ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കി ആശ പ്രവർത്തകരുടെ സമരം. ഫ്രീഡം പാർക്കിലെ മൈതാനത്ത് പകൽസമയത്തെ വൻചൂടും രാത്രിയിലെ വൻ തണുപ്പും സഹിച്ച് ആശമാർ നടത്തുന്ന അനിശ്ചിതകാലസമരം വെള്ളിയാഴ്ച 11 ദിവസം പിന്നിട്ടു.

To advertise here,

സമരത്തിൽനിന്ന് പിൻമാറാൻ സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ തയ്യാറായിട്ടില്ല. പ്രതിമാസവേതനം 15,000 രൂപയാക്കി വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളെല്ലാം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും സർക്കാരിനെ വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെള്ളിയാഴ്ചയും ആവർത്തിച്ച് വ്യക്തമാക്കി.

 

പക്ഷേ, സമരം ശനിയാഴ്ചയും തുടരുമെന്ന് സമരക്കാർ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള ആശപ്രവർത്തകരാണ് ബെംഗളൂരുവിലെ സമരവേദിയിൽ എത്തിയിരിക്കുന്നത്.

സമരപ്പന്തലിൽ കുത്തിയിരുന്നും കിടന്നുറങ്ങിയും പ്രക്ഷോഭംതുടരുന്ന കാഴ്ചയാണ്.മധ്യവയസ്കരായ വനിതകളാണ് തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ സമരംചെയ്യുന്നത്.ഇവർ ദിവസങ്ങളായി വീട്ടിലേക്ക് മടങ്ങാതെ സമരത്തിൽ തുടരുകയാണെന്നും നേതാക്കൾ പറഞ്ഞു. ഭക്ഷണവും വെള്ളവും മറ്റും സമരവേദിയിൽ വിതരണംചെയ്യുന്നുണ്ട്. സമീപത്ത് ഏർപ്പെടുത്തിയിരിക്കുന്ന താത്‌കാലിക സൗകര്യത്തിലാണ് പ്രാഥമികകാര്യങ്ങൾ നിർവഹിക്കുന്നത്. എന്നിട്ടും സമരത്തിൽനിന്ന്‌ പിൻമാറാൻ ആരും തയ്യാറായിട്ടില്ല.

 

ആശമാർ സമരത്തിനിറങ്ങിയതോടെ ആരോഗ്യവകുപ്പിൽ ഇവർ ചെയ്യേണ്ട ജോലികൾ താറുമാറായി. ആശമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷകക്ഷികളായ ബി.ജെ.പി.യും ജെ.ഡി.എസും രംഗത്തെത്തി.

ചില സാംസ്കാരിക നേതാക്കളും ആശമാരെ പിന്തുണച്ച് രംഗത്തെത്തി. അടുത്തയാഴ്ച നിയമസഭയുടെ ശീതകാലസമ്മേളനം ആരംഭിക്കാനിരിക്കയാണ്. ആശമാരുടെ സമരം സമ്മേളനത്തെ ചൂടുപിടിപ്പിക്കുമെന്ന് ഉറപ്പാണ്.

 

ഇതോടെയാണ് ആശമാരെ സമരത്തിൽനിന്ന്‌ പിന്തിരിപ്പിക്കാൻ സർക്കാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.സമരത്തിൽനിന്നുപിൻമാറാതെ ആശമാർ സർക്കാരിനെ ബ്ലാക്‌മെയിൽ ചെയ്യുകയാണെന്ന് ഡി.കെ. ശിവകുമാർ കഴിഞ്ഞദിവസം ആരോപിച്ചെങ്കിലും അത് പ്രവർത്തകർ തള്ളി.കേന്ദ്രസർക്കാരിനെതിരേയാണ് സമരം ചെയ്യേണ്ടതെന്നും ശിവകുമാർ പറഞ്ഞിരുന്നു.