊണ്ട് പറഞ്ഞു.