സവാളയുടെയും ചെറിയുള്ളിയുടെയും വില കുതിച്ചുയർന്നു

To advertise here,

ബെംഗളൂരു : കർണാടകത്തിൽ ഉള്ളിക്ക് പൊള്ളും വില. സവാളയുടെയും ചെറിയുള്ളിയുടെയും വില സാധാരണക്കാർക്ക് താങ്ങാൻ പറ്റാതായി. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 250 രൂപ വരെയായാണ് ഉയർന്നത്. ദീപാവലി ദിവസങ്ങളിലാണ് വില കുതിച്ചുയർന്നത്. ഇപ്പോൾ കിലോയ്ക്ക് 200 രൂപ വരെയുണ്ട്. സവാള വില കിലോയ്ക്ക് 70 രൂപയിലെത്തി.

കർണാടകത്തിലെ പ്രളയവും അയൽസംസ്ഥാനങ്ങളിലുണ്ടായ പ്രളയവുമാണ് ഉള്ളിവില വർധിക്കാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത്തവണ ഉത്‌പാദനം പതിന്മടങ്ങ് കുറഞ്ഞതായി അവർ ചൂണ്ടിക്കാട്ടുന്നു. വിപണിയിലേക്ക് ഉള്ളിയെത്തുന്നത് കുറഞ്ഞതോടെ വില കുതിച്ചുയർന്നതായും അവർ പറയുന്നു. ചെറിയുള്ളിയുടേത് കഴിഞ്ഞ 18 വർഷത്തിനിടയിലുണ്ടായ ഏറ്റവുംവലിയ വിലയാണെന്നും അവർ പറഞ്ഞു. ഗുണനിലവാരം കണക്കിലെടുത്ത് 55 മുതൽ 100 രൂപ വരെയായിരുന്നു ഏതാനും ആഴ്ച മുമ്പുവരെ ചെറിയുള്ളിയുടെ വിപണി വില. സവാള 55 രൂപക്ക് ലഭ്യമായിരുന്നു.

ബെംഗളൂരുവിൽ ദിവസം ശരാശരി ആയിരം ടൺ സവാള കച്ചവടം ചെയ്യുന്നതായാണ് കണക്ക്. തമിഴ്‌നാട്ടിലെ കനത്ത മഴയിൽ ഉള്ളി നശിച്ചതാണ് വില കുതിച്ചുയരാൻ കാരണമെന്ന് പറയുന്നു. തമിഴ്‌നാട്ടിലെ നാമക്കലിൽനിന്നും പെരമ്പലൂരിൽനിന്നും കർണാടകത്തിലേക്ക് ഉള്ളിയെത്തുന്നുണ്ട്. ഹൊസൂർ വഴിയാണ് ഉള്ളി ബെംഗളൂരുവിലെത്തുന്നത്. ഡിസംബർ അവസാനത്തോടെ അടുത്ത വിളവെടുപ്പ് നടക്കുംവരെ ഉള്ളിവില ഉയർന്നുതന്നെ നിൽക്കുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്. ഉള്ളിവില വർധിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. സസ്യാഹാരത്തിലും സസ്യേതര ആഹാരത്തിലും ഒഴിച്ചുനിർത്താനാകാത്തതാണ് ഉള്ളി. കർണാടകത്തിൽ ബസ് ചാർജും പാൽവിലയും ഉൾപ്പെടെ വർധിപ്പിച്ച് ജീവിതച്ചെലവ് ഉയർന്നു പോകുന്നതിനിടെയാണ് ഉള്ളിവിലയും തൊട്ടാൽ പൊളളുന്നതായത്.