ബെംഗളൂരു : കന്നഡ മണ്ണിൽ നീണ്ടചരിത്രമുള്ള വിജനപുര അയ്യപ്പക്ഷേത്രം വലിയ ക്രമീകരണങ്ങളോടെയാണ് ഇത്തവണ മണ്ഡല-മകരവിളക്ക് മഹോത്സവത്തെ വരവേൽക്കുന്നത്. അതിവിപുലമായ പൂജാ സ്റ്റോറാണ് പ്രധാനം. ശബരിമല തീർഥാടനകർക്ക് വേണ്ട എല്ലാ വിധ സാധനങ്ങളും ലഭ്യമാക്കുന്ന സ്റ്റോറാണ് സജ്ജമാക്കിയത്. ഇരുമുടിക്കെട്ടിനുള്ള സാധനങ്ങൾ, മാലധാരണത്തിനുള്ള സാധനങ്ങൾ, വ്രതകാലത്തും തീർഥാടന യാത്രയിലും അണിയാനുള്ള വസ്ത്രങ്ങൾ എന്നിങ്ങനെ സർവസാധനങ്ങളും ഇടതടവില്ലാതെ ലഭ്യമാക്കുന്നതിന് മികച്ച സ്റ്റോർ റൂം സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മണ്ഡലകാലം ആരംഭിച്ചതോടെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായി. രാവിലെ മുതൽ മാലധാരണത്തിനും കെട്ടുനിറയ്ക്കുമായി ഒട്ടേറെപ്പേർ എത്തുന്നു. എല്ലാവർക്കും പ്രഭാതഭക്ഷണവും വൈകീട്ട് അന്നപ്രസാദവും ഒരുക്കിയിട്ടുണ്ട്. 12 വിളക്കുത്സവവും മണ്ഡലക്കാലത്തോടനുബന്ധിച്ച് നടത്തി.അടുത്തമാസം നടത്തുന്ന ഉത്സവത്തിനുള്ള ക്രമീകരണങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ഡിസംബർ 20-ന് രാവിലെ 5.30-ന് മഹാഗണപതിഹോമം, 6.30-ന് ഹരിനാമകീർത്തനവും ഭാഗവതപാരായണവും, വൈകീട്ട് 6.30-ന് ദീപാരാധന എന്നിവയ്ക്ക് ശേഷം ഏഴിന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവം കൊടിയേറ്റും. ഉത്സവകാലത്ത് ദിവസവും രാവിലെ 6.30 ഹരിനാമകീർത്തനവും ഭാഗവതപരായണവുമുണ്ടാകും. എല്ലാദിവസവും രാവിലെ 8.30-ന് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് ഒന്നിനും രാത്രി ഒൻപതിനും അന്നപ്രസാദവുമുണ്ടാകും. ദിവസവും വൈകീട്ട് ഏഴിന് വിവിധ കലാപരിപാടികളും അരങ്ങേറും.
ഡിസംബർ 21-ന് ഉത്സവബലി, 22-ന് സർവ്വൈശ്വര്യപൂജ, 23-ന് മഹാമൃത്യുഞ്ജയഹോമം, 24-ന് ശ്രീഭൂതബലി, 25-ന് മഹാഅന്നപ്രസാദം, 26-ന് നാഗപൂജ, പള്ളിവേട്ട എന്നിവ നടത്തും. 27-ന് രാവിലെ 9.30-ന് ആറാട്ട് ബലി, 11-ന് ക്ഷേത്രത്തിൽനിന്ന് അലങ്കരിച്ച രഥത്തിൽ ആറാട്ട്ഘോഷയാത്ര ആരംഭിക്കും. ഒന്നിന് വിജനപുര എഫ്.സി.ഐ. ഗോഡൗണിന് ഉള്ളിലുള്ള ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് കുളത്തിൽ ആറാട്ട് നടത്തും. രാത്രി ഒൻപതിന് കൊടിയിറക്കും. ആഞ്ജനേയ ക്ഷേത്രപരിസരത്ത് അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ആറാട്ട് കുളം നിർമിച്ചത്. അഞ്ച് വർഷമായി ഇവിടെയാണ് ആറാട്ട് നടത്തുന്നത്.
അയ്യപ്പഭക്തനായ ടി.കെ. നമ്പ്യാർ 1966-ൽ ഐ.ടി.ഐ. ഫാക്ടറിയുടെ പ്രധാനകവാടത്തിന് മുൻഭാഗത്തുള്ള മൈതാനത്ത് അയ്യപ്പൻ വിളക്ക് ആരംഭിച്ചതാണ് വിജനപുര ക്ഷേത്രത്തിന്റ ചരിത്രത്തിന്റെ തുടക്കം. അയ്യപ്പൻ വിളക്കിന് ശേഷം ഐ.ടി.ഐ. ജീവനക്കാരും സ്വകാര്യഫാക്ടറികളിൽ ജോലി ചെയ്യുന്ന മറ്റ് മലയാളികളും ചേർന്ന് അയ്യപ്പ സേവാസമിതി ആരംഭിച്ചത്. കെ.ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപമുള്ള വാടകമുറിയിൽ അയ്യപ്പന്റെ ചിത്രം വെച്ചു ശനിയാഴ്ച വൈകുന്നേരങ്ങളിൽ ഭജന നടത്തിയായിരുന്നു തുടക്കം. പിന്നീട് എല്ലാ വിശേഷദിവസങ്ങളിലും മണ്ഡലകാലത്തും ഭജനയും പൂജകളും നടത്തി. മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തുന്ന ഭക്തർക്ക് യാത്രാസൗകര്യങ്ങൾ ചെയ്തു നൽകുന്നത് അടക്കം സമിതിയുടെ പ്രവർത്തനം വിപുലീകരിച്ചു.
