അടിമാലി: മദ്യം വാങ്ങിയ പണത്തിന്റെ വിഹിതമായ 50 രൂപയെ ചൊല്ലി ഉണ്ടായ വാക്ക് തർക്കത്തിനിെട സഹോദരിയുടെ മകനെ കഴുത്തുഞെരിച്ചു കൊന്നയാൾക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. മച്ചിപ്ലാവ് ചാറ്റുപാറക്കുടി ട്രൈബൽ സെറ്റിൽമെന്റിലെ രാജൻ(50)നെയാണ് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ലൈജുമോൾ ഷരീഫ് ശിക്ഷിച്ചത്.
അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ മച്ചിപ്ലാവ് ചാറ്റുപാറക്കുടി ട്രൈബൽ സെറ്റിൽമെൻ്റിൽ താമസിക്കുന്ന ശശി(28)യെയാണ് കൊലപ്പെടുത്തിയത്.
ചാറ്റുപാറ കുടിയിൽ 2017 ഡിസംബർ 13-നാണ് സംഭവം. രാത്രി ഒൻപതോടെ റോഡരികിലെ കലുങ്കിലിരുന്ന് ഇരുവരും മദ്യപിച്ചു. ഓട്ടോറിക്ഷക്കാരനിൽനിന്ന് കടം വാങ്ങിയ 500 രൂപ ഉപയോഗിച്ചാണ് മദ്യം വാങ്ങിയത്. മദ്യപാനത്തിനിടെ രാജൻ മദ്യം വാങ്ങിയതിന്റെ പകുതി പണം ആവശ്യപ്പെട്ടു. എന്നാൽ ശശി 200 രൂപയാണ് നൽകിയത്. ബാക്കിയുള്ള 50 രൂപയെ ചൊല്ലി ഇവിടെ വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ, അമ്മാവനായ രാജൻ ശശിയെ കൈവശം ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. മൃതദേഹം രാജൻ റോഡരികിലെ കലുങ്കിനടിയിൽ തള്ളി. പിറ്റേന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ശശിയുടെ മൃതദേഹം കണ്ടെത്തി. പോലീസിന്റെ പരിശോധനയിൽ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയ പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രാജനാണ് ശശിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവദിവസം രാത്രിയിൽ കലുങ്കിലിരുന്ന് ഇരുവരും മദ്യപിക്കുന്നത് കണ്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജനെ പോലീസ് ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് കേസിന് തുമ്പുണ്ടായത്.
അടിമാലി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന പി.കെ.സാബുവാണ് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.എസ്. അഭിലാഷ് ഹാജരായി.
കൊലയാളിക്ക് കുരുക്കായത് തോർത്ത്, അതിലെ ത്വക്ക്
: കലുങ്കിനടിയിൽ കണ്ടെത്തിയ മൃതദേഹം. കഴുത്തിൽ മുറുക്കിയതിന്റെ പാടുകൾ. കൊലപാതകമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിയിലേക്കെത്താൻ പോലീസിന് മുന്നിലുണ്ടായിരുന്നത് പരിമിതമായ സൂചനകൾ. ഒടുവിൽ അന്വേഷണത്തിന് വഴിത്തിരിവായത് പ്രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരുതോർത്ത്.
കൊല്ലപ്പെട്ടയാളുടെ ത്വക്കിന്റെ അംശം അതിലുണ്ടായിരുന്നു. അത് കൊലപാതകത്തിന്റെ നിർണായക തെളിവായി. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ പ്രതി രാജന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത് വെള്ളിയാഴ്ചയാണ്.
2017 ഡിസംബർ 13-ന് മച്ചിപ്ലാവ് ചാറ്റുപാറക്കുടിയിലായിരുന്നു സംഭവം. 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശശിയെ അമ്മാവനായ രാജൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കലുങ്കിനടിയിൽ തള്ളിയ രാജൻ സംഭവത്തിൽനിന്ന് രക്ഷപ്പെടാമെന്നു കരുതി. പിറ്റേന്ന് മൃതദേഹം കണ്ടെത്തിയതോടെ അടിമാലി പോലീസ് അന്വേഷണം തുടങ്ങി. കലുങ്കിൽനിന്ന് കാല് തെറ്റി വീഴതാകാമെന്ന കരുതിയെങ്കിലും കഴുത്തിലെ പാടുകളും പോസ്റ്റുമോർട്ടത്തിലെ ശ്വാസംമുട്ടി മരിച്ചെന്ന കണ്ടെത്തലും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി.
സംഭവരാത്രി ശശിയും രാജനും കലുങ്കിലിരുന്ന് മദ്യപിക്കുന്നത് കണ്ടവരുടെ മൊഴി അന്വേഷണത്തിൽ നിർണായകമായി. ഇതോടെ രാജനിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ചോദ്യം ചെയ്യലിൽ രാജൻ കുറ്റം സമ്മതിച്ചതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായി. കൊലപാതകത്തിന് ഉപയോഗിച്ച തോർത്ത് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി.
പോലീസ് വീട്ടിലെത്തി തോർത്ത് കണ്ടെടുത്തു. ഫൊറൻസിക് പരിശോധനയിൽ അതിൽനിന്ന് ശശിയുടെ തൊലിയുടെ അംശം കണ്ടെത്തി. കേസിൽ നിർണായക തെളിവായി മാറിയത് ഈ കണ്ടെത്തലായിരുന്നു. അന്നത്തെ അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സാബുവാണ് കേസിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.
അടുപ്പിച്ച് രണ്ട് വിധികൾ
വർഷങ്ങൾക്കിപ്പുറം കേസിൽ വിധി വന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പി.കെ. സാബുവിനും ഇത് നേട്ടത്തിന്റെ നിമിഷമായി. അദ്ദേഹം അന്വേഷിച്ച കേസുകളിൽ ഈ മാസം വിധിവരുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ് 11-നാണ് ഇദ്ദേഹം അന്വേഷിച്ച അടിമാലി സെലീന കേസിൽ വിധിവന്നത്.
Content Highlights: Rajan (50) sentenced to life imprisonment and fined Rs 1 lakh for murdering his nephew Shashi (28)., The murder took place on December 13, 2017, at Machipilavu Chattuparakkudi tribal settlement following a dispute over Rs 50., The victim was strangled using a towel, and forensic evidence of skin tissue on the towel proved crucial to the conviction., Adimali police cracked the case through witness testimonies and meticulous forensic investigation.
Published: 21 Nov 2026, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented