നാശനഷ്ടം ബോധ്യപ്പെടുത്താൻ സർക്കാർ

To advertise here,

ബെംഗളൂരു : കർണാടക നേരിടുന്ന കടുത്ത വരൾച്ചകാരണമുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച സംഘമെത്തി. കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അജിത് കുമാർ സാഹുവിന്റെ നേതൃത്തിലുള്ള സംഘമാണ് സംസ്ഥാനത്ത് സന്ദർശനം തുടങ്ങിയത്.

വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലെ മറ്റംഗങ്ങൾ. സംഘം മൂന്നായി തിരിഞ്ഞ് മൂന്നിടങ്ങളിലാണ് പര്യടനം നടത്തുന്നത്. ആദ്യ സംഘം തുമകൂരു, ചിത്രദുർഗ, ദാവണഗെരെ മേഖലയും രണ്ടാം സംഘം വടക്കൻ കർണാടക മേഖലയും മൂന്നാം സംഘം മൈസൂരു മേഖലയും സന്ദർശിക്കും.

ബെംഗളൂരുവിൽ ശനിയാഴ്ച രാവിലെ സംഘാംഗങ്ങൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യൂ വകുപ്പിന്റെകൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന വരൾച്ചാ സാഹചര്യം സംഘാംഗങ്ങളെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കൃഷ്ണയിലായിരുന്നു ചർച്ച. കർണാടകത്തിന് അർഹമായ വരൾച്ചാ സഹായധനം കേന്ദ്രത്തിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി.കെ. ശിവകുമാർ പിന്നീട് മൈസൂരുവിലെ പെരിയപട്ടണയിൽ പറഞ്ഞു. 150 വർഷത്തിനിടെ സംസ്ഥാനം നേരിടുന്ന ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ഇത്തവണത്തേതെന്നും പറഞ്ഞു. സംസ്ഥാനത്തെ 207 താലൂക്കുകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ

:കടുത്ത വരൾച്ചയെ നേരിടാൻ കർണാടകത്തിന് ആവശ്യമായ സഹായം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കർണാടക ആദ്യഘട്ടമായി ആവശ്യപ്പെട്ട 3,705.30 കോടി രൂപ ഉടൻ അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. 18,748.23 കോടി രൂപയുടെ നാശം കണക്കാക്കുമ്പോഴാണ് എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. വഴി ഇത്രയും തുക ആവശ്യപ്പെടുന്നത്. സെപ്റ്റംബർ വരെ സംസ്ഥാനത്ത് മഴയിൽ 58 ശതമാനം കുറവുണ്ടായതായി ചൂണ്ടിക്കാട്ടി.

വലിയരീതിയിൽ വിളനാശമുണ്ടായി. ലക്ഷക്കണക്കിന് കർഷകകുടുംബങ്ങളെ ഇത് ബാധിച്ചു.