മുംബൈ : കാലം നേരിടുന്ന സമസ്യകൾ മറികടക്കാൻ ഗുരുദേവ ദർശനം വഴി സാധ്യമാകുമെന്ന് കേരള തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

To advertise here,

മനുഷ്യരെ ഒരുമിച്ച് ചേർത്തുകൊണ്ട് പാരസ്പര്യത്തിന്റെ ഏറ്റവും വലിയ ഉദാത്തമായ ഉദാഹരണങ്ങളായി ശ്രീനാരായണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത് ഏറ്റവും സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണ ധർമപരിപാലന യോഗം മുംബൈ താനെ യൂണിയന്റെയും അനുബന്ധ സംഘടനകളുടെയും ഗുരുജയന്തി-ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ.

ഗുരുദേവ ജയന്തിയുടെയും ഓണത്തിന്റെയും സന്ദേശം ഒന്നുതന്നെയാണെന്ന് മുഖ്യാതിഥിയായ മന്ത്രി എം. ലിജു പറഞ്ഞു.

മനുഷ്യരെ വേർതിരിച്ച് പരസ്പരം കാണുന്നതും സ്പർശിക്കുന്നതും എന്തിനേറെ ദൂരെനിന്ന് അവരുടെ ശ്വാസംപോലും വരരുത് എന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ ഗുരുദേവൻ ഈ മാമൂലുകളെയാണ് ഒന്നടങ്കം തകർത്തെറിഞ്ഞത്. അദ്ദേഹം സ്വന്തം ശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് വിപ്ലവമാണ് കേരള സമൂഹത്തിൽ നടത്തിയത്. അവിടെ അദ്ദേഹം മുന്നോട്ടുവെച്ചത് തുല്യത എന്ന ആശയമാണ്. ഓണത്തിന്റെ സന്ദേശവും അതുതന്നെയാണെന്ന് മന്ത്രി ലിജു പറഞ്ഞു.

നവിമുംബൈയുടെ വികസനത്തിന് കേരളീയർ നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് പറഞ്ഞു. കേന്ദ്ര ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് വൈ. നായിക്, ഫാദർ ആഷ്‌ലി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തി.

യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ സ്വാഗതം പറഞ്ഞു.

വിവിധ മേഖലകളിലെ പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു. ഗുരുധർമ പ്രചാരകയും എഴുത്തുകാരിയുമായ നിർമലാ മോഹനെ യൂണിയൻ ഏർപ്പെടുത്തിയ ഗുരു ചൈതന്യ പുരസ്‌കാരം നൽകി ആദരിച്ചു. കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.സി, എച്ച്.എസ്.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി അനുമോദിച്ചു. ചതയ-ഓണ സദ്യയും നടന്നു.