നമ്മ മെട്രോ ദൈർഘ്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തേക്ക്
ബെംഗളൂരു : നമ്മ മെട്രോയുടെ പുതിയ റൂട്ടായ പിങ്ക് പാതയുടെ ഉദ്ഘാടനം ഈ മാസം 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കലേന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള 7.5 കിലോ മീറ്റർ ആകാശപാതയിലാണ് സർവീസ് ആരംഭിക്കുന്നത്. ഈ പാതയിൽ തീവണ്ടി ഓടിത്തുടങ്ങുന്നതോടെ രാജ്യത്തെ പ്രവർത്തനക്ഷമമായ രണ്ടാമത്തെ ദൈർഘ്യമേറിയ മെട്രോ സർവീസായി നമ്മ മെട്രോ മാറും.
നിലവിൽ 96.01 കിലോമീറ്റർ 103.6 കിലോമീറ്ററാകും. മുംബൈയെ പിന്നിലാക്കിയാണ് ബെംഗളൂരു മെട്രോ രണ്ടാമത് എത്തുന്നത്. ന്യൂഡൽഹിയാണ് ഒന്നാം സ്ഥാനത്ത്.
ഉദ്ഘാടന ചടങ്ങ് നടത്തുന്ന സ്റ്റേഷൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശന തീയതി സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് തന്നെ പിങ്ക് ലൈൻ ഉദ്ഘാടനമുണ്ടാകുമെന്ന് ബി.ജെ.പി. എം.പി. തേജ്വസി സൂര്യ വ്യക്തമാക്കി. അഞ്ച്-ആറ് തീവണ്ടികൾ ഉപയോഗിച്ചായിരിക്കും സർവീസ് ആരംഭിക്കുക. തിരക്കേറിയ ഓഫീസ് സമയങ്ങളിൽ ആറു മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലുമായിരിക്കും സർവീസ് നടത്തുക.
മേയിൽ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും നിർമാണപ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കാൻ കഴിയാതെ വന്നതിനാൽ പല തവണയായി നീട്ടിവെയ്ക്കേണ്ടി വരുകയായിരുന്നു. കലേനഅഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള ഭാഗത്ത് ആറ് സ്റ്റേഷനുകളാണുള്ളത്.
ഇലക്ട്രോണിക് സിറ്റി അടക്കം ഐ.ടി. കേന്ദ്രങ്ങളിലൂടെയുള്ള യെല്ലോ പാതയുമായി ചേരുന്ന ഭാഗവും പിങ്ക് പാതയിലുണ്ട്. അതിനാൽ ഐ.ടി. കേന്ദ്രങ്ങളിലെ ഗതാഗത പ്രശ്നത്തിനും ഒരുപരിധി വരെ പരിഹാരമാകും.
ആകെ 21.26 കിലോ മീറ്റർ ദൈർഘ്യമുള്ള പിങ്ക് മെട്രോയുടെ അടുത്തഘട്ടത്തിൽ ഉൾപ്പെട്ട താവരക്കെരെ മുതൽ നാഗവാര വരെയുള്ള 13.76 കിലോ മീറ്ററിൽ അടുത്ത വർഷം മാർച്ചിൽ സർവീസ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ ഭാഗം പൂർണമായും ഭൂഗർഭപാതയാണ്.
Published: 03 Nov 2026, 12:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented