മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ 8-ാം പതിപ്പിനും സാംസ്‌കാരികോത്സവത്തിനും തിരി തെളിഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനും എഴുത്തുകാരനുമായ പ്രകാശ് രാജ് പുസ്തകോത്സവത്തിന്റെയും സാംസ്‌കാരികോത്സവത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

To advertise here,

ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യനെ നവീകരിക്കുകയും ഉയര്‍ന്ന ചിന്തയിലേക്കു നയിക്കുകയും ചെയ്യുന്ന അത്ഭുതമാണ് പുസ്തകങ്ങള്‍ എന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ പ്രകാശ് രാജ് പറഞ്ഞു. ഡി.സി.ബുക്‌സ് ഉടമയും പുസ്തകമേളയുടെ സംഘാടകരില്‍ ഒരാളുമായ രവി ഡി.സി ചടങ്ങില്‍ പങ്കെടുക്കുകയും ഡി.സി ബുക്‌സിന്റെ നാല്പത്തിയാറാം വാര്‍ഷികത്തിന്റെ ഭാഗമായി ആയിരം ദിനാര്‍ വിലയുള്ള പുസ്തകങ്ങള്‍ സമാജം ലൈബ്രറിക്ക് കൈമാറുകയും ചെയ്തു. ബഹ്‌റൈനിലെ നൃത്തസംവിധായകര്‍ അണിയിച്ചൊരുക്കിയ നൃത്താവിഷ്‌കാരങ്ങളോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. 

സമാജം ആക്ടിംഗ് ജനറല്‍ സെക്രട്ടറി മഹേഷ് പിള്ള സ്വാഗതം ആശംസിച്ച ചടങ്ങില്‍ പുസ്തകമേളയുടെ ജനറല്‍ കണ്‍വീനര്‍ ഹരീഷ് നായര്‍ മേളയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍.ആര്‍.നായര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഉദ്ഘാടനാനന്തരം പ്രകാശ് രാജുമായുള്ള മുഖാമുഖവും നടന്നു. പ്രകാശ് രാജ് രചിച്ച '' നമ്മെ വിഴുങ്ങുന്ന മൗനം'' എന്ന പുസ്തകം അദ്ദേഹത്തിന്റെ കയ്യൊപ്പോടെ വാങ്ങാനുള്ള അവസരവും ഒരുക്കിയിരുന്നു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും സമാജം വനിതാ വേദി അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ജനുവരിയില്‍ നടത്തുന്ന 'വൗ മാം' എന്ന മത്സര പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് പ്രകാശ് രാജ് നിര്‍വ്വഹിച്ചു. 

കുട്ടികള്‍ക്കായുള്ള 2500 ല്‍ അധികം ഇംഗ്ലീഷ് മലയാളം പുസ്തകങ്ങള്‍ ഉള്‍പ്പടെ 6000 ത്തില്‍ അധികം ശീര്‍ഷകങ്ങളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പുസ്തകമേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു. പ്രശസ്ത കഥാകൃത്തായ അനന്തപത്മനാഭന്‍, യുവ എഴുത്തുകാരില്‍ ശ്രദ്ധേയരായ അഖില്‍ പി. ധര്‍മ്മജന്‍, ലതീഷ് കുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍, ചലച്ചിത്ര താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത്, സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ.സൗമ്യ സരിന്‍ തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ അതിഥികളായി എത്തും. 

മലയാള പാഠശാലയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് കഥ പറയാനും കഥ കേള്‍ക്കാനുമായി 'ഒരിടത്തൊരിടത്തൊരിടത്ത്...' എന്ന കഥാവേദി, വിവിധ കലാപരിപാടികള്‍, ചിത്രകലാ പ്രദര്‍ശനം, ഫോട്ടോഗ്രാഫി പ്രദര്‍ശനം, ഭാഷാ മത്സരങ്ങള്‍, സ്‌പോട്ട് ക്വിസ്, ഫുഡ് സ്റ്റാളുകള്‍ എന്നിവയും പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.