വർധന 33 ശതമാനംവരെ

To advertise here,

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ ബസുകളിൽ യാത്രചെയ്യാൻ ചെലവേറും. വിവിധ കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. നിലവിലെ ചാർജിന്റെ 33 ശതമാനംവരെയാണ് വർധന. പുതിയ നിരക്കുകൾ ബുധനാഴ്ച അർധരാത്രി നിലവിൽവന്നു.

കേരളത്തിലേക്കുള്ള പ്രീമിയം ബസുകളിൽ നിരക്കുവർധിക്കില്ലെന്നാണ് സൂചന. കേരളത്തിലേക്കുള്ള കർണാടകത്തിന്റെ ഓർഡിനറി ബസുകളിൽമാത്രമേ സാധാരണ നിരക്കുവർധന ബാധകമാകാറുള്ളൂ. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. ഐരാവത് ക്ലബ്ബ് ക്ലാസ്, രാജഹംസ, പല്ലക്കി തുടങ്ങിയ പ്രീമിയം സർവീസുകളാണ് കേരളത്തിലേക്ക് അധികമുള്ളത്. മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള മൂന്ന് സർവീസുകൾ മാത്രമാണ് ഓർഡിനറി. അതേസമയം, പ്രീമിയം ബസുകളിൽ കർണാടകത്തിനകത്ത് നിരക്കുവർധന ബാധകമാകും.

ബെംഗളൂരു നഗരത്തിലൂടെ സർവീസ് നടത്തുന്ന ബി.എം.ടി.സി.(ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസുകളുടെ ടിക്കറ്റ് നിരക്ക് 35 ശതമാനം വർധിപ്പിച്ചു. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ബി.എം.ടി.സി.യുടെ ഓർഡിനറി ബസുകളിലെ മിനിമം ചാർജ് ആറുരൂപയിൽനിന്ന് 10 രൂപയാക്കി. ഉയർന്ന ചാർജ് 35 രൂപയിൽനിന്ന് 45 രൂപയായി ഉയർന്നു. വോൾവോ വജ്ര സർവീസുകളിൽ മിനിമം ചാർജ് 15-ൽനിന്ന് 20 രൂപയായി. കൂടിയ ചാർജ് 75-ൽനിന്ന് 90 ആയി ഉയർന്നു. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വായു വജ്ര ബസിൽ ഉയർന്ന ടിക്കറ്റ് നിരക്ക് 405-ൽനിന്ന് 425 ആയി ഉയർന്നു. കെ.എസ്.ആർ.ടി.സി., നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി., കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നിവയിൽ 23 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്.

ശക്തി പദ്ധതിപ്രകാരം സംസ്ഥാനത്തെ സ്ത്രീകൾക്ക് ട്രാൻസ്‌പോർട്ട് ബസുകളിൽ യാത്ര സൗജന്യമാണ്. സ്കൂളിലേക്കും കോളേജിലേക്കും പോകുന്ന വിദ്യാർഥികൾക്കും യാത്രാസൗജന്യമുണ്ട്. ചാർജ് വർധനയുടെ ഭാരം അനുഭവിക്കേണ്ടിവരുന്നത് അധികവും ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവരാണ്.