വില പിടിച്ചുനിർത്താൻ സർക്കാർ നീക്കം
മുംബൈ : സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈജിപ്തിൽനിന്നുള്ള സവാള വിപണിയിലെത്തി. മഹാരാഷ്ട്രയിൽ സവാളയുടെ വില കിലോയ്ക്ക് 50 ആയി ഉയർന്നതോടെയാണ് വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യൻ ഉള്ളി വാഷി എ.പി.എം.സി.യിൽ എത്തിച്ചത്. ഇതിന്റെ വില കിലോയ്ക്ക് 38 രൂപയായിരിക്കും. ഏകദേശം 60 ടൺ ഈജിപ്ഷ്യൻ ഉള്ളി ഉൾക്കൊള്ളുന്ന രണ്ടു കണ്ടെയ്നറുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ചില്ലറ ഉപഭോക്താക്കളേക്കാൾ ഹോട്ടലുകളാണ് ഇറക്കുമതി സവാള കൂടുതലായും വാങ്ങുകയെന്ന് വ്യാപാരികൾ പറഞ്ഞു.
ഈജിപ്ഷ്യൻ ഉള്ളി നല്ലതുപോലെ ഉറച്ചതും വലുപ്പത്തിൽ ഒരുപോലെയുള്ളതും കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയുന്നതുമാണ്. അതിനാൽ ഹോട്ടലുകൾക്ക് അനുയോജ്യമാണിത്. ഇറക്കുമതി ചെയ്യുന്ന ചരക്കിന്റെ 80 ശതമാനവും മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹോട്ടലുകളാണ് വാങ്ങുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. കൂടുതൽ ഇറക്കുമതി സവാള വിപണിയിലെത്തിയാൽ വിലകുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 400 കണ്ടെയ്നറുകൾകൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് മഹാരാഷ്ട്രയിലെ ഉള്ളിയുടെ ലഭ്യത വർധിപ്പിക്കുകയും വിലകുറയാൻ കാരണമാവുകയും ചെയ്യുമെന്ന് എ.പി.എം.സി. വ്യാപാരികൾ പറഞ്ഞു.
അതേസമയം, ഡിസംബറിൽ ഖാരിഫ് വിളവെടുപ്പ് നടക്കാനിരിക്കെ വിലകുറഞ്ഞ ഇറക്കുമതി സവാള കമ്പോളത്തിലെത്തുന്നത് ഉള്ളിക്കർഷകരെ ആശങ്കാകുലരാക്കുന്നു. സ്വാഭിമാനി ഷേത്കാരി സംഘടനാ പ്രസിഡന്റ് രാജു ഷെട്ടി ഇറക്കുമതിയെ എതിർത്തു. ഏകദേശം 400 കണ്ടെയ്നറുകൾ തുറമുഖത്തേക്ക് എത്തുന്നണ്ടെന്നും അവ വിപണിയിൽ പ്രവേശിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഈ ഉള്ളി വിപണിയിലെത്തിയാൽ വില വീണ്ടും ഇടിയുകയും കർഷകർ ഇപ്പോൾ നേടിയെടുക്കാൻ തുടങ്ങിയ നേട്ടങ്ങൾ ഇല്ലാതാക്കുകയും ചെയ്യും’- ഷെട്ടി പറഞ്ഞു.
Published: 04 Oct 2026, 12:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented