കന്നഡ ടി.വി. ചാനലിന്റെ ഓഫീസിൽ റെയ്ഡ്

To advertise here,

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ പ്രചരിച്ച 'സ്റ്റിങ് ഓപ്പറേഷൻ' വീഡിയോയിൽ പുകഞ്ഞ് കർണാടകരാഷ്ട്രീയം. വീഡിയോ വ്യാജമാണെന്ന് അന്വേഷണംനടത്തിയ പോലീസ് വെളിപ്പെടുത്തിയതിനുപിന്നാലെ സിദ്ധരാമയ്യ ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതാക്കളെ നേരിൽക്കണ്ടു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുമായും എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലുമായും അദ്ദേഹം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.

മകനും മന്ത്രിയുമായ യതീന്ദ്ര സിദ്ധരാമയ്യക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. തന്നെ കുടുക്കാൻ പാർട്ടിക്കുള്ളിൽനിന്നും ശ്രമമുണ്ടായതിൽ പുകയുന്ന മനസ്സുമായാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയത്. അതൃപ്തി അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചതായാണു സൂചന.

അതിനിടെ, വീഡിയോ പുറത്തുവിട്ട പ്രമുഖ കന്നഡ ടി.വി. ചാനലിന്റെ ഓഫീസിൽ പോലീസ് തിങ്കളാഴ്ച പരിശോധന നടത്തി. പവർ ടി.വി. ചാനലിന്റെ ബെംഗളൂരുവിലെ ഓഫീസിലും ഉടമ രാകേഷ് ഷെട്ടിയുടെ വീട്ടിലുമാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് പരിശോധന നടത്തിയത്. വീഡിയോ പ്രചരിച്ചതിനുപിന്നിൽ രാകേഷ് ഷെട്ടിയും പാർട്ടിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ മുൻ കെ.പി.സി.സി. ജനറൽസെക്രട്ടറി കൃപ ആൽവയുമാണെന്നാണ് കണ്ടെത്തൽ. കൃപ ആൽവയെ പാർട്ടിയിൽനിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഷെട്ടിയെ പോലീസ് നേരത്തേ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്റ്റിങ് ഓപ്പറേഷന്റേതെന്ന് അവകാശപ്പെട്ട് രണ്ട് വീഡിയോകൾ ടി.വി. ചാനൽ വഴിയും സാമൂഹികമാധ്യമം വഴിയും പുറത്തെത്തിയത്. 2011-ൽ നടന്നതായി പറയുന്ന അതിക്രമത്തെപ്പറ്റി ഒരു സ്ത്രീ വിശദീകരിക്കുന്നതാണ് വീഡിയോ. വീഡിയോ റെക്കോഡ്‌ ചെയ്തത് 2023-ലാണ്. കൃത്രിമമായി നിർമിച്ച വീഡിയോയാണിതെന്നും സ്ത്രീയെക്കൊണ്ട് പറയിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്നുമാണ് പോലീസ് കണ്ടെത്തിയത്. ഇവരെ കണ്ടെത്തി പോലീസ് ചോദ്യംചെയ്തിരുന്നു.

വീഡിയോ നിർമിച്ചതിൽ കേന്ദ്രമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വിവരം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടതോടെ കോൺഗ്രസും ജെ.ഡി.എസും തമ്മിലുള്ള പോരിന് വഴിതെളിച്ചു. വീഡിയോ റെക്കോഡ്‌ ചെയ്യാനുള്ള മൊബൈൽഫോൺ വാങ്ങിയയാൾ കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലുള്ള പ്രജ്വൽ പ്രസാദ് എന്നയാൾക്ക് അത് കൈമാറിയെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

സംഭവത്തിൽ തനിക്കു പങ്കുണ്ടെന്ന് സൂചന വന്നതോടെ കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് കുമാരസ്വാമിയും രംഗത്തെത്തി. മുൻ ഹാസൻ എം.പി. പ്രജ്വൽ രേവണ്ണ ബലാത്സംഗക്കേസിൽ കുടുങ്ങാനിടയായ അശ്ലീല വീഡിയോകൾ പ്രചരിച്ചതിനുപിന്നിൽ ഡി.കെ. ശിവകുമാറിന് പങ്കുണ്ടെന്ന് കുമാരസ്വാമി തിരിച്ചടിച്ചു.