വിദ്വേഷപരാമർശവുമായി മുൻ ബി.ജെ.പി. എം.പി.

To advertise here,

കുടകിൽ മുഴുവൻ മലയാളികളുടെ തോന്നിവാസം- പ്രതാപ് സിംഹ

മൈസൂരു : മലയാളികൾ അതിക്രമിച്ചുകയറി കർണാടകത്തിന്റെ സംസ്കാരം നശിപ്പിക്കുന്നുവെന്ന വിദ്വേഷപരാമർശവുമായി മൈസൂരു മുൻ ബി.ജെ.പി. എം.പി. പ്രതാപ് സിംഹ. കുടകിൽനടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യവേയാണ് വിവാദപരാമർശമുണ്ടായത്.

‘‘മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നതല്ലാതെ മറുനാട്ടിലെത്തിയാൽ അത് കാണാനില്ല. അവരുടെ സംസ്ഥാനത്തിനുപുറത്ത് അഹങ്കാരത്തോടെയാണ് പെരുമാറുന്നത്. ഗുണ്ടൽപ്പേട്ടിന്റെ പകുതിയും മലയാളികൾ കൈയേറി. കുടകിൽ അവരുടെ തോന്നിവാസമാണ് നടക്കുന്നത്. കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ല’’ - സിംഹ ആരോപിച്ചു.

പരാമർശങ്ങൾക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതോടെ, കുടകിലെ കോൺഗ്രസ് നേതാക്കൾ മനഃപൂർവം തന്റെ പ്രസ്താവനകളെ വളച്ചൊടിക്കുകയായിരുന്നെന്ന് പ്രതാപ് സിംഹ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വിശദീകരിച്ചു. ‘‘ഞാൻ സംസാരിച്ചത് മലയാളിസമൂഹത്തെക്കുറിച്ചല്ല. മറിച്ച്, ഹിന്ദുസംസ്കാരത്തെ എതിർക്കുന്ന കള്ളന്മാരെയും സാമൂഹികവിരുദ്ധ ശക്തികളെയുംകുറിച്ചാണ്’’ -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വിനായകചതുർഥി ആഘോഷത്തിനിടെ സർക്കിൾ ഇൻസ്പെക്ടറെ കൈയേറ്റംചെയ്തതിനും ദളിത് വിരുദ്ധ പരാമർശം നടത്തിയതിനും സിംഹയുടെപേരിൽ കേസുകൾ നിലവിലുണ്ട്. ഇതിനിടെയാണ് വീണ്ടും വിവാദപരാമർശം.