ഭക്തരിൽനിന്ന് ലഭിച്ചിരുന്ന സംഭാവനകൾ ഉപയോഗിച്ച് 1970-ൽ കുറച്ചുസ്ഥലം വാങ്ങി. ഇവിടെ ഭജനഹാൾ നിർമിച്ച് 1971 നവംബർ 17 മുതൽ സമിതിയുടെ പ്രവർത്തനം ഇവിടേക്ക് മാറ്റി. 1975-ൽ കുറച്ചുകൂടി സ്ഥലം വാങ്ങി. കെ.കെ. കുറുപ്പ് അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര നിർമാണം ആരംഭിച്ചു. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിനെ കണ്ട് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കി. ചെങ്ങന്നൂരിലെ തട്ടാവിള രാജരത്നമാണ് അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം തയ്യാറാക്കിയത്. 1981 ജൂലായ് എട്ടിന് അത്തം നാളിൽ ശബരിമല തന്ത്രി കണ്ഠരര് ശങ്കരര് പ്രതിഷ്ഠാകർമം നിർവഹിച്ചു.
1991-ൽ ക്ഷേത്രത്തിന് വേണ്ടി കൂടുതൽ സ്ഥലം വാങ്ങി. 1992-ൽ ചെമ്പിലുള്ള കൊടിമര പ്രതിഷ്ഠയും 1995-ൽ ശിവലിംഗ,നാഗദേവത പ്രതിഷ്ഠകളും നിർവഹിച്ചു. 1999-2000 കാലത്ത് മണ്ഡപവും ഗോപുരവും നിർമിച്ചു. 2011-ൽ ഒരു കോടി രൂപ മുടക്കി കൊടിമരവും താഴികക്കുടങ്ങളും സ്വർണംപൂശി.
കുറച്ചുകാലം മുൻപ് ശബരി ബിൽഡിങ് എന്ന പേരിൽ പാർപ്പിട സമുച്ചയം നിർമിച്ചു. പുതിയ ഓഫീസ് കെട്ടിട നിർമാണവും അന്നദാന ഹാളിന്റെ നവീകരണവും പൂജാ സ്റ്റോറിന്റെ വിപുലീകരണവുമാണ് കഴിഞ്ഞിടയ്ക്ക് പൂർത്തിയാക്കിയ വികസന പ്രവർത്തനങ്ങൾ.
ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ദേവി, നാഗദേവത എന്നീ ഉപദേവതപ്രതിഷ്ഠകളുമുണ്ട്. എല്ലാ വർഷവും സപ്താഹ യജ്ഞവും വർഷത്തിൽ രണ്ട് തവണ മൃത്യുഞ്ജയഹോമവും നടത്തുന്നു. രാമായണമാസത്തിൽ രാമായണപാരായണം, വിഷുവിന് വിശേഷാൽ പൂജയും കണിദർശനവും ഒരുക്കുന്നു. ശബരിമലയിൽ നടത്തുന്ന അതേദിവസം തന്നെ ഇവിടെയും നിറപുത്തരി ചടങ്ങുകൾ നടത്തുന്നു. നവരാത്രി ഉത്സവവും വിപുലമായി നടത്തുന്നതാണ് പതിവ്. പ്രത്യേകം സരസ്വതി മണ്ഡപം തയ്യാറാക്കിയായിരുന്നു ഇത്തവണ നവരാതി മഹോത്സവം നടത്തിയത്.
സുനിൽ കുമാർ രഘുനാഥൻ (പ്രസിഡന്റ്), കെ.രഘുനാഥൻ പിള്ള(വൈസ് പ്രസിഡന്റ്), ആർ.രാധാകൃഷ്ണൻ പിള്ള (സെക്രട്ടറി), ശങ്കരനാരായണൻ(ജോയിന്റ് സെക്രട്ടറി),വി.അനീഷ്കുമാർ(ട്രഷറർ), പി.രവീന്ദ്രൻ(ജോയിന്റ് ട്രഷറർ), എൻ.പി.മണി, ജെ.ഉദയകുമാർ, പി.എസ്.സന്തോഷ്, ആർ.വിജയൻ,കെ.രാമകൃഷ്ണൻ, എം.കെ.ശ്രീധരൻ, എസ്.മോഹൻകുമാർ, കെ.ടി.മുരളി, പി.എസ്.സുജിത്ത് വർമൻ, പി.എസ്.സജീവ്, വി.എം.ജയൻ, കെ.എസ്.സൂരജ്, എം.ശ്രീനിവാസൻ, എൻ.സുകുമാരൻ, നിഖിൽ സുരേഷ്, ആർ.പുഷ്പരാജൻ,ടി.ആർ.മനോജ്, എം.എം.രാജൻ, സി.ശിവശങ്കരൻ, എം.അച്യുതൻ(നിർവാഹക സമിതി അംഗങ്ങൾ) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സുരേഷ് നമ്പൂതിരിയും(മേൽശാന്തി) ഗോപാലകൃഷ്ണ ശർമയുമാണ് പൂജാരിമാർ. സുനിൽകുമാർ രഘുനാഥൻ, ആർ. രാധാകൃഷ്ണൻ പിള്ള, വി.അനീഷ്കുമാർ
Published: 29 Nov 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented