സ്കൂളുകൾക്ക് ചൊവ്വാഴ്ചവരെ അവധി
ബെംഗളൂരു : തിന്മയുടെ ഇരുട്ടിനുമേൽ നന്മ വെളിച്ചം നേടിയ വിജയം ഓർമിപ്പിച്ച് ദീപാവലി എത്തുമ്പോൾ നഗരം ആവേശത്തിൽ. വാരാന്ത്യമായതിനാൽ ശനിയാഴ്ച പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ആൾത്തിരക്കേറി. പൂക്കളും മൺചെരാതുകളും വാങ്ങാൻ കെ.ആർ. മാർക്കറ്റിലും വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിന് കൊമേഴ്സ്യൽ സ്ട്രീറ്റിലും ചിക്ക്പെട്ടിലും ആളുകൾ ഒഴുകിയെത്തി. സ്കൂളുകൾക്ക് ചൊവ്വാഴ്ചവരെ അവധി നൽകിയതിനാൽ കുട്ടികളുടെ ആവേശം ഇരട്ടിച്ചു.
വഴിയോര കച്ചവടസ്ഥാപനങ്ങൾ കൂടാതെ ഷോപ്പിങ് മാളുകളിലും ദീപാവലിക്കച്ചവടം പൊടിപൊടിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകൾ പല ബ്രാൻഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളടക്കം ദീപാലങ്കാരങ്ങളാൽ പ്രകാശിച്ചു നിൽക്കുന്നതാണ് രാത്രിയിൽ നഗരത്തിലെ പ്രധാന ദീപാവലിക്കാഴ്ച.
ദീപാവലി ആഘോഷത്തിന്റെ ആവേശം അതിരുവിടാതിരിക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിനാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. ആശുപത്രികൾ, പെട്രോൾ പമ്പുൾ, ഗ്യാസ് സ്റ്റേഷനുകൾ, മതസ്ഥാപനങ്ങൾ, വയോജനമന്ദിരങ്ങൾ തുടങ്ങിയവയ്ക്ക് സമീപം പടക്കം പൊട്ടിക്കാൻ പാടില്ല.
റോഡുകളിലും ആളുകൾ തടിച്ചുകൂടിയിരിക്കുന്ന ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തതിന് അടുത്തും പടക്കം പൊട്ടിക്കരുത്. തുറസായ സ്ഥലങ്ങളിൽവേണം പടക്കം പൊട്ടിക്കേണ്ടത്. ക്യൂ.ആർ. കോഡ് പരിശോധിച്ച് ഹരിതപടക്കമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ വാങ്ങാൻ പാടുള്ളൂവെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ പടക്കം പൊട്ടിക്കാൻ അനുവദിക്കരുതെന്നും പോലീസ് വ്യക്തമാക്കി. അത്യാഹിതമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാം.
108 നമ്പറിൽ ആംബുലൻസ് സേവനവും ലഭ്യമായിരിക്കും.
ദീപാവലി പ്രമാണിച്ചു ബെംഗളൂരുവിൽനിന്ന് റെയിൽവേ വിവിധയിടങ്ങളിലേക്ക് പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് രണ്ട് ദീപാവലി പ്രത്യേക തീവണ്ടിയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം കർണാടക ആർ.ടി.സിയും പ്രത്യേക സർവീസുകൾ നടത്തി. വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കർണാടകത്തിലെ വിവിധ സ്ഥലങ്ങളിലേക്കും കേരളം, തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കുമായിരുന്നു കർണാടക ആർ.ടി.സി.യുടെ പ്രത്യേക ബസ് സർവീസുകൾ.
ആകെ 908 പ്രത്യേക സർവീസുകളാണ് നടത്തിയത്. കേരളത്തിൽ തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസുണ്ടായിരുന്നു.
Published: 08 Nov 2026, 12:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented