മുംബൈ/തിരുവനന്തപുരം : നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഉയർത്തിയത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയതായി കെയർ ഫോർ മുംബൈ. അപ്രതീക്ഷിതമായ നിരക്കുവർധനയുടെ പശ്ചാത്തലത്തിൽ സംഘടനയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രീമിയംനിരക്ക് കുറച്ച് അടിസ്ഥാന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും താങ്ങാവുന്നതും പ്രായോഗികവുമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി പ്രതിനിധിസംഘം അറിയിച്ചു.
10-ന് വൈകീട്ട് 5.30-ന് ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും കെയർ ഫോർ മുംബൈയുടെ പ്രതിനിധിസംഘം അവതരിപ്പിച്ചത്. പ്രവാസികൾക്ക് താങ്ങാവുന്ന രീതിയിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ പുനഃക്രമീകരിക്കാനുള്ള രണ്ടു നിർദേശങ്ങൾ മുഖ്യമന്ത്രിക്കു മുൻപിൽ സമർപ്പിക്കുകയും ചെയ്തു.
കെയർ ഫോർ മുംബൈ പ്രസിഡന്റ് എം.കെ. നവാസ്, ജനറൽ സെക്രട്ടറി പ്രിയാ വർഗീസ്, ഖജാൻജി പ്രേംലാൽ, ട്രസ്റ്റിമാരായ തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെക്കണ്ട് ചർച്ച നടത്തിയത്. അഡ്വ. ഹാരിസ് ബീരാൻ എം.പി.യും ചർച്ചയിൽ പങ്കെടുത്തു.
പ്രതിനിധിസംഘത്തിന്റെ പരാതികളും നിർദേശങ്ങളും കേട്ട മുഖ്യമന്ത്രി, വിഷയം വിശദമായി പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതായി എം.കെ. നവാസ് പറഞ്ഞു. വർധിപ്പിച്ച പ്രീമിയത്തിൽ കുറവ് വരുത്തുമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകുന്ന വിധത്തിൽ നോർക്ക കെയർ പദ്ധതി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പ്രിയാ വർഗീസും വ്യക്തമാക്കി. പ്രീമിയത്തിൽ മൂന്നിരട്ടിയോളം വർധനയുണ്ടായതിൽ പ്രവാസികൾ ആശങ്കയിലായിരുന്നു. വിഷയത്തിൽ വിവിധ പ്രവാസി മലയാളി കൂട്ടായ്മകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
Published: 12 Nov 2026, 12:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